ഹൃദയമിടിപ്പ് നിലച്ച് 50 മിനിറ്റുകൾ, ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന് 31 -കാരൻ, അത്ഭുതമെന്ന് ഡോക്ടര്‍മാരും

Published : Feb 29, 2024, 04:44 PM IST
ഹൃദയമിടിപ്പ് നിലച്ച് 50 മിനിറ്റുകൾ, ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന് 31 -കാരൻ, അത്ഭുതമെന്ന് ഡോക്ടര്‍മാരും

Synopsis

കാത്തിരിപ്പ് തുടരുന്നതിൽ അർത്ഥമില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടും റബേക്ക തന്റെ പ്രിയതമനരികിൽ കൂട്ടിരുന്നു. തൻറെ സ്നേഹം നിരന്തരം പ്രകടിപ്പിച്ചുകൊണ്ട് അവൾ ബെന്നിൻ്റെ അരികിൽ തുടർന്നു.

ഹൃദയാഘാതമുണ്ടായി ഹൃദയമിടിപ്പ് നിലച്ച് 50 മിനിറ്റുകൾക്ക് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവാവ് അത്ഭുതമാകുന്നു. സൗത്ത് യോർക്ക്ഷെയറിലെ ബാർൺസ്‌ലിയിൽ ആണ് 31 -കാരനായ ബെൻ വിൽസൺ എന്ന യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ജൂൺ 11 -നാണ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായത്. പിന്നീട് ദീർഘനാൾ കോമയിലേക്ക് പോയ ബെൻ ഇപ്പോൾ ജീവിതത്തിലേക്ക് പൂർണമായും തിരിച്ചെത്തിയിരിക്കുകയാണ്. ജീവിതം തനിക്ക് രണ്ടാമതൊരു അവസരം കൂടി തന്നു എന്നാണ് ഈ അത്ഭുതകരമായ അതിജീവനത്തിനെ കുറിച്ച് ബെൻ പറയുന്നത്.

വീട്ടിൽ വച്ചായിരുന്നു കഴിഞ്ഞവർഷം ബെന്നിന് ഹൃദയാഘാതം ഉണ്ടായത്. ആ സമയം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് പ്രതിശ്രുതവധുവായ റെബേക്ക ഹോംസ് ആയിരുന്നു. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ അവർ ആംബുലൻസ് വിളിക്കുകയും ആംബുലൻസ് എത്തുന്നതുവരെ സിപിആർ നൽകുകയും ചെയ്തു. പക്ഷേ അത് വിജയിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതുവരെ 50 മിനിറ്റോളം സമയം ബെന്നിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ ഓപ്പറേഷൻ നടത്തി. അത് വിജയകരമായിരുന്നെങ്കിലും അദ്ദേഹം കോമ അവസ്ഥയിലേക്ക് മാറി. ബെന്നിൻ്റെ അനാരോഗ്യകരമായ ജീവിതശൈലി ആയിരുന്നു ഹൃദയസ്തംഭനത്തിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിച്ചത്.

കാത്തിരിപ്പ് തുടരുന്നതിൽ അർത്ഥമില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടും റബേക്ക തന്റെ പ്രിയതമനരികിൽ കൂട്ടിരുന്നു. തൻറെ സ്നേഹം നിരന്തരം പ്രകടിപ്പിച്ചുകൊണ്ട് അവൾ ബെന്നിൻ്റെ അരികിൽ തുടർന്നു. ഡ്രീം എ ലിറ്റിൽ ഡ്രീം ഓഫ് മി എന്ന അവരുടെ പ്രിയപ്പെട്ട പ്രണയഗാനം അവനായി എന്നും പാടിക്കൊടുത്തു. അവൻ്റെ തലയിണയിൽ അവളുടെ പെർഫ്യൂം തളിച്ചു, അവൻ സമ്മാനിച്ച ഒരു ടെഡി ബിയറിനെ അവൻ്റെ അരികിൽ വച്ചു. ഇങ്ങനെ തന്നാലാകും വിധം ഒക്കെ അവൾ ബെന്നിനെ ഓരോ ദിവസവും സ്നേഹിച്ചു കൊണ്ടേയിരുന്നു.

യഥാർത്ഥത്തിൽ ബെന്നിൻ്റെ അതിജീവനത്തിൽ നിർണായക പങ്കു വഹിച്ചത് റബേക്കയുടെ സ്നേഹവും ഇടപെടലുകളും ആയിരുന്നു. ഒരു വ്യക്തിയുടെ രോഗാവസ്ഥയിൽ നിന്നുള്ള അതിജീവനത്തിൽ പ്രിയപ്പെട്ടവരുടെ സ്നേഹവും ശാരീരിക സ്പർശനങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അപസ്മാരം, വൃക്ക തകരാർ, രക്തം കട്ടപിടിക്കൽ എന്നീ അവസ്ഥകളിലൂടെ ഒക്കെയും കടന്നുപോയിട്ടും കോമയിൽ നിന്നും ഉണർന്ന് വെറും അഞ്ച് ആഴ്ചകൾക്ക് ശേഷം എഴുന്നേറ്റ് നിന്ന് ബെൻ ഡോക്ടർമാരോട് സംസാരിച്ചു. അവൻ പറഞ്ഞ ആദ്യത്തെ വാക്ക് റബേക്ക എന്നായിരുന്നു. ബെന്നിൽ ഉണ്ടായ ഈ മാറ്റം ഡോക്ടർമാരെ പോലും അമ്പരപ്പിക്കുന്നതാണ്.

തങ്ങൾ രണ്ടുപേർക്കും കഴിഞ്ഞുപോയ രോഗകാലം ഓർമ്മയിൽ സൂക്ഷിക്കാനുള്ള മനോഹരമായ നിമിഷങ്ങളാണ് എന്നാണ് റബേക്ക പറയുന്നത്. എട്ടര മാസത്തെ അസുഖത്തിനും 14 ആഴ്ചത്തെ പുനരധിവാസത്തിനും ശേഷം ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. നോർത്തേൺ ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. ജെന്നിഫർ ഹില്ലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെന്നിനെ ചികിത്സിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ