Kim Jong il death anniversary : ആരും ചിരിക്കരുത്, മദ്യപിക്കുകയോ ഷോപ്പിം​ഗിനിറങ്ങുകയോ ചെയ്യരുതെന്ന് ഉത്തര കൊറിയ

By Web TeamFirst Published Dec 17, 2021, 2:34 PM IST
Highlights

ഈ സമയത്ത് ജന്മദിനങ്ങൾ ആഘോഷിക്കരുതെന്നും പറയുന്നു. ഈ ദിവസങ്ങളിൽ വേണ്ടത്ര ദുഃഖം പ്രകടിപ്പിക്കാതെ കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. 

ഉത്തരകൊറിയ(North Korea)യിൽ ഇനി 11 ദിവസം ആരും ചിരിക്കാൻ പാടില്ല. അത് മാത്രമല്ല, ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ ഒന്നും പാടില്ല. മുൻ നേതാവ് കിം ജോങ്-ഇലി(Kim Jong il)ന്റെ പത്താം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചരമവാർഷികത്തിനോടനുബന്ധിച്ച്, രാജ്യത്ത്  പതിനൊന്ന് ദിവസത്തെ ദുഃഖാചരണമുണ്ട്. അതിന്റെ ഭാഗമായാണ് ഈ കടുത്ത വിലക്കുകൾ.

1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ച നേതാവാണ് കിം ജോങ്-ഇൽ, സാക്ഷാൽ കിം ജോങ്-ഉനിന്റെ പിതാവ്. മദ്യപാനം, ചിരി എന്നിവ നിരോധിച്ചതിന് പുറമേ, ഒഴിവുവേളകളിൽ വിനോദങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് വിലക്കുണ്ട്. ചരമദിനത്തിന്റെ അന്ന് പലചരക്ക് ഷോപ്പിംഗ് സ്റ്റാൻഡുകളും നിരോധിച്ചിരിക്കുന്നു. ഇനി ആരെങ്കിലും ഇത് പാലിക്കാതിരുന്നാൽ, അവരെ ജയിലിൽ അടക്കും. കഴിഞ്ഞ വർഷങ്ങളിൽ, ഈ നിയമങ്ങൾ ലംഘിച്ച ആളുകളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാൽ, പിന്നീടൊരിക്കലും അവരെ ആരും കണ്ടിട്ടില്ല എന്നും പറയപ്പെടുന്നുണ്ട്. ദുഃഖാചരണ സമയത്ത് സ്വന്തം കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാൽ പോലും ഉറക്കെ കരയാൻ ആളുകളെ അനുവദിക്കില്ല എന്നാണ് റേഡിയോ ഫ്രീ ഏഷ്യ പറയുന്നത്.  

ഈ സമയത്ത് ജന്മദിനങ്ങൾ ആഘോഷിക്കരുതെന്നും പറയുന്നു. ഈ ദിവസങ്ങളിൽ വേണ്ടത്ര ദുഃഖം പ്രകടിപ്പിക്കാതെ കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ ദുഃഖാചരണത്തിന് വിരുദ്ധമായി, അതിന്റെ ശോക മൂഡിനെ അലോസരപ്പെടുത്താൻ നോക്കുന്നവരെ അടിച്ചമർത്താൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഒരുപോള കണ്ണടക്കാതെ രാവും പകലും പൊലീസ് അത്തരക്കാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. കിം ജോങ് ഇല്ലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ ഫോട്ടോഗ്രാഫിയുടെയും കലയുടെയും ഒരു പൊതു പ്രദർശനം, ഒരു കോൺസെർട്ട്,  അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ 'കിംജോംഗിയ'യുടെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 

click me!