
ചിലപ്പോൾ നമ്മുടെ മുൻതലമുറകൾ സഹിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും നമുക്ക് അറിയണമെന്നില്ല. ഓരോ തലമുറയുടേയും ത്യാഗവും പോരാട്ടവും തന്നെയാവാം ചിലപ്പോൾ അടുത്ത തലമുറ കൂടുതൽ മെച്ചപ്പെട്ട ജീവിതം ജീവിക്കുന്നതിന്റെ പിന്നിൽ. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഗ്രാമത്തിലുള്ള തറവാട് വീടിനെക്കുറിച്ചും, തലമുറകളിലൂടെയുള്ള തന്റെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് യു.എസിൽ 'ഗോൾഡ് വാട്ടർ' എന്ന സംരംഭത്തിന്റെ സ്ഥാപകനായ വിജയ് തിരുമലൈ ആണ്. ഒരു യു.എസ് റോഡ് ഷോയ്ക്കായി തിരിക്കുന്നതിന് തൊട്ടുമുമ്പ്, തന്റെ അച്ഛന്റെ നാട്ടിലെ വാർഷിക ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കാനും ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും താൻ കുറച്ചു സമയം മാറ്റിവെച്ചിരുന്നു എന്നാണ് വിജയ് കുറിച്ചത്
വിജയ്‍യുടെ കുറിപ്പ് വായിക്കാം;
കഴിഞ്ഞ ദിവസം ഒരു യു.എസ്. റോഡ് ഷോയ്ക്കായി തിരിക്കുന്നതിന് തൊട്ടുമുമ്പ് കുറച്ചു സമയം മാറ്റിവെച്ച് എന്റെ അച്ഛന്റെ നാട്ടിലെ വാർഷിക ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടുത്തെ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിലൊക്കെ ഞങ്ങളാൽ കഴിയുന്ന പങ്കും പങ്കാളിത്തവും നൽകാറുണ്ട്.
എന്റെ അച്ഛനും അച്ഛന്റെ സഹോദരന്മാരും ജനിച്ചുവളർന്ന വീടാണത്. അക്കാലത്ത് അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ മറ്റേതെങ്കിലും സൗകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളിലാണ് അവർ പോളിടെക്നിക് പഠനകാലമടക്കം തങ്ങളുടെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു ഭാഗം ചെലവഴിച്ചത്.
എന്നാൽ ഇന്ന്, ദൈവാനുഗ്രഹത്താൽ എന്റെ കസിൻസും ഞങ്ങളുടെ കുടുംബവുമെല്ലാം വളരെ നല്ല നിലയിലാണ്. അവർ ബേ ഏരിയ, ടൊറന്റോ തുടങ്ങി യു.എസിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്റ്റാർട്ടപ്പുകളും, ബിഗ് ടെക് കമ്പനികളും, ഫിനാൻസ് മേഖലയുമൊക്കെയായി വൻ വിജയങ്ങൾ കൈവരിച്ചു കഴിഞ്ഞു.
തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ ഇത്രയധികം പ്രതിസന്ധികൾ നേരിട്ടിട്ടും, ഞങ്ങളെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തതിന് ഞങ്ങളുടെ മാതാപിതാക്കളോടും മുതിർന്നവരോടും എന്നും കടപ്പെട്ടിരിക്കുന്നു.
നിരവധിപ്പേരാണ് വിജയിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവം പങ്കുവച്ചുകൊണ്ടും മുൻതലമുറയുടെ ത്യാഗത്തെ കുറിച്ച് വിജയ് മനസിലാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.