ഇങ്ങനെ പ്രേമത്തില്‍ പെടുന്ന സ്ത്രീകളുടെ മനഃശാസ്ത്രമെന്താണ്...?

Published : Jun 03, 2019, 12:34 PM IST
ഇങ്ങനെ പ്രേമത്തില്‍ പെടുന്ന സ്ത്രീകളുടെ മനഃശാസ്ത്രമെന്താണ്...?

Synopsis

ഒടുവിൽ ബണ്ടി തന്റെ ആരാധകരിൽ ഒരാളുമായി വിവാഹിതനുമായി, വിചാരണ കഴിഞ്ഞ് ഒടുവിൽ വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് അയാളെ ഭരണകൂടം വധശിക്ഷയ്ക്കു വിധേയനാക്കുന്നതിന് മുമ്പ്.. 

എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് കൊലയാളികളെ, ബലാത്സംഗികളെ, കള്ളക്കടത്തുകാരെ, ഗാംഗ്സ്റ്റർമാരെ ഒക്കെ പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ എന്താവും. അങ്ങനെ ചെയ്യുന്നതിൽ വല്ലാത്തൊരു സംതൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയ്ക്ക്  സൈക്കോളജിയിൽ പറയുന്ന പേര് 'ഹിബ്രിസ്റ്റോഫീലിയ' എന്നാണ്. ക്രിമിനലുകളെ പ്രണയിക്കുന്നതിൽ ഹരം കണ്ടെത്തുന്ന നിരവധി യുവതികളുണ്ട് നമ്മുടെ സമൂഹത്തിൽ. 

പണ്ട്  അമേരിക്കയിൽ 'ടെഡ് ബണ്ടി' എന്നൊരു ക്രിമിനൽ ഉണ്ടായിരുന്നു. ഒരു സീരിയൽ കില്ലറായിരുന്നു അയാൾ. സ്ത്രീകളെ അയാൾ ആദ്യം  ക്രൂരമായി ബലാത്സംഗം ചെയ്യും. അതിനുശേഷം തെളിവുനശിപ്പിക്കാനായി അവരെ വധിക്കും. അമേരിക്കയിൽ അങ്ങോളമിങ്ങോളമായി 30 സ്ത്രീകളെയാണ് ബണ്ടി കൊന്നുതള്ളിയത്. ആ ടെഡ് ബണ്ടിക്കുണ്ടായിരുന്ന ആരാധികമാരുടെ എണ്ണത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല.   വിചാരണയ്ക്കിടെ അവർ ബണ്ടി കൊന്നുതള്ളിയ പാവം പെൺകുട്ടികളെപ്പോലെ ഡ്രസ് ചെയ്തുകൊണ്ട് അവർ കോടതിമുറിക്കുളിൽ വരുമായിരുന്നു. ബണ്ടിയുടെ നോട്ടം ഒന്ന് തങ്ങളിലേക്ക് വീണുകിട്ടാൻ. നിരവധി പേർ ജയിലിലേക്ക് ബണ്ടിയുടെ പേരിൽ പ്രണയലേഖനങ്ങൾ അയച്ചുവിടുമായിരുന്നു. പല കത്തുകളുടെയും കൂടെ അവർ തങ്ങളുടെ നഗ്ന ചിത്രങ്ങൾ അയച്ചും ബണ്ടിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.

 
 
ഒടുവിൽ ബണ്ടി തന്റെ ആരാധകരിൽ ഒരാളുമായി വിവാഹിതനുമായി, വിചാരണ കഴിഞ്ഞ് ഒടുവിൽ വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് അയാളെ ഭരണകൂടം വധശിക്ഷയ്ക്കു വിധേയനാക്കുന്നതിന് മുമ്പ്.. 

ഇന്ന് നാട്ടിൽ ഒരു ക്രൈം നടന്നാൽ കൂടെ നടക്കുന്ന ഒരു പ്രവൃത്തി അതിന്റെ കഥപറയുന്ന  സിനിമയുടെ ടൈറ്റിലിനുള്ള ഏതെങ്കിലും ഒരു സിനിമാക്കാരൻ സ്വന്തമാക്കുക എന്നതാവും.  ഈ സിനിമകളിൽ പലതിലും ആ ക്രിമിനൽ ചെയ്ത ജുഗുപ്സാപരമായ പല കുറ്റകൃത്യങ്ങൾക്കും ഒരു കാല്പനികപരിവേഷം ചാർത്തി നൽകും. ഈ താരപ്പൊലിമയിലാണ് പലപ്പോഴും പെൺകുട്ടികൾക്ക് അത്തരത്തിലുള്ള ഏതെങ്കിലും ക്രിമിനലിനെ കേറി പ്രേമിച്ചുകളയാം എന്ന് തോന്നുന്നത്. 

ബണ്ടിയെപ്പോലെ വേറെയും നിരവധി ഹൈ പ്രൊഫൈൽ കില്ലർമാരുമുണ്ട് അമേരിക്കയിൽ. ചാൾസ് മാൻസൺ, ജെഫ്രി ഡാമർ, റിച്ചാർഡ് റാമിറെസ് എന്നിങ്ങനെ പലർക്കും ഇതുപോലെ തന്നെ നിരവധി പ്രേമലേഖനങ്ങൾ അയച്ചു കിട്ടിയിട്ടുണ്ട് അവർ വിചാരണയും ശിക്ഷയും കഴിഞ്ഞുകിട്ടാൻ ഇരുമ്പഴികൾക്കു പിന്നിൽ വിശ്രമിക്കുന്ന കാലത്ത് ജയിലിലേക്ക്.  അവരൊക്കെത്താത്തന്നെയും വളരെ ബീഭത്സമായ  കുറ്റങ്ങൾ ചെയ്തതിനാണ് വിചാരണ നേരിട്ടുകൊണ്ടിരുന്നത്. 
 


അതുപോലെ ഗർഭിണിയായ തന്റെ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നശേഷം നാലും, മൂന്നും വയസ്സുള്ള രണ്ടു മക്കളെ തലയിണകൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന ക്രിസ് വാട്ട്സ് എന്ന കുപ്രസിദ്ധ കുറ്റവാളിക്ക് വിസ്കോൺസിനിലെ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ നിരവധി പേരിൽ നിന്നും പ്രേമ ലേഖനങ്ങളും, നഗ്നഫോട്ടോകളും അയച്ചുകിട്ടിയിരുന്നു. അതിൽ ഒരു ഫോട്ടോയിൽ അതി സുന്ദരിയായ ഒരു യുവതി ബിക്കിനി ധരിച്ചുകൊണ്ട് എടുത്ത ഒരു സെൽഫി ചിത്രത്തോടൊപ്പം ഇങ്ങനെ എഴുതിയിരുന്നു, "ഞാൻ ഉറപ്പു തരുന്നു, നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരില്ല..." 

ഇന്ത്യയിൽ 'ബിക്കിനി കില്ലർ' എന്ന് പേരായ ചാൾസ് ശോഭരാജ് ആണ് ഇതേ ശ്രേണിയിൽ വരുന്ന ഒരാൾ. തിഹാർ ജയിൽ ചാടി രക്ഷപ്പെട്ട ചാൾസ് ശോഭരാജ് ഒടുവിൽ നേപ്പാളിൽ വെച്ച് പിടിക്കപ്പെടുകയും നിരവധി വിദേശ ടൂറിസ്റ്റ് വനിതകളുടെ കൊലപാതകത്തിന്റെ കുറ്റം ചുമത്തി വിചാരണ ചെയ്യപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് നേപ്പാൾ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു ചാൾസ്. വളരെ കൃത്യമായ തെളിവുകളോടെ പിടിക്കപ്പെട്ടിട്ടും എന്നും തന്റെ ക്രിമിനൽ ഹിസ്റ്ററി  ചാൾസ് ശോഭരാജ് നിഷേധിച്ചിട്ടേയുള്ളൂ. നേപ്പാളിൽ തടവിൽ കിടക്കുന്നതിനിടെ തന്റെ അഭിഭാഷകനായി സംസാരിക്കാൻ വേണ്ടി ചാൾസിനെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ട്രാൻസ്ലേറ്റർ ആയിരുന്നു നിഹിത ബിശ്വാസ്. ചാൾസ് ശോഭരാജുമായി അധികം താമസിയാതെ നിഹിത പ്രേമബന്ധത്തിലായി. അവർ വിവാഹിതരുമായി. 

പലപ്പോഴും ഈ സ്ത്രീകളിൽ പലരും ഇത്തരത്തിലുള്ള കുറ്റവാളികൾ ജയിലിനുള്ളിലാണല്ലോ എന്നതിൽ ഒരു സുരക്ഷിതത്വം അനുഭവിച്ചു. പലർക്കും ഈ കുറ്റവാളികളെ സാമാന്യജീവിതത്തിലേക്ക് മനം മാറ്റി തിരിച്ചു കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുണ്ട്.  ചിലർക്ക് മാനസിക വിഷാദത്തിനിടെ തോന്നിയ ഒരു മാനസിക അപഭ്രംശം. മറ്റുചിലർക്ക് കുപ്രസിദ്ധനായ കുറ്റവാളിയെ പ്രണയിച്ചാൽ കിട്ടുന്ന പ്രശസ്തി. മിക്കവാറും പേർക്ക് തുടക്കത്തിൽ പറഞ്ഞ 'ഹിബ്രിസ്റ്റോഫീലിയ'. 'ബോണി ആൻഡ് ക്‌ളൈഡ് സിൻഡ്രം' എന്ന് മറ്റൊരു പേര്. 

ഇത്തരത്തിൽ കുറ്റവാളികളെ പ്രണയിക്കുന്ന പല സ്ത്രീകളും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരാവും. വക്കീലുദ്യോഗം ചെയ്യുന്നവർ, ഡോക്ടർമാർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, സിനിമാ താരങ്ങൾ, എന്തിന് പിഎച്ച്ഡി കഴിഞ്ഞ കോളേജ് പ്രൊഫസർമാർ വരെ ഇത്തരത്തിൽ ക്രിമിനലുകളുമായി പ്രണയത്തിലാവാറുണ്ട്.  

"വിമൻ ഹൂ ലവ് മെൻ ഹൂ കിൽ " എന്ന പുസ്തകം എഴുതിയ ഷീല ഐസെൻബെർഗ് ഈ വിഷയത്തിലെ തന്റെ ഗവേഷണത്തിനിടെ ഇത്തരത്തിൽ കുറ്റവാളികളെ പ്രണയിക്കുന്ന പല സ്ത്രീകളുമായി സംസാരിച്ചിരുന്നു. അവരിൽ പലരെയും തങ്ങളുടെ ക്രിമിനൽ കാമുകന്മാർ ലൈംഗികമായും ശാരീരികമായും വൈകാരികമായും പീഡിപ്പിക്കുകയും ചെയ്ത ചരിത്രവുമുണ്ട്. 

ടെഡ് ബണ്ടിയെപ്പോലുള്ള സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള സീരിയൽ കില്ലർമാരിലേക്ക് മെഴുകുതിരി നാളത്തിലേക്ക് ഈയാം പാറ്റകളെ എന്ന പോലെ സ്ത്രീകളെ ആകർഷിക്കുന്നത്  പലപ്പോഴും അവരുടെ വളരെ ആകർഷകമായ വ്യക്തിത്വമാവും. പലരും  ക്രിമിനലുകളുടെ മനസ്സുമാറ്റി അവരെ പൊതുസമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകും തങ്ങളെക്കൊണ്ട് എന്ന് കരുതുന്നവരാണ്. വളരെ 'അഗ്രസീവ്' ആയ പുരുഷന്മാർക്ക് അടിപ്പെട്ടുകൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്ന ചില സ്ത്രീകളുമുണ്ട്. വിചാരണാവേളയിൽ ടെഡ് ബണ്ടിയുമായി ബന്ധം സ്ഥാപിച്ച കരോൾ ആൻ ബൂൺ അയാളുടെ മുൻ സഹപ്രവർത്തകയായിരുന്നു. വിചാരണയ്ക്കിടെ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ ബണ്ടിയെ വിവാഹം കഴിച്ച അവർക്ക് 1982 -ൽ ഒരു പെൺകുഞ്ഞും ജനിച്ചു. 

ഇത്തരത്തിലുള്ള പല ബന്ധങ്ങളും തുടങ്ങുന്നത് തൂലികാ സൗഹൃദങ്ങളുടെ രൂപത്തിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കിടക്കുന്ന ഒരു കൊടും ക്രിമിനലിന് പ്രണയലേഖനം അയച്ചുവിടുന്നതിലും ഒരു നിഗൂഢതയൊക്കെ ഉണ്ടല്ലോ അല്ലേ. അവരിൽ നിന്നും കിട്ടുന്ന  മറുപടിക്കത്തുകളിൽ ആ നിഗൂഢതയ്ക്ക് തുടർച്ച കിട്ടുമ്പോൾ അവർക്ക് ഹരമേറുന്നു

സൈക്കോപാത്തുകളായ സീരിയൽ കില്ലർമാരുടെ വ്യക്തിത്വങ്ങൾ പലപ്പോഴും വളരെ കരിസ്മാറ്റിക് ആയിരിക്കും. നിഷ്കളങ്കമായ സ്വഭാവമുള്ള പെൺകുട്ടികളെ വളരെ എളുപ്പത്തിൽ 'മാനിപ്പുലേറ്റ്; ചെയ്യാൻ അവർക്ക്  സാധിച്ചേക്കും. തങ്ങളിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളിൽ ഒന്നു പോലും ചെയ്തത് തങ്ങളല്ല എന്നു വരെ അവർ തങ്ങളുടെ  പ്രണയിനികളെ പറഞ്ഞു വിശ്വസിപ്പിച്ചു കളയും. ബന്ധത്തിൽ പെട്ട ശേഷം അവർ ആ ക്രിമിനലുകളാൽ ചൂഷണം ചെയ്യപ്പെട്ടാലും അതിനെ തിരിച്ചറിയാനോ, റിപ്പോർട്ട് ചെയ്യാനോ അവർ മാനസികമായി തയ്യാറായെന്നു വരില്ല. അഭിശപ്തമായ ആ ബന്ധത്തിൽ നിന്നും പുറത്തുവരാനും അവർ ആഗ്രഹിച്ചെന്നു വരില്ല. അത്ര വിചിത്രമാണ് പലപ്പോഴും  ഒരു കുറ്റവാളിയെ പ്രണയിക്കുന്ന സ്ത്രീയുടെ മാനസികാവസ്ഥ.
 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു