
ബെംഗളൂരു നഗരത്തിൽ നിന്നുള്ള വ്യത്യസ്തമായ അനുഭവങ്ങൾ പലരും റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു യുവതി കുറിച്ച അനുഭവമാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ഇന്ദിരാ നഗറിൽ വച്ച് രാത്രിയിലാണ് യുവതിക്ക് ഈ അനുഭവം ഉണ്ടാകുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണത്രെ യുവതി ഒരു ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി ബെംഗളൂരു നഗരത്തിൽ എത്തുന്നത്. നഗരത്തിൽ വച്ച് ഒരു ദിവസം യുവതിയുടെ ഫോൺ പ്രവർത്തിക്കാതായി. സമയം രാത്രിയാണ്. എന്തു ചെയ്യണം എന്നറിയാതെ അവർ ആകെ കുഴങ്ങിപ്പോയി.
“ഞാനും എന്റെ സുഹൃത്തും ഡിന്നർ കഴിക്കാനായി ഇന്ദിരാനഗറിലെ ട്രഫിൾസിൽ പോയതാണ്. മടക്കയാത്രയിൽ ഞങ്ങൾ യുലു ബൈക്കുകളാണ് എടുത്തത്. എന്നാൽ, എൻ്റെ യുലുവിന് 13-15 കിലോമീറ്റർ റേഞ്ച് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്റെ ഫോണിനാവട്ടെ 30-40% ബാറ്ററിയിൽ സ്വിച്ച് ഓഫ് ആകുന്ന പ്രശ്‌നവുമുണ്ട്” യുവതിയുടെ പോസ്റ്റിൽ പറയുന്നു.
'രാത്രി 10:30 ഓടെ, റോഡിൻ്റെ നടുക്കുവെച്ച് എൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയി. എനിക്കാണെങ്കിൽ പോകേണ്ടുന്ന വഴിയും അറിയില്ല. അടുത്ത് സ്കൂട്ടറിൽ ഒരു അങ്കിൾ ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് എച്ച്‍എസ്ആർ ലേഔട്ടിലേക്കുള്ള വഴി ചോദിച്ചു. അദ്ദേഹം ശരിക്കും ഫ്രണ്ട്ലി ആയിരുന്നു. എനിക്ക് പോകാനുള്ള വഴി പറഞ്ഞുതന്നു. ഞാൻ എൻ്റെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ചാർജിംഗ് കേബിൾ എടുത്ത് അദ്ദേഹത്തിന്റെ സ്കൂട്ടറിൽ നിന്ന് എൻ്റെ ഫോൺ ചാർജ് ചെയ്യാൻ വരെ നോക്കി' എന്നും യുവതി പറയുന്നു.
പക്ഷേ, അതിൽ നിന്നും ഫോൺ ചാർജ്ജായില്ല. പിന്നീട്, അദ്ദേഹം അഡാപ്റ്ററും നൽകി. അതും ചാർജ്ജ് ചെയ്യാനാവാതെ വന്നതോടെ, അദ്ദേഹം പറഞ്ഞത്, 'മോളേ ഇത് കയ്യിൽ വെച്ചോളൂ. വേറെ എവിടെ നിന്നെങ്കിലും ചാർജ്ജ് ചെയ്തോളൂ. നാളെ മോളുടെ ഓഫീസിൽ വന്ന് ഞാനിത് വാങ്ങിക്കോളാം' എന്നാണ് എന്നും യുവതി കുറിക്കുന്നു.
അങ്ങനെ അടുത്തുള്ള ദോശക്കടയിൽ ചെന്ന് യുവതി അവളുടെ ഫോൺ ചാർജ്ജ് ചെയ്തു. പിന്നീട്, അവളുടെ താമസസ്ഥലത്ത് സുരക്ഷിതയായി എത്തി. ആ അപരിചിതനായ അങ്കിളിനും ദോശ കടയിലുള്ളവർക്കും നന്ദി പറഞ്ഞാണ് അവൾ പോസ്റ്റ് അവസാനിപ്പിക്കുന്നത്. താൻ പുതിയതായിട്ടും ഈ നഗരം തന്നെ ഊഷ്മളമായി സ്വീകരിച്ചു എന്നാണ് യുവതി പറയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇതുപോലെ മനോഹരമായ അനുഭവങ്ങളുള്ള പലരുമുണ്ട് എന്നാണ് കമന്റിൽ നിന്നും മനസിലാവുന്നത്.
(ചിത്രം പ്രതീകാത്മകം)
124 -ലും ചുറുചുറുക്ക്, ആരോഗ്യത്തോടെയുള്ള ജീവിതം, ദീർഘായുസ്സിന്റെ കാരണം ഇതാണത്രെ