ബ്രാ ധരിച്ചില്ലെങ്കിൽ പരീക്ഷയെഴുതണ്ട, വിദ്യാർത്ഥിനികളുടെ ദേഹപരിശോധന; നൈജീരിയൻ സർവകലാശാലയിൽ പ്രതിഷേധം

Published : Jun 19, 2025, 10:09 PM IST
Representative image

Synopsis

വീഡിയോയിൽ, പരീക്ഷാഹാളിൽ പ്രവേശിക്കാൻ വരിയിൽ നിൽക്കുന്ന വിദ്യാർത്ഥിനികളുടെ നെഞ്ചിൽ വനിതാ ജീവനക്കാർ സ്പർശിക്കുന്നത് കാണാം. 

പരീക്ഷാഹാളിൽ എത്തുന്ന വിദ്യാർത്ഥിനികളുടെ ദേഹ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ സമീപകാലങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ നൈജീരിയയിലെ ഒരു സർവ്വകലാശാലക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നിരിക്കുകയാണ്.

ഇവിടെ പരീക്ഷയ്ക്ക് മുൻപായി സർവകലാശാല അധികൃതർ വിദ്യാർത്ഥിനികളുടെ ബ്രാ പരിശോധന നടത്തിയതാണ് വലിയ വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയ ഈ സംഭവം തെക്കുപടിഞ്ഞാറൻ ഒഗുൻ സംസ്ഥാനത്തെ ഒലാബിസി ഒനബാൻജോ സർവകലാശാലയിൽ (OOU) നിന്നാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പരീക്ഷാഹാളിൽ പ്രവേശിക്കാൻ വരിയിൽ നിൽക്കുന്ന വിദ്യാർത്ഥിനികളുടെ നെഞ്ചിൽ വനിതാ ജീവനക്കാർ സ്പർശിക്കുന്നത് കാണാം. വിദ്യാർത്ഥിനികൾ ബ്രാ ധരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ആരോപണം.

ബ്രാ ധരിക്കാത്ത വിദ്യാർത്ഥിനികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കേണ്ട എന്നതാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുള്ള നിർദ്ദേശം.

എന്നാൽ, ദൃശ്യങ്ങൾ സംബന്ധിച്ച് സർവകലാശാല ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാൽ, ഈ പ്രവൃത്തിക്ക് സർവകലാശാല അധികൃതർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹ്യൂമൻ റൈറ്റ്സ് നെറ്റ്‌വർക്കിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഹരുണ അയാഗി ബിബിസിയോട് സംസാരിക്കവേ വ്യക്തമാക്കി.

മറ്റൊരാളുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നത് നിയമലംഘനമാണന്നും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സർവകലാശാല സ്വീകരിച്ച ഈ നടപടി തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ പ്രതിഷേധത്തിന് മറുപടിയുമായി രംഗത്തെത്തിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മുയിസ് ഒലാതുഞ്ചി പ്രതികരിച്ചത് സ്ഥാപനങ്ങളുടെ മൂല്യങ്ങൾക്ക് അനുസൃതമായി മാന്യമായി വസ്ത്രം ധരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് എന്നാണ്. ഇതൊരു പുതിയ കാര്യമല്ല എന്നും ഈ നയം വളരെ കാലമായി നിലനിൽക്കുന്നതാണെന്നും മുയിസ് ഒലാതുഞ്ചി കൂട്ടിച്ചേർത്തു.

1982-ൽ ഒഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന പേരിൽ സ്ഥാപിതമായ ഈ സ്ഥാപനം 2001-ൽ ആണ് മുൻ സംസ്ഥാന ഗവർണർ ഒലബിസി ഒനബാൻജോയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടത്. ഇപ്പോൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ, സ്വകാര്യത, ലിം​ഗവിവേചനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് ഇവിടെ നിന്നും ഉയർന്നു വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ