
ഇന്ത്യയിലേക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്ന് പറയുമ്പോൾ ചില വിദേശികളെങ്കിലും തങ്ങളുടെ നാട്ടുകാരെ അതിൽ നിന്നും നിരുത്സാഹപ്പെടുത്താറുണ്ട്. വൃത്തിയില്ല, സുരക്ഷ ഇല്ല തുടങ്ങി പല കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഇന്ത്യയെ ആളുകൾ ചിലപ്പോൾ ഇകഴ്ത്താറുള്ളത്.
എന്നാൽ, ഇവിടെയെത്തുന്ന പല വിദേശികളും ഇന്ത്യയിൽ നിന്നുള്ള മനോഹരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ പലരും പറയുന്ന കാര്യമാണ് അവർ മുൻവിധിയോടെ കണ്ട ഇടമേയല്ല ഇന്ത്യ എന്ന്. എന്തായാലും അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
കിർഗിസ്ഥാനിൽ നിന്നുള്ള ദമ്പതികളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരാഴ്ചയാണ് ഇരുവരും ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ ചെലവഴിച്ചത്. ദില്ലിയിൽ തങ്ങൾ ഒരാഴ്ച സമയം ചെലവഴിച്ചു. അത് വളരെ ഇഷ്ടപ്പെട്ടുവെന്ന് പറയാനാവുന്നതിൽ സന്തോഷമുണ്ട് എന്നാണ് കൊളിൻ വീഡിയോയിൽ പറയുന്നത്. ദില്ലിയിൽ വരുന്നതിന് മുമ്പ് കിട്ടിയ മുന്നറിയിപ്പ് അത്ര നല്ലതായിരുന്നില്ല എന്നും ദമ്പതികൾ പറയുന്നു.
എന്നാൽ, ഇവിടം പച്ചപ്പ് നിറഞ്ഞതാണ്. ഗതാഗതക്കുരുക്കിലിരിക്കേണ്ടി വന്നിട്ടില്ല. തിരക്ക് അനുഭവപ്പെട്ടില്ല. തികച്ചും മനോഹരം എന്നാണ് ദില്ലിയിൽ നിന്നുള്ള അനുഭവത്തെ കുറിച്ച് കൊളിൻ പറയുന്നത്.
എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളെയും പോലെ, ഡൽഹിയും നല്ലതും ചീത്തയുമായ പ്രദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് തന്നെയാണ്. എന്നാൽ, അതിശയിപ്പിക്കുന്ന തെരുവുകൾ, വാസ്തുവിദ്യ, സംസ്കാരം എന്നിവയെല്ലാം ഇവിടെയുണ്ട് എന്നും ദമ്പതികൾ പറയുന്നു. ഈ നഗരം അനുഭവിച്ചറിയാനായതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും വീഡിയോയിൽ പറയുന്നു.
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ഇവർ പറഞ്ഞത് ശരിയാണ് എന്നും അത് തുറന്നു പറഞ്ഞതിൽ സന്തോഷം എന്നും ഒരുപാട് പേർ കമന്റുകൾ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം