'ഈ നാലുപേരെ തൂക്കിലേറ്റുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെ'ന്ന് ആരാച്ചാർ പവൻ ജല്ലാദ്

By Web TeamFirst Published Jan 24, 2020, 5:58 PM IST
Highlights

"മനസ്താപം തോന്നാൻ വേണ്ടി ഇവന്മാർ മനുഷ്യരാണ് എന്നുപോലും എനിക്ക് തോന്നിയിട്ടില്ല ഇതുവരെ. കാരണം അത്രക്ക് ഹീനമായിട്ടാണ് ഇവർ ആ പെൺകുട്ടിയെ ഉപദ്രവിച്ചത്."

ഇത് പവൻ ജല്ലാദ്. അഞ്ചു തലമുറകളായി ഇന്ത്യൻ ജയിലുകൾക്ക് ആരാച്ചാരെ സംഭാവന ചെയ്തിട്ടുള്ള കുടുംബമാണത്. ജല്ലാദ് എന്ന പേരിന്റെ അർത്ഥം തന്നെ ആരാച്ചാർ എന്നാണ്. പലരെയും തൂക്കിലേറ്റിയിട്ടുണ്ട് പവൻ ഇതിനുമുമ്പും. അന്നൊക്കെ ചിലപ്പോഴെങ്കിലും, മനസ്സൊന്നു പിടച്ചിട്ടുണ്ട്.  എന്നാൽ, ഇത്തവണ ഈ നാലുപേരുടെ കാര്യത്തിൽ അത്തരത്തിൽ ഒരു മനസ്സാക്ഷിക്കുത്തും തനിക്ക് തോന്നുന്നില്ലെന്ന് പവൻ മാധ്യമങ്ങളോട് പറഞ്ഞു. "മനസ്താപം തോന്നാൻ വേണ്ടി ഇവന്മാർ മനുഷ്യരാണ് എന്നുപോലും എനിക്ക് തോന്നിയിട്ടില്ല ഇതുവരെ. കാരണം അത്രക്ക് ഹീനമായിട്ടാണ് ഇവർ ആ പെൺകുട്ടിയെ ഉപദ്രവിച്ചത്. അതിനൊക്കെയുള്ള ശിക്ഷയായിട്ടാണ് അവർ ഇപ്പോൾ തൂക്കിലേറാൻ പോകുന്നതും"
 


 

ആറു പേരാണ് ഈ ക്രൂരകൃത്യത്തിൽ പ്രതികളായിരുന്നത്. അതിൽ ഒരാളെ, സംഘത്തിന്റെ തലവനെ വിചാരണക്കിടെ ജയിലിൽ വെച്ച് സെല്ലിനുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അവശേഷിച്ചിരുന്ന ഒരാൾ പ്രായപൂർത്തി ആകാത്തയാൾ ആയിരുന്നതിനാൽ അയാളെ ജുവനൈൽ കോടതി വിചാരണ ചെയ്ത്, പരമാവധി ശിക്ഷയായ മൂന്നുവർഷത്തിനു ശേഷം പുറത്തുവിടുകയായിരുന്നു. ശേഷിക്കുന്ന നാലുപേരും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. അവരെയാണ് ഇനി പവൻ ജല്ലാദിന് തൂക്കിലേറ്റാനുള്ളത്. 

ഇവരെ തൂക്കിലേറ്റാനുള്ള പ്രത്യേകതരം തൂക്കുകയർ ബക്സർ ജയിലിൽ നിർമ്മിക്കപ്പെട്ടു. തിഹാർ ജയിലിൽ ഇവർക്കായി പ്രത്യേകം തൂക്കുമരങ്ങളും അറ്റകുറ്റപ്പണികൾ തീർത്ത് തയ്യാറാണ്. അവർക്കുവേണ്ട കയറുകളുടെ അളവും മറ്റും എടുക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ നാനൂറോളം പേർ ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കിടക്കുന്നുണ്ട് എങ്കിലും, 2015 നു ശേഷം ഒരു വധശിക്ഷ പോലും നടപ്പിലാക്കപ്പെട്ടിട്ടില്ല. 
 


 

തനിക്ക് സർക്കാർ നൽകുന്ന അയ്യായിരം രൂപയുടെ പ്രതിമാസ സ്റ്റൈപ്പെൻഡുകൊണ്ട് ഒന്നുമാവില്ല എന്നാണ് പവൻ ജല്ലാദിന്റെ അഭിപ്രായം. " കടുത്ത ശിക്ഷകൾ നടപ്പിലാക്കപ്പെട്ടാൽ മാത്രമേ ഇവിടെ കുറ്റങ്ങൾക്ക് ശമനമുണ്ടാകൂ. അവർക്ക് തടവുശിക്ഷ വിധിച്ച് അകത്തിട്ടാൽ, കുറച്ചുകാലം കഴിയുമ്പോൾ എന്തെങ്കിലും സ്വാധീനങ്ങൾ ചെലുത്തി അവർ പുറത്തുവരികയും വീണ്ടും കുറ്റങ്ങൾ ആവർത്തിക്കുകയും ചെയ്യും. ഇവർ ചെയ്തതുപോലെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നവരെ കാലതാമസം കൂടാതെ തൂക്കിലേറ്റണം. അങ്ങനെ ചെയ്‌താൽ അതൊരു മറ്റുള്ളവർക്കും അതൊരു പാഠമായിരിക്കും, ഇങ്ങനെ ചെയ്‌താൽ ഇതായിരിക്കും വിധി എന്ന താക്കീതും" പവൻ ജലാദ്  AFP ന്യൂസ് ഏജൻസിയോട് പറഞ്ഞു. 

click me!