സിനിമയെ വെല്ലുന്ന അനുഭവം; അടുത്ത സുഹൃത്തുക്കളായിട്ടും പരസ്പരം അറിഞ്ഞില്ല, ജനിച്ച് പത്താം നാൾ പിരിഞ്ഞവരെ വിധി ഒരുമിപ്പിച്ചത് ഇങ്ങനെ

Published : Jun 16, 2025, 01:25 PM IST
twins

Synopsis

ഒരു ക്ലാസ്‍മേറ്റാണ് ഹായിയോട് പറയുന്നത് അടുത്തുള്ള ഒരു തുണിക്കടയിലെ ഒരു ജീവനക്കാരി ശരിക്കും അവളെപ്പോലെ തന്നെയാണിരിക്കുന്നത് എന്ന്. കൗതുകം കൊണ്ട് ഹായ് നേരിട്ട് പോയി ആ ടെക്സ്റ്റൈൽ ജീവനക്കാരിയെ കണ്ടു.

സിനിമയേക്കാൾ അതിശയം തോന്നിക്കുന്ന ചില ജീവിതങ്ങൾ എന്നെല്ലാം നാം പറയാറുണ്ട് അല്ലേ? അതുപോലെ ഒരു സംഭവമാണ് അങ്ങ് ചൈനയിൽ നടന്നിരിക്കുന്നത്. ജനിച്ച ഉടനെ തന്നെ രണ്ട് വ്യത്യസ്ത കുടുംബങ്ങൾ ദത്തെടുത്ത സഹോദരിമാർ 17 -ാമത്തെ വയസിൽ കണ്ടുമുട്ടി. ഇരട്ട സഹോദരിമാരാണ് എന്ന് അറിയാതെ തന്നെ അവർ സുഹൃത്തുക്കളായി തീർന്നു.

അതെ അമ്പരപ്പ് തോന്നിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റാണ്. ഷാങ് ഗുവോക്സിൻ, ഹായ് ചാവോ എന്നീ സഹോദരിമാരെ വെറും 10 ദിവസം പ്രായമുള്ളപ്പോഴാണ് അവരുടെ മാതാപിതാക്കൾ ദത്തെടുക്കാനായി വിട്ടു നൽകുന്നത്. ഇവർക്ക് കുഞ്ഞുങ്ങളെ വളർത്താനുള്ള സാമ്പത്തികശേഷി ഇല്ല എന്നതായിരുന്നു കാരണം. രണ്ട് പെൺകുട്ടികളും ഹെബെയ് പ്രവിശ്യയിലെ ഒരേ നഗരത്തിൽ നിന്നുള്ള രണ്ട് കുടുംബങ്ങളിലാണ് എത്തിച്ചേർന്നത്. പരസ്പരം അറിയാതെ തന്നെ അവർ വളർന്നു. എന്നാൽ, വിധി അവരെ ഒരുമിപ്പിക്കുകയായിരുന്നു.

ഒരു ക്ലാസ്‍മേറ്റാണ് ഹായിയോട് പറയുന്നത് അടുത്തുള്ള ഒരു തുണിക്കടയിലെ ഒരു ജീവനക്കാരി ശരിക്കും അവളെപ്പോലെ തന്നെയാണിരിക്കുന്നത് എന്ന്. കൗതുകം കൊണ്ട് ഹായ് നേരിട്ട് പോയി ആ ടെക്സ്റ്റൈൽ ജീവനക്കാരിയെ കണ്ടു. അത് ഷാങ്ങ് ആയിരുന്നു. സഹോദരിയാണ് എന്ന് അറിയില്ലായിരുന്നുവെങ്കിലും ഷാങ്ങിനെ കണ്ട നിമിഷം തന്നെ തനിക്ക് എന്തോ ഒരു ബന്ധം അനുഭവപ്പെട്ടതായി ഹായ് പറയുന്നു.

പിന്നീട് രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി തീർന്നു. അതിന് കാരണങ്ങളുണ്ടായിരുന്നു. രണ്ടുപേരുടെയും ജന്മദിനം ഒന്ന്, കാണാൻ ഒരുപോലെ, ഒരേ ഹെയർ സ്റ്റൈൽ, ഇഷ്ടപ്പെട്ട ഭക്ഷണം ഒരുപോലെ അങ്ങനെ... അങ്ങനെ...

സഹോദരിമാർ സുഹൃത്തുക്കളായത് അറിഞ്ഞുവെങ്കിലും അവരുടെ കുടുംബം അവർ സഹോദരിമാരാണ് എന്ന സത്യം അവരെ അറിയിച്ചില്ല. യഥാർത്ഥ അച്ഛനും അമ്മയും അവരെ കൊണ്ടുപോകുമോ എന്ന പേടിയായിരുന്നു കാരണം. എന്തായാലും, സഹോദരിമാർ സുഹൃത്തുക്കളായി 14 മാസം കഴിഞ്ഞപ്പോൾ കുടുംബം അവരോട് ആ സത്യം തുറന്ന് പറഞ്ഞു.

ഇന്ന് അവർക്ക് 37 വയസുണ്ട്. ഇരുവരും അടുത്തടുത്താണ് വീട് വാങ്ങിയത്. വിവാഹം കഴിച്ചു, മക്കളുണ്ട്. ഇവരുടെ മക്കളും കാണാൻ ഒരുപോലെയാണ് ഇരിക്കുന്നത്. ഒരേ സ്കൂളിലാണ് പഠിക്കുന്നതും. ഇവരെ അധ്യാപകർക്ക് പോലും മാറിപ്പോവാറുണ്ട് എന്നും ഹായും ഷാങ്ങും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?