ശൈത്യകാലത്ത് ഒട്ടും വെളിച്ചമെത്താത്ത ​ഗ്രാമം, ഒടുവിൽ പരിഹാരം കണ്ടെത്തി, കൂറ്റൻ കണ്ണാടി!

By Web TeamFirst Published Jul 23, 2022, 4:00 PM IST
Highlights

2006 -ലാണ് വിഗനെല്ല ഈ ഭീമാകാരമായ കണ്ണാടി സ്ഥാപിച്ചത്. ആ ഇരുണ്ട ശൈത്യകാല മാസങ്ങളെ കണ്ണാടി പ്രകാശിപ്പിക്കുന്നു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവതത്തിന്റെ മുകളിലാണ് ഇത് വച്ചിരിക്കുന്നത്.

ശൈത്യകാലത്ത് സൂര്യപ്രകാശം തീരെയില്ലാത്ത ഒരു ഗ്രാമം ഇറ്റലിയിലുണ്ട്. വിഗനെല്ല എന്നാണ് ഗ്രാമത്തിന്റെ പേര്. ഗ്രാമത്തിന്റെ ചുറ്റിലും കൂറ്റൻ പർവ്വതങ്ങളാണ്. അതുകൊണ്ട് തന്നെ വർഷത്തിൽ ആറുമാസം ആ താഴ്വാര ഗ്രാമത്തിൽ സൂര്യനില്ല. ആ സമയം കനത്ത മഞ്ഞും തണുപ്പും ഗ്രാമത്തെ വന്ന് പൊതിയും. ചുറ്റിലും തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ സൂര്യരശ്മികളെ തടയുന്നത് കൊണ്ടാണ് ഗ്രാമം ഇരുട്ടിലാകുന്നത്.  

എന്നാൽ, തങ്ങളുടെ പ്രശ്‌നത്തിന് അവർ ഒരു നൂതനമായ പരിഹാരം കണ്ടെത്തി. ഗ്രാമത്തിലേക്ക് സൂര്യപ്രകാശം എത്തിക്കുന്നതിനായി, അവിടെയുള്ള ഒരു പർവതത്തിന്റെ മുകളിൽ ഒരു വലിയ കണ്ണാടി ഗ്രാമീണർ സ്ഥാപിച്ചു. ഈ കണ്ണാടിയിൽ തട്ടുന്ന സൂര്യ രശ്മികൾ പ്രതിഫലിച്ച് ഗ്രാമത്തിൽ വെളിച്ചം ഉണ്ടാകുന്നു. 26x16 അടി വലിപ്പമുള്ള ഒരു വലിയ സ്റ്റീൽ ഷീറ്റാണ് അത്. വിഗനെല്ലയുടെ പ്രധാന കവലയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന ഈ കണ്ണാടി സ്ലാബ് നിരന്തരം സൂര്യന്റെ പാത പിന്തുടരുകയും സൂര്യപ്രകാശമില്ലാത്ത പട്ടണത്തിന്റെ ഭാഗങ്ങളിലേയ്ക്ക് കിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. 2006 -ലാണ് വിഗനെല്ല ഈ ഭീമാകാരമായ കണ്ണാടി സ്ഥാപിച്ചത്. ആ ഇരുണ്ട ശൈത്യകാല മാസങ്ങളെ കണ്ണാടി പ്രകാശിപ്പിക്കുന്നു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവതത്തിന്റെ മുകളിലാണ് ഇത് വച്ചിരിക്കുന്നത്.

അന്ന് പദ്ധതിക്ക് ചെലവായത് 100,000 യൂറോ ആയിരുന്നു. സ്ഥലത്തെ അധികാരികളും ബാങ്കുമായിരുന്നു ഇതിനാവശ്യമായ ധനസഹായം നൽകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ നൂതന ആശയം പ്രാവർത്തികമാക്കിയത് ഗ്രാമത്തിലെ ഡെപ്യൂട്ടി മേയർ പിയർ ഫ്രാങ്കോ മിദാലിയാണ്. സാധാരണയായി നവംബർ മുതലാണ് താഴ്‌വരയിൽ നിന്ന് സൂര്യൻ അപ്രത്യക്ഷമാവുന്നത്. പിന്നെ തെളിയുന്നത് ഫെബ്രുവരിയുടെ തുടക്കത്തിലാണ്. എന്നാൽ, കണ്ണാടിയുടെ സഹായത്തോടെ ഇപ്പോൾ ആ സമയത്തും ഗ്രാമത്തിൽ സൂര്യപ്രകാശം എത്തുന്നു.

പർവതത്തിന്റെ മുകളിൽ സ്ഥാപിച്ച ഈ ഗ്ലാസിന് സൂര്യപ്രകാശത്തിന്റെ 95 ശതമാനവും പരിവർത്തനം ചെയ്യാൻ കഴിയും. ഏതാണ്ട് പൂർണമായും സൂര്യന്റെ വെളിച്ചം ഇതിൽ നിന്ന് കിട്ടും. ബാക്കിയുള്ള അഞ്ച് ശതമാനം സൂര്യപ്രകാശം അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ഈ പ്രകാശം, നേരിട്ടുള്ള സൂര്യപ്രകാശം പോലെ ശക്തമല്ല. എന്നാൽ, പ്രധാന കവലയെ ഊഷ്മളമാക്കാനും, നഗരത്തിലെ വീടുകൾക്ക് സ്വാഭാവിക സൂര്യപ്രകാശം നൽകാനും ഇതിന് കഴിയും. മഞ്ഞുകാലത്ത് മാത്രമേ ഈ കണ്ണാടി ഉപയോഗിക്കാറുള്ളൂ. ബാക്കി സമയം അത് മൂടി ഇടും. ദിവസം ആറു മണിക്കൂറാണ് വെളിച്ചം ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ വിഗനെല്ല ഗ്രാമത്തിന്റെ പാത പിന്തുടർന്ന് പല ഗ്രാമങ്ങളും ഇതുപോലെ കണ്ണാടി വച്ച് ഇരുട്ടിനെ അകറ്റി നിർത്തുന്നു.  

click me!