ഇന്ന് സൈക്കിള്‍ ദിനം; ഇതാ ഇന്ത്യയിലെ ആദ്യത്തെ 'ബൈസിക്കിള്‍ മേയര്‍'

By Web TeamFirst Published Jun 3, 2019, 3:46 PM IST
Highlights

പിന്നീട് സൈക്കിളിങ് സിറ്റീസ് നിരവധി പരിപാടികള്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നഗരത്തില്‍ നടപ്പിലാക്കി. 2016 -ലാണ് നികിതയുടെ തന്നെ ഓഫീസില്‍ 'ട്രിങ്ങ്' എന്ന പ്രൊജക്ട് നടപ്പിലാക്കുന്നത്. 

സൈക്കിളിലുള്ള യാത്ര മലിനീകരണത്തെ തടയും. മാത്രമാണോ? അല്ല ആരോഗ്യവും സംരക്ഷിക്കും. ഓഫീസിലേക്ക് സൈക്കിള്‍ ചവിട്ടി പോവുന്നത് പെട്രോളടിക്കാനുള്ള കാശ് ലാഭിച്ചു തരുമെന്ന് മാത്രമല്ല, അത് നല്ലൊരു വ്യായാമം കൂടിയാണ്. 

നികിത ലാല്‍വാനി, ഇന്ത്യയിലെ ആദ്യത്തെ 'സൈക്കിള്‍ മേയര്‍' എന്ന് അറിയപ്പെടുന്ന ആളാണ്. എങ്ങനെ നികിതയ്ക്ക് ഇങ്ങനെയൊരു പദവി കിട്ടിയെന്നല്ലേ? ആ കഥ ഇങ്ങനെയാണ്. ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറാണ് രാജസ്ഥാന്‍കാരി നികിത. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ജോലി സ്ഥലത്തേക്ക് പോകണമെങ്കില്‍ മറ്റ് വാഹനസൗകര്യങ്ങളൊന്നുമില്ല. അങ്ങനെയാണ്, സൈക്കിളില്‍ പോകാമെന്ന് നികിത തീരുമാനിക്കുന്നത്. നാല് കിലോമീറ്ററോളം ദൂരം അതിനായി നികിത സൈക്കിള്‍ ചവിട്ടി. ഒരു മാസമായിരുന്നു അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

ഏതായാലും നികിതയുടെ യാത്ര സൈക്കിളിലായതോടെ, അവളുടെ സീനിയേഴ്സ് അടക്കം പലരും സൈക്കിളിലായി യാത്ര. അതിനിടെയാണ് 2014 -ല്‍ നികിത ജര്‍മ്മനി സന്ദര്‍ശിക്കുന്നത്. അവിടെ ജനസംഖ്യയില്‍ ഒരു വലിയ വിഭാഗം യാത്രക്കായി സൈക്കിളാണുപയോഗിക്കുന്നതെന്ന് അന്നാണ് അവള്‍ മനസിലാക്കുന്നത്. 


സൈക്കിളിങ്ങിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാകട്ടെ അത് നല്‍കുന്ന ആത്മവിശ്വാസമടക്കമുള്ള കാര്യത്തില്‍ ഒരു ധാരണ കിട്ടി നികിതക്ക്. അങ്ങനെയാണ് 'സൈക്ക്ലിങ്ങ് സിറ്റീസ്' എന്ന ആശയം 2015 -ലുണ്ടാകുന്നത്. 2030 ആകുന്നതോടു കൂടി നഗരത്തിലെ ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം ആളുകളെങ്കിലും യാത്ര ചെയ്യാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ പല നഗരങ്ങളില്‍ നിന്നും ഇതിന് പിന്തുണ കിട്ടി. ഫണ്ട് കണ്ടെത്തിയതെല്ലാം നികിത തന്നെയായിരുന്നു. 

പിന്നീട് സൈക്കിളിങ് സിറ്റീസ് നിരവധി പരിപാടികള്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നഗരത്തില്‍ നടപ്പിലാക്കി. 2016 -ലാണ് നികിതയുടെ തന്നെ ഓഫീസില്‍ 'ട്രിങ്ങ്' എന്ന പ്രൊജക്ട് നടപ്പിലാക്കുന്നത്. അതിന് തുടക്കമെന്ന നിലയില്‍ വാടകക്ക് സൈക്കിള്‍, ഹെല്‍മെറ്റ് എന്നിവയെല്ലാം ലഭ്യമാക്കി. ഇതിനുശേഷം അടുത്തുള്ള മറ്റ് ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്, 'ബറോഡ ബൈ സൈക്കിള്‍' തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. 

നികിതയുടെ ഈ പ്രവര്‍ത്തനങ്ങള്‍ 2017 -ല്‍ നികിതയെ 'ബൈസിക്കിള്‍ മേയര്‍ ഓഫ് ബറോഡ' എന്ന വിശേഷണത്തിനര്‍ഹയാക്കി. ഇങ്ങനെയൊരു പദവി കിട്ടുന്ന ആദ്യ ഇന്ത്യക്കാരിയാണ് നികിത. 

ബൈസിക്കിള്‍ മേയര്‍ പ്രോഗ്രാമിന്‍റെ പ്രധാന ലക്ഷ്യം, സൈക്കിളുപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, കുറച്ച് വര്‍ഷങ്ങള്‍ കഴിയുന്നതോടു കൂടി ഗതാഗതത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി സൈക്കിളിനെ മാറ്റുക തുടങ്ങിയവയൊക്കെയാണ്. വിവിധ രാജ്യങ്ങളിലെ ബൈസിക്കിള്‍ മേയര്‍ സമ്മേളനങ്ങളിലും ഇതിന്‍റെ ഭാഗമായി നികിത പങ്കെടുത്തു. അവിടെ നിന്ന് ലഭിച്ച വിവരങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ ശ്രമിക്കുന്നു നികിത. ആരോഗ്യത്തിനും അന്തരീക്ഷ മലിനീകരണമില്ലാതിരിക്കാനും സൈക്കിളുപയോഗിക്കുന്നത് എത്രമാത്രം സഹായിക്കുമെന്ന് എല്ലാവരേയും അറിയിക്കുക, സൈക്കിളിങ് പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് നികിതയുടെ ലക്ഷ്യം. 


 

click me!