Tareena Shakil syria journey : ഐഎസ്സിൽ ചേരാൻ ഒരുവയസുള്ള കുഞ്ഞുമായി രാജ്യംവിട്ടു, ഇപ്പോൾ ഖേദിക്കുന്നെന്ന് യുവതി

By Web TeamFirst Published Dec 17, 2021, 11:13 AM IST
Highlights

മൂന്ന് മാസത്തിനുള്ളിൽ, ഷക്കിൽ സിറിയയിൽ നിന്നും തുർക്കിയിലേക്ക് പലായനം ചെയ്യുകയും യുകെയിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ അവളെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിലടക്കുകയും ചെയ്തു. 
 

ഇസ്ലാമിക് സ്റ്റേറ്റ്(Islamic State) ഗ്രൂപ്പിൽ ചേരാൻ സിറിയ(Syria)യിലേക്ക് യാത്ര ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ ഇപ്പോൾ ചെയ്തത് തെറ്റായിരുന്നു എന്ന് ഏറ്റു പറയുകയാണ്. 'ആ തീരുമാനത്തിൽ താൻ ഖേദിക്കുന്നു' എന്നാണ് അവൾ പറഞ്ഞത്. ബിർമിംഗ്ഹാമിൽ നിന്നുള്ള തരീന ഷക്കിൽ(Tareena Shakil) 2016 -ലാണ് ഐഎസ്സിൽ ചേരാനായി രാജ്യം വിടുന്നത്. പിന്നീട്, മൂന്ന് മാസത്തിന് ശേഷം യുകെയിൽ തിരിച്ചെത്തുകയും ജയിലിലാവുകയും ചെയ്‍തു. 

തന്റെ പ്രവൃത്തികളിൽ താൻ ലജ്ജിക്കുന്നുവെന്നും എല്ലാ ദിവസവും അതിന്റെ അനന്തരഫലങ്ങളോടെയാണ് ജീവിക്കുന്നതെന്നും ആ 32 -കാരി പറഞ്ഞു. ഇപ്പോൾ ജയിലിൽ നിന്ന് മോചിതയായ ഷക്കിൽ ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാം പൂർത്തിയാക്കി. തന്റെ കഥ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി മാറുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അത് വെളിപ്പെടുത്തുകയാണ്. മുൻ ആരോഗ്യ പ്രവർത്തകയായ ഷക്കിൽ 2014 -ൽ ഒരു വയസ്സുള്ള മകനുമായി രഹസ്യമായി സിറിയയിലേക്ക് പോവുകയായിരുന്നു. പിന്നീട്, തീവ്രവാദികളെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം ഒരു വീട്ടിൽ താമസിച്ചു.

അവിടെ തങ്ങൾക്ക് ഒരു പ്രത്യേകരീതിയിൽ പെരുമാറേണ്ടി വന്നുവെന്നും ആ തരത്തിൽ ജീവിച്ചില്ലെങ്കിൽ അതിന്റേതായ അനന്തരഫലങ്ങളുണ്ടായി എന്നും ഷക്കിൽ പറയുന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ അത്തരത്തിൽ പ്രവർത്തിക്കാൻ തയ്യാറായില്ല. പിന്നീട്, പുരുഷന്മാർ ഒരു വാനിൽ വന്ന് അവരെ കയറ്റിക്കൊണ്ടുപോയി. പിന്നീടൊരിക്കലും ആ പെൺകുട്ടികളെ കണ്ടിട്ടില്ല എന്നും ഷക്കിൽ പറയുന്നു. 

വിചാരണയ്ക്കിടെ, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ഉപയോഗിച്ച് ഷക്കിൽ തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതായി കണ്ടെത്തി. “കുട്ടിയുമായി സിറിയയിലേക്ക് ഒളിച്ചോടാനുള്ള എന്റെ തീരുമാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഞാൻ ഖേദിക്കുന്നു. എല്ലാ ദിവസവും അതിന്റെ അനന്തരഫലങ്ങളോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്” അവൾ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ, ഷക്കിൽ സിറിയയിൽ നിന്നും തുർക്കിയിലേക്ക് പലായനം ചെയ്യുകയും യുകെയിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ അവളെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിലടക്കുകയും ചെയ്തു. 

ഡീ-റാഡിക്കലൈസേഷൻ 'ഒരു നീണ്ട യാത്ര' ആയിരുന്നുവെന്നും ഇപ്പോൾ തന്റെ കേസ് തീവ്രവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അവൾ പറഞ്ഞു. "ഞാൻ ശരിക്കും സങ്കടപ്പെട്ടതായി ഓർക്കുന്നു, ശരിക്കും കയ്പേറിയതാണ് ആ അനുഭവം. ശരിക്കും മുതലെടുക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്തു. അത് സംഭവിക്കാൻ ഞാൻ അനുവദിച്ചതിൽ എന്നെക്കുറിച്ചോർത്ത് ശരിക്കും ലജ്ജ തോന്നുന്നു" എന്നും അവൾ പറഞ്ഞു.

click me!