'ലൈംഗികദാരിദ്ര്യം കുറ്റമല്ല, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നം', അഭിജിത് ബാനർജിയുടെ ലേഖനം വീണ്ടും ചർച്ചയാകുമ്പോൾ

By Web TeamFirst Published Oct 17, 2019, 1:39 PM IST
Highlights

അവന് വയസ്സിരുപത്തഞ്ചായി. പക്ഷേ, സ്വന്തമായി അടച്ചുറപ്പുള്ള ഒരു മുറിപോലുമില്ലാതെ അവനെങ്ങനെ കല്യാണം കഴിക്കും..? കല്യാണം കഴിക്കാതെ എങ്ങനെ സെക്സ് നടക്കും..?  " 

ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർ, ബംഗാളികൾ പ്രത്യേകിച്ചും, ഡോ. അഭിജിത് ബാനർജി എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ നൊബേൽ സമ്മാനനേട്ടത്തെ ആഘോഷമാക്കുന്നതിനിടയിലും, അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരു വിവാദത്തിന്റെ കൊടുങ്കാറ്റ് ഉയർന്നുവന്നു. അത്, 2012 -ൽ മമതാ ബാനർജി നടത്തിയ ഒരു പരാമർശത്തോടുള്ള പ്രതികരണമെന്നോണം ഡോ. ബാനർജി ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിന്റെ പേരും പറഞ്ഞാണ്. അത് എവിടെനിന്നോ കുത്തിപ്പൊക്കി ബാനർജിയെ വിമർശിക്കുന്ന തിരക്കിലാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും. അന്ന് മമതാ ബാനർജി പറഞ്ഞത്, 'പൊതു ഇടങ്ങളിൽ സ്ത്രീപുരുഷന്മാർ തമ്മിൽ അടുത്തിടപഴകുന്നതാണ് സമൂഹത്തിൽ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണം' എന്നാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന സ്ത്രീപ്രാതിനിധ്യമായ മമതാ ബാനർജി ഇത്തരത്തിൽ സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചത് ഏറെ രോഷത്തിനിടയാക്കിയിരുന്നു അന്ന്. 

തന്റെ ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തിൽ ബാനർജി ഇങ്ങനെ എഴുതി, "മമതാ ബാനർജി പറയുന്നതിനോട് എനിക്ക് പലപ്പോഴും യോജിക്കാനാകാറില്ല. എന്നാൽ ഈയിടെ, 'ആണും പെണ്ണും പൊതുജനമധ്യേ പരിധിവിട്ട് പരസ്പരലാളനങ്ങളിൽ ഏർപ്പെടുന്നതാണ് നാട്ടിൽ ബലാത്സംഗങ്ങൾക്ക് കാരണമാകുന്നത് ' എന്ന് മമതാ ബാനർജി ഒരിടത്ത് പറഞ്ഞുകേട്ടു. ഒരർത്ഥത്തിൽ അതിനും സാധ്യതയില്ലാതില്ല. കാരണം, കാമവികാരത്തോളം ശക്തമായ ചോദനകൾ കുറവാണ്. അത് ശമിപ്പിക്കാനുള്ള അവസരങ്ങളിൽ അനുഭവിയ്‌ക്കേണ്ടി വരുന്ന അസമത്വത്തോളം വലിയ വിവേചനവും മറ്റൊന്നുണ്ടാവില്ല. നമ്മുടെ നാട്ടിൽ പണമുള്ള പയ്യന്മാർക്ക് സുന്ദരികളായ പെൺകുട്ടികളെക്കിട്ടാൻ അത്ര പ്രയാസമുണ്ടാവാറില്ല. ആ വിവേചനം നിത്യം അനുഭവിയ്‌ക്കേണ്ടി വരുന്ന ഒരാളാണ് നിങ്ങളെങ്കിൽ അതത്ര സുഖദമായ അനുഭവമാവില്ല നിങ്ങൾക്ക്. എന്നാൽ, ഇപ്പറഞ്ഞത് ബലാത്സംഗങ്ങൾക്കുള്ള ന്യായീകരണമല്ല. ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല ആ നീചമായ പ്രവൃത്തി. മമതാ ബാനർജി അനുഭവിച്ചത്ര നിയന്ത്രണങ്ങളൊന്നും എന്തായാലും ഇന്നത്തെ സമൂഹത്തിലില്ല. പറഞ്ഞുവന്നത്, ഇന്നും പലതരത്തിലുള്ള വിവേചനങ്ങളും സമൂഹത്തിന്റെ ഭാഗമാണ് എന്നുമാത്രമാണ്." 

തന്റെ ബാല്യകാലത്തിൽ അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, "എന്റെ പതിനാലാമത്തെ വയസ്സിലെ ഒരു അനുഭവം പറയാം. അന്ന് ക്ലാസിലെ ഒരു പെൺകുട്ടിയോട് എനിക്ക് അടക്കാനാവാത്ത അഭിനിവേശമുണ്ടായിരുന്നു. അവളാണെങ്കിൽ ക്ലാസിലെത്തന്നെ മറ്റൊരു പയ്യന്റെ ഗേൾഫ്രണ്ടും. ഒരുദിവസം അവള്‍ അവന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട്, കയ്യിലെ കോലൈസിൽ നിന്ന് അധികാരഭാവേന ഒരു കടി എടുത്തപ്പോഴാണ്, എന്റെ ജീവിതത്തിൽ ഞാനാദ്യമായി 'ലൈംഗിക അസൂയ' എന്തെന്നറിയുന്നത്. ആ പെൺകുട്ടിയുടെ മുഖം പോലും ഇന്നെന്റെ ഓർമയിൽ ഇല്ലെങ്കിലും, അന്ന് അവളുടെ മുഖത്ത് കത്തിനിന്ന തീക്ഷ്ണമായ പ്രണയഭാവം ഇന്നും ഞാൻ മറന്നിട്ടില്ല. രണ്ടു സഹപാഠികൾക്കിടയിലെ തികച്ചും നൈസർഗികമായ ഒരു ഇടപെടലിനെ ലൈംഗികചുവയോടെ വ്യാഖ്യാനിച്ചത് അന്നത്തെ എന്റെ പക്വതക്കുറവാകാം. കയ്യും കാലുമൊക്കെ മരവിച്ച് അതും നോക്കിയങ്ങനെ ഇരുന്നുപോയി അന്നു ഞാൻ." 

അദ്ദേഹം തുടർന്ന് ചോദിക്കുന്നു, "ലൈംഗികചോദനയ്ക്ക് ശമനമുണ്ടാക്കാനുള്ള അവസരം ഇന്നുണ്ടോ? അക്കാര്യത്തിൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനത്തെ, അസമത്വത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി നമ്മൾ എന്താണ് ചെയ്തിട്ടുള്ളത്. ഞാൻ പറഞ്ഞുവരുന്നത് പൊതുവേശ്യാലയങ്ങൾ വേണമെന്നൊന്നുമല്ല, അങ്ങനൊന്ന് ചരിത്രത്തിൽ അത്ര അപരിചിതമല്ല എങ്കിലും. കാമം എന്ന അടിസ്ഥാനചോദനയെ അവഗണിക്കാൻ പാടില്ല എന്നുമാത്രമാണ്." 

ഒരു മധ്യവർഗ ഇന്ത്യൻ കുടുംബത്തിൽ ജീവിക്കുന്ന ഒരു ഇരുപത്തഞ്ചുകാരൻ യുവാവിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് അദ്ദേഹം ചില പ്രസക്തമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്, "നിങ്ങൾക്ക് സെക്സ് ചെയ്യണം എന്ന് തോന്നിയാൽ അത് പ്രാവർത്തികമാക്കാൻ ഏറെ പണിപ്പെടേണ്ടി വരും. ഒന്നാമത്തെ പ്രശ്നം സ്വകാര്യത തന്നെ. സ്വന്തം നിയന്ത്രണത്തിൽ ഒരു ഫ്ലാറ്റ് ഉണ്ടാകുന്നതുപോയിട്ട്, താമസിക്കുന്ന വീട്ടിൽ വാതിലടച്ചിരിക്കാവുന്ന ഒരു മുറി പോലും സ്വന്തമായി അനുവദിച്ചുകിട്ടിയിട്ടുള്ളവൻ പരമഭാഗ്യവാനെന്നു വേണം പറയാൻ. ഞാൻ പഴയൊരു അനുഭവം പറയാം. മുപ്പതുവർഷം മുമ്പ്, കൊൽക്കത്തയിൽ ഞങ്ങളുടെ സ്ഥിരം താവളമായിരുന്ന ഒരു ചായക്കടയിൽ നിന്ന് എന്റെ ഒരു സ്നേഹിതനുമൊത്ത് തിരിച്ച് വീട്ടിലേക്ക് നടന്നു വരികയായിരുന്നു ഞാൻ. വഴിയിൽ വെച്ച് അവന് ഒരു ചായകൂടി കുടിക്കണം എന്നായി. രാത്രി വൈകിയിരുന്നു. അത്താഴത്തിനുള്ള സമയവും കഴിഞ്ഞിരുന്നതുകൊണ്ട് ഞാൻ അവനോട് ചോദിച്ചു, "ഈ നേരത്തോ..?" ഒരു നിമിഷം മടിച്ചുനിന്ന ശേഷം അവൻ തന്റെ ചായക്കമ്പത്തിന്റെ പിന്നിൽ ഒളിച്ചിരുന്ന രഹസ്യം ഒട്ടു വിവശതയോടെ തന്നെ വെളിപ്പെടുത്തി. വീട്ടിൽ അവൻ കിടക്കുന്നത് ഹാളിലാണ്. അവിടെയാണ് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും. അതുകൊണ്ട്, എല്ലാവരും കഴിച്ചു തീരും മുമ്പ് കയറിച്ചെന്നാൽ ഒന്ന് നടുനീർത്തണമെന്ന് തോന്നിയാൽ പറ്റില്ല. നല്ല ക്ഷീണമുണ്ടെങ്കിലും, വീട്ടിലേക്ക് ചെല്ലാതെ ഇങ്ങനെ കറങ്ങിനടക്കുന്നത് അതുകൊണ്ടാണ്. അവന് വയസ്സിരുപത്തഞ്ചായി. എന്തോ ഒരു ജോലിയും ചെയ്യുന്നുണ്ട്. പക്ഷേ, സ്വന്തമായി അടച്ചുറപ്പുള്ള ഒരു മുറിപോലുമില്ലാതെ അവനെങ്ങനെ കല്യാണം കഴിക്കും..? കല്യാണം കഴിക്കാതെ എങ്ങനെ സെക്സ് നടക്കും..?" 

ഈ യുവാവിനെപ്പോലെ  വീട്ടിലേക്ക് കയറിച്ചെല്ലാൻ മടിച്ച് അസമയത്ത് ചായയും കുടിച്ച് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എത്രയോ യുവാക്കളുണ്ടാകും നമ്മുടെ നാട്ടിൽ എന്ന് അദ്ദേഹം പറയുന്നു.  വീട്ടിൽ സാമാന്യം സാമ്പത്തികമുള്ള അവരുടെ കൂട്ടുകാരിൽ പലരുടെയും വിവാഹം കഴിയേണ്ട സമയത്തുതന്നെ കഴിയുന്നത് അവർ കാണുന്നുണ്ട്. ഒരു പെണ്ണിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാനുള്ള സൗകര്യമോ ധനസ്ഥിതിയോ ഇല്ലാത്തതുകൊണ്ട് അവർക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. അങ്ങനെ അസംതൃപ്തരായി കഴിയുന്ന അവർക്കു മുന്നിലൂടെ, കൂട്ടുകാർ തങ്ങളുടെ നവവധുക്കളെയും കൂട്ടി നടക്കാനിറങ്ങും. സിനിമയ്ക്ക് പോകുമ്പോഴും, കടലോരത്ത് കാറ്റുകൊള്ളാൻ ചെന്നിരിക്കുമ്പോഴും, ഷോപ്പിങ്ങ് മാൾ സന്ദർശിക്കുന്നതിനിടെയും ഒക്കെ ആ നവദമ്പതികൾ കൈകോർത്തുപിടിച്ചും, കവിളിൽ തഴുകിയും ഒക്കെ പരസ്പരം അടുപ്പം പ്രകടിപ്പിക്കുമ്പോൾ അതുംകണ്ട് അസൂയയോടെ നിൽക്കാൻ മാത്രമേ അവർക്ക് സാധിക്കുന്നുള്ളൂ.  അപ്പോൾ അവർ തങ്ങൾക്ക് അപ്രാപ്യമായി നിൽക്കുന്ന സെക്സ് എന്ന ആനന്ദത്തെപ്പറ്റിയും, വൈവാഹികജീവിതത്തിന്റെ നിർവൃതിയെപ്പറ്റിയും ഓർത്ത് നെടുവീർപ്പിടും. 

ഈ ഒരു അസമത്വം, അസന്തുലിതാവസ്ഥ, വിവേചനം - അതുണ്ടാക്കുന്ന  അസംതൃപ്തി, ചുരുങ്ങിയത് നഗരങ്ങളിലെങ്കിലും അതിനു കാരണമാകുന്നത് നമ്മുടെ സർക്കാരുകളുടെ നയങ്ങൾ കൂടിയാണ് എന്നാണ് ബാനർജി തന്റെ ലേഖനത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. അദ്ദേഹം പറയുന്നു, "പാവങ്ങൾക്ക് താമസിക്കാൻ എന്ന പേരിൽ  കുറഞ്ഞ ചെലവിലുള്ള ഗാർഹികകെട്ടിടങ്ങൾ  നിർമ്മിക്കുന്നതിന് സർക്കാരുകൾ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ അതൊന്നും തന്നെ യഥാർത്ഥത്തിലുള്ള പാവപ്പെട്ടവർക്ക് ലഭിക്കുന്നില്ല. പലയിടത്തും നാലോ അഞ്ചോ നിലകളിൽ കൂടുതൽ അത്തരത്തിലുള്ള ഫ്ളാറ്റുകൾക്ക് അനുമതിയും കിട്ടാറില്ല. റോഡുകൾ ഗർത്തങ്ങൾ നിറഞ്ഞതാണ്. അതിലൂടെ ട്രാൻസ്‌പോർട്ട് വണ്ടികളിലുള്ള ദൈനംദിനയാത്രകൾ നരകതുല്യമായ അനുഭവമാണ് പകരുന്നത്. ഇതെല്ലാം ചേർന്നുകൊണ്ട് നഗരങ്ങളിലെ ഭൂമിയുടെ വില ആകാശം തൊടീക്കുന്നു. അവിടെയൊന്നും നിയമാനുസൃതമായി താമസിക്കാൻ വേണ്ടത്ര ഇടം മധ്യവർഗത്തിന് കിട്ടുന്നില്ല. അനധികൃതമായും, താത്കാലികമായും ഒക്കെയുള്ള ചേരികളിലും, ഛാലുകളിലും തൊട്ടുതൊട്ടുകിടക്കുന കുടുസ്സുഫ്ളാറ്റുകളിലും ഒക്കെയായി പൊതുജനം തലചായ്ക്കാൻ ഇടം കണ്ടെത്തുന്നു. നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിലകൾ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ നേതാവും തയ്യാറാവുന്നില്ല, കാരണം, അതിന്റെ ലാഭത്തിൽ ഒരു പങ്ക് അവർക്കുമുള്ളതാണ്..." 

എന്നാൽ, ഈ പറഞ്ഞതൊന്നും ലൈംഗികാതിക്രമങ്ങൾക്കുള്ള ന്യായീകരണമല്ല എന്നും അദ്ദേഹം അടിവരയിട്ടുതന്നെ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. "പതിനാറുവയസ്സിനുള്ളിൽ വിവാഹം കഴിച്ചിരിക്കണം എന്ന ഉത്തരവ് ഖാപ്പ് പഞ്ചായത്ത് പുറപ്പെടുവിക്കുമ്പോൾ, അവർ മുന്നോട്ടുവെക്കാൻ ഉദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്നത് ലൈംഗികതൃഷ്ണ എന്ന പ്രശ്നത്തിനുള്ള പരിഹാരമാണ്. പക്ഷേ, അത് സമൂഹത്തിന്റെ താത്പര്യങ്ങൾക്ക്, യുവജനങ്ങളുടെ താത്പര്യങ്ങളെക്കാൾ പരിഗണന നൽകിക്കൊണ്ടാണ്. അങ്ങനെ ഒരു പരിഗണന വന്നതുകൊണ്ട് മാത്രം, ഈ പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടോ..? ഇല്ല..! " എന്ന് പറഞ്ഞുകൊണ്ട് തന്റെ ലേഖനം അദ്ദേഹം ഉപസംഹരിക്കുന്നു.

എന്നാൽ ബാനർജിയുടെ ലേഖനം ഒരിടത്തും സ്ത്രീകളുടെ തൃഷ്ണകളെ അഭിസംബോധന ചെയ്യുന്നില്ല. അവരുടെ സമ്മതം എന്നത് അദ്ദേഹത്തിന്റെ ലേഖനത്തിൽ ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ലേഖനങ്ങൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ന്യായീകരണമാവുക മാത്രമാണ് ചെയ്യുക എന്ന് വിമർശകർ പറയുന്നു. 'എത്ര ഗവേഷണം നടത്തിയവരായാലും, അവരിലെ പുരുഷാധിപത്യ പ്രവണതയും സ്ത്രീവിരുദ്ധതയും ഒഴിഞ്ഞുപോകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ബാനർജിയുടെ ഈ ലേഖനം' എന്നാക്ഷേപിച്ചുകൊണ്ടാണ് ഇത് സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

click me!