Latest Videos

വിവാഹമാണ്, പക്ഷേ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ല; പുതിയ ട്രെൻഡായി ഫ്രന്‍റ്ഷിപ്പ് മാര്യേജ്

By Web TeamFirst Published May 10, 2024, 4:28 PM IST
Highlights

പരമ്പരാഗത വിവാഹത്തിൽ താത്പര്യമില്ലാത്തവരും ലൈംഗിക ബന്ധത്തിൽ താത്പര്യമില്ലാത്തവരുമെല്ലാം ഈ വഴി തെരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോർട്ട്.

'ഫ്രന്‍റ്ഷിപ്പ് മാര്യേജ്' എന്ന പുതിയ റിലേഷൻഷിപ്പ് ട്രെൻഡിനോട് പ്രിയമേറുന്നു. ഈ വൈവാഹിക ബന്ധത്തിൽ, സ്ത്രീയും പുരുഷനും തമ്മിൽ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ല. സൗഹൃദമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. ജപ്പാനിലെ യുവതീ യുവാക്കൾക്കിടയിലാണ് പരമ്പരാഗത വൈവാഹിക സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന പുതിയ രീതി തരംഗമാകുന്നത്.

അവരവരുടെ മൂല്യങ്ങളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഇത്തരം ബന്ധങ്ങള്‍‌. പരമ്പരാഗത വിവാഹത്തിൽ താത്പര്യമില്ലാത്തവരും ലൈംഗിക ബന്ധത്തിൽ താത്പര്യമില്ലാത്തവരുമെല്ലാം ഈ വഴി തെരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോർട്ട്. അതിൽ സ്വവർഗാനുരാഗികളെന്നോ അല്ലാത്തവരെന്നോ ഉള്ള വ്യത്യാസമില്ല. കൊളറസ് എന്ന ഏജൻസിയാണ് ഈ പുതിയ ട്രെൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. 2015 മാർച്ചിന് ശേഷം ജപ്പാനിൽ ഏകദേശം 500 പേർ ഇത്തരത്തിൽ വിവാഹിതരായെന്നാണ്  കൊളറസിന്‍റെ റിപ്പോർട്ട്. ജപ്പാനിലെ 12 കോടി ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനത്തിന് സൗഹൃദ കല്യാണത്തോട് താത്പര്യമുണ്ട് എന്നാണ് റിപ്പോർട്ട്. 

പങ്കാളികൾ നിയമപരമായി വിവാഹിതരാവുമെങ്കിലും പ്രണയമോ ലൈംഗിക ബന്ധമോ ഇവർക്കിടയിൽ ഉണ്ടാവില്ല എന്നതാണ് ഫ്രന്‍റ്ഷിപ്പ് വിവാഹത്തിന്‍റെ പ്രത്യേകത. ചിലർ കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നൽകുന്നു. ഇവരിൽ ചിലർ പരസ്പരം സമ്മതത്തോടെ മറ്റ് ആളുകളുമായി പ്രണയത്തിലാവുകയും ചെയ്യാറുണ്ട്. 

ഫ്രന്‍റ്ഷിപ്പ് മാര്യേജ് എന്നാൽ സമാന താൽപ്പര്യങ്ങളുള്ള ഒരു റൂം മേറ്റിനെ കണ്ടെത്തുന്നത് പോലെയാണ് എന്നാണ് ഇത്തരമൊരു ബന്ധത്തിലേർപ്പെട്ട ഒരു യുവതിയുടെ അഭിപ്രായം. കാമുകി എന്ന നിലയിൽ അല്ലാതെ നല്ലൊരു സുഹൃത്തായി ഒരാള്‍ക്കൊപ്പം ജീവിക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സന്തോഷിക്കാനും കഴിയുമെന്ന് യുവതി പറയുന്നു. വീട്ടുചെലവുകൾ എങ്ങനെ വിഭജിക്കണം, ഒരുമിച്ച് താമസിക്കണോ, ഒരുമിച്ച് ഭക്ഷണം പാകം ചെയ്യണോ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ദിവസങ്ങളോളം വിശദമായി സംസാരിച്ച് തീരുമാനിച്ച ശേഷമാണ് പലരും ഇത്തരം ബന്ധങ്ങളിലേക്ക് കടക്കുന്നത്. 

ഫ്രന്‍റ് ഷിപ്പ് വിവാഹത്തോട് താത്പര്യം കാണിക്കുന്ന വ്യക്തികളുടെ ശരാശരി പ്രായം 32 വയസ്സാണെന്നാണ് പഠനം. സാമ്പത്തികനില ഭദ്രമായിട്ടുള്ളവരാണ് ഈ ബന്ധങ്ങളിലേക്ക് കടക്കുന്നവരിൽ ഭൂരിപക്ഷവുമെന്ന് റിപ്പോർട്ട് പറയുന്നു. ഫ്രന്‍റ്ഷിപ്പ് മാര്യേജും മറ്റ് വിവാഹങ്ങളെ പോലെ ചിലപ്പോൾ വിവാഹ മോചനത്തിൽ അവസാനിക്കാറുണ്ടെന്നും കൊളറസിന്‍റെ റിപ്പോർട്ട് പറയുന്നു. 

ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ 90 ലക്ഷം; ജപ്പാന്‍ 'ആളില്ലാ രാജ്യ'മാകുന്നോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!