Latest Videos

'ഫേഷ്യൽ റെക്ക​ഗ്‍നിഷൻ സ്കാ‍നി'ൽ സാമ്യം, നിരപരാധിയായ കറുത്ത വർ​ഗക്കാരൻ ജയിലിൽ...

By Web TeamFirst Published May 4, 2021, 11:49 AM IST
Highlights

ആ വ്യാജ ഐഡിയിലെ മുഖവുമായി തന്‍റെ മകന് യാതൊരു സാമ്യവും ഇല്ല എന്ന് പാര്‍ക്സിന്‍റെ അമ്മ പറയുന്നു. 'എല്ലാ കറുത്ത വര്‍ഗക്കാരും കാണാന്‍ ഒരുപോലെയാണ് എന്ന് പറയാറുണ്ട്. എന്‍റെ മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ആദ്യം എന്‍റെ മനസിലേക്ക് വന്നത് അതാണ്' അവര്‍ പറയുന്നു. 

2019 ഫെബ്രുവരിയിലാണ്... നിജീര്‍ പാര്‍ക്ക്സ് എന്ന ആ കറുത്ത വര്‍ഗക്കാരനായ 31 -കാരന് മുത്തശ്ശിയുടെ ഒരു ഫോണ്‍ വന്നു. അവര്‍ വളരെ പരിഭ്രാന്തിയോടെയാണ് അവനെ വിളിച്ചത്. കാരണം, പാർക്സിനെ തേടി അവരുടെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നു. അതെന്തിനാവും എന്ന് പാര്‍ക്സ് ഒന്ന് അമ്പരന്നു. നേരത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില കേസുകളും മറ്റും ഉണ്ടായിരുന്നുവെങ്കിലും ജയില്‍ മോചിതനായ ശേഷം പഴയ ജീവിതമെല്ലാം ഉപേക്ഷിച്ച് കാര്‍പെന്‍ററായി ജോലി ചെയ്‍തുകൊണ്ട് സ്വസ്ഥവും സമാധാനവുമായി ഒരു പുതിയ ജീവിതം നയിക്കുകയായിരുന്നു പാര്‍ക്സ്. 

ഏതായാലും മുത്തശ്ശിയുടെ ഫോണ്‍ വന്നതോടെ പാര്‍ക്സ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. അദ്ദേഹത്തിന്‍റെ കയ്യില്‍ സെക്യൂരിറ്റി കാര്‍ഡും ഐഡി കാര്‍ഡും ഉണ്ടായിരുന്നു. പൊലീസിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതെല്ലാം ദുരീകരിച്ച് തിരികെ പൊവാൻ തയ്യാറായി നില്‍ക്കുകയായിരുന്നു പാര്‍ക്സ്. എന്നാല്‍, ക്ലര്‍ക്കിനോട് സംസാരിച്ചു കൊണ്ടിരിക്കെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി. പാര്‍ക്സിനോട് കൈ പിന്നിലോട്ട് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം പറഞ്ഞു, 'യൂ ആര്‍ അണ്ടര്‍ അറസ്റ്റ്'. 

പാര്‍ക്സിനെതിരെ അവര്‍ ആരോപിച്ചിരുന്ന കുറ്റങ്ങളും ചില്ലറയായിരുന്നില്ല. ആക്രമണം, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കൽ, വ്യാജ ഐഡി ഉപയോഗിക്കല്‍, കഞ്ചാവ് കൈവശം വയ്ക്കൽ, കട കൊള്ളയടിക്കൽ, കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലം വിടുക, അറസ്റ്റിനെ പ്രതിരോധിക്കുക. അതിനെല്ലാം ഉപരിയായി, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ദേഹത്ത് കാറിടിപ്പിക്കാന്‍ തുനിയുക എന്നിവയെല്ലാം ആയിരുന്നു കുറ്റങ്ങള്‍. 

11 ദിവസമാണ് പാര്‍ക്സ് ജയിലില്‍ കഴിഞ്ഞത്. അതിനുശേഷമാണ് തനിക്ക് നേരെയുള്ള തെളിവ് എന്താണ് എന്ന് പാര്‍ക്സ് മനസിലാക്കുന്നത്. കുറ്റം നടന്ന സ്ഥലത്ത് നിന്നും കിട്ടിയ ഒരു വ്യാജ ഐഡി കാര്‍ഡിലെ മുഖം ഫേഷ്യൽ റെക്ക​ഗ്‍നിഷൻ സ്കാൻ വഴി പരിശോധിച്ചപ്പോൾ പാര്‍ക്സിന്‍റെ മുഖവുമായി വളരെയധികം സാദൃശ്യമുണ്ടായിരുന്നു. അതോടെ, ജഡ്‍ജും പ്രൊസിക്യൂട്ടര്‍മാരും പാര്‍ക്സിനെതിരെ ഒപ്പുവച്ചു. ഇതേ തുടര്‍ന്ന് പാര്‍ക്സിന് ജയിലില്‍ കഴിയേണ്ടി വരികയും ഒരു വർഷത്തോളം നിയമപോരാട്ടം നടത്തുകയും ചെയ്യേണ്ടി വന്നു. 

ഫേഷ്യല്‍ റെക്കഗ്‍നിഷന്‍ സ്‍കാന്‍ ഇന്ന് പല രാജ്യങ്ങളിലും വലിയ തോതില്‍ കുറ്റം തെളിയിക്കാനുപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇരുണ്ട നിറമുള്ള ആളുകളുടെ കാര്യത്തില്‍ ഇവ പലപ്പോഴും തെറ്റായ നിഗമനങ്ങളിലെത്താറുമുണ്ട്. അതുപോലെ തന്നെ മറ്റ് തെളിവുകള്‍ നോക്കാനോ കൂടുതല്‍ അന്വേഷണം നടത്താനോ മെനക്കെടാറില്ല. 

2019 ജനുവരി 26 -ന് ന്യൂജേഴ്സിയിലെ വുഡ്ബ്രിഡ്‍ജിലെ ഹാംപ്‍ടണിലാണ് പാര്‍ക്ക്സിന് നേരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം നടന്നത്. ഒരു കടയില്‍ മോഷണം നടന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് അവിടെയെത്തിയത്. പ്രതിയെന്ന് സംശയിച്ച ആളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഒരു ഡ്രൈവേഴ്സ് ലൈസന്‍സാണ് നല്‍കിയത്. അത് പരിശോധിച്ചപ്പോള്‍ പൊലീസിന് അത് വ്യാജമാണ് എന്ന് മനസിലായി. അപ്പോഴേക്കും അയാള്‍ ഹോട്ടലിന് പുറത്തേക്ക് ഓടി. ഒരു കാറെടുത്ത് അടുത്തുള്ള തൂണുകളും പൊലീസ് വാഹനവും ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരു ഓഫീസറെയും ഇടിച്ച് തെറിപ്പിക്കേണ്ടതായിരുന്നു. 

രണ്ട് ദൃക്സാക്ഷികള്‍ തങ്ങള്‍ കണ്ട ആള്‍ക്ക് ആ വ്യാജ ഐഡി കാര്‍ഡിലെ ആളുടെ മുഖവുമായി സാമ്യമുണ്ട് എന്നും പറഞ്ഞു. പൊലീസ് ആ ചിത്രം ഫേഷ്യല്‍ റെക്കഗ്‍നിഷന്‍ സ്‍കാനിംഗിന് അയച്ചു. അത് സാമ്യം പുലര്‍ത്തിയതാകട്ടെ പാര്‍ക്സിന്‍റെ മുഖവുമായും. ഇന്നും ആ ചിത്രം എവിടെ നിന്നുവന്നുവെന്ന് പാര്‍ക്സിനോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ അറിയില്ല. ഏതായാലും സാമ്യം കണ്ടതോടെ പാര്‍ക്സിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 

ആ വ്യാജ ഐഡിയിലെ മുഖവുമായി തന്‍റെ മകന് യാതൊരു സാമ്യവും ഇല്ല എന്ന് പാര്‍ക്സിന്‍റെ അമ്മ പറയുന്നു. 'എല്ലാ കറുത്ത വര്‍ഗക്കാരും കാണാന്‍ ഒരുപോലെയാണ് എന്ന് പറയാറുണ്ട്. എന്‍റെ മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ആദ്യം എന്‍റെ മനസിലേക്ക് വന്നത് അതാണ്' അവര്‍ പറയുന്നു. 

ആ ഐഡി കാര്‍ഡിലെ മനുഷ്യന്‍ കമ്മലിട്ടിരിക്കുന്നത് കാണാം. താനൊരിക്കലും കാതില്‍ തുളയിട്ടിട്ടില്ല എന്ന് പാര്‍ക്സും പറയുന്നു. ക്രൈം നടന്നു എന്ന് പൊലീസ് പറയുന്ന സമയത്ത് പാര്‍ക്സ് അവിടെ നിന്നും 30 മൈല്‍ അകലെ ആയിരുന്നു. തന്‍റെ ഭാവിവധുവിന് പണം അയച്ചു കൊടുക്കുകയായിരുന്നു അപ്പോള്‍ പാര്‍ക്സ്. അത് സത്യമാണ് എന്ന് തെളിയിക്കുന്ന രസീതും പാര്‍ക്സ് സമര്‍പ്പിച്ചുവെങ്കിലും അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷമെടുത്തു. ഇപ്പോഴും, യഥാര്‍ത്ഥ കുറ്റവാളി പിടിക്കപ്പെട്ടിട്ടില്ല. 

എന്നാല്‍, നിരപരാധിയായ തന്നെ ജയിലിലാക്കിയതിന് ഒരാള്‍ പോലും ക്ഷമാപണം നടത്തിയിട്ടില്ല എന്നും പാര്‍ക്സ് പറയുന്നു. അറസ്റ്റ് ചെയ്യുന്നത് വഴി തന്‍റെ പൗരാവകാശം ലംഘിക്കപ്പെട്ടുവെന്നും തനിക്ക് ഒരുപാട് മാനസികപ്രയാസം വരുത്തിവച്ചുവെന്നും പാര്‍ക്സ് പറയുന്നു. 'പൊലീസിനെ കാണുമ്പോള്‍ ഇപ്പോള്‍ തനിക്ക് ഭയമാണ്. കാരണം, അവര്‍ക്ക് നമ്മളെ എപ്പോ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. നാം ഒരു തെറ്റും ചെയ്‍തിട്ടില്ലെങ്കില്‍ കൂടിയും. നമുക്കതിലൊന്നും ചെയ്യാനാവില്ല' എന്നും പാര്‍ക്സ് പറയുന്നു. 

click me!