
കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനങ്ങളേറ്റു വാങ്ങി ദില്ലിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനർ. ഒറ്റ സ്ത്രീ പോലും ഇല്ലാത്ത ജോലിസ്ഥലമായതിനാൽ, നാടകങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യാം എന്നായിരുന്നു ഗ്രാഫിക് ഡിസൈനറായ അനുരാഗ് മൗര്യയുടെ പരാമർശം.
എക്സിലാണ് (ട്വിറ്റർ) തന്റെയീ വിവാദമായ പരാമർശം ഇയാൾ നടത്തിയത്. അതോടെ കടുത്ത പ്രതിഷേധമാണ് മൗര്യയ്ക്ക് നേരെ ഉയർന്നത്. തൻ്റെ പുതിയ ജോലിസ്ഥലത്ത് പുരുഷൻമാർ മാത്രമേയുള്ളൂ, സ്റ്റാഫിൽ സ്ത്രീകളാരും തന്നെ ഇല്ല. മാത്രമല്ല, തൻ്റെ സഹപ്രവർത്തകരെല്ലാം മധ്യവയസ്കരും വിവാഹിതരുമാണ് എന്നും മൗര്യയുടെ പോസ്റ്റിൽ പറയുന്നുണ്ട്.
'ഒടുവിൽ, സ്ത്രീകളൊന്നും ഇല്ലാത്ത ഒരു കമ്പനിയിൽ ചേർന്നു, എൻ്റെ സഹപ്രവർത്തകർക്കെല്ലാം 40 വയസ്സിനു മുകളിൽ പ്രായമുണ്ട്. നാടകമില്ല, പൊളിറ്റിക്സില്ല. സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി' എന്നായിരുന്നു ഇയാൾ എക്സിൽ കുറിച്ചത്.
എന്നാൽ, അതിവേഗത്തിലാണ് പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതീവ സ്ത്രീവിരുദ്ധത നിറഞ്ഞതാണ് ഈ പോസ്റ്റെന്ന് പറഞ്ഞുകൊണ്ട് നിരവധിപ്പേർ പ്രതികരണവുമായി രംഗത്തെത്തി. മാർച്ച് എട്ടിന് ലോകമെമ്പാടും വനിതാദിനം ആഘോഷിക്കാനിരിക്കെയാണ് മൗര്യയുടെ ഈ പരാമർശം എന്നതും പലരിലും രോഷമുണ്ടാക്കി.
അല്ലാതെ തന്നെ സ്ത്രീകൾക്ക് നേരെ പല തൊഴിലിടങ്ങളിലും കടുത്ത വിവേചനം നിലനിൽക്കെയാണ് ഇത്തരത്തിലൊരു പരാമർശം യുവാവ് നടത്തിയിരിക്കുന്നത്. ഒരാൾ ഇയാളോട് ചോദിച്ചത്, 'വീട്ടിലും നാടകം ഇല്ലാതിരിക്കാൻ സ്ത്രീകളെ ഒഴിവാക്കുകയാണോ ചെയ്യുന്നത്' എന്നാണ്.
മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്, 'നിങ്ങൾക്ക് തെറ്റിപ്പോയി, ഓഫീസ് പൊളിറ്റിക്സിന് ആണെന്നോ പെണ്ണെന്നോ ഒന്നും തന്നെ വ്യത്യാസമില്ല, ഇവിടെ വിവേചനം കാണിക്കേണ്ടുന്ന യാതൊരു കാര്യവും ഇല്ല' എന്നാണ്.
106 -ാം പിറന്നാൾ തിങ്കളാഴ്ച, മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം ചോക്ലേറ്റും പാർട്ടികളും