ബോംബ്, ഗണ്‍, സാറ്റലൈറ്റ്, കുട്ടികള്‍ക്കിടാന്‍ 'വിപ്ലവ'കരമായ പേരുകള്‍ നിര്‍ദേശിച്ച് ഉത്തരകൊറിയ

By Web TeamFirst Published Dec 5, 2022, 6:31 PM IST
Highlights

വിപ്ലവവീര്യം തുടിക്കുന്ന, യുദ്ധവീര്യം തുളുമ്പുന്ന, ദേശസ്‌നേഹം നിറയുന്ന പേരുകളാണ് കുട്ടികള്‍ക്ക് ഇടേണ്ടത് എന്നാണ് മാതാപിതാക്കള്‍ക്കുള്ള നിര്‍ദേശം

ഉത്തരകൊറിയയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്ര വിചിത്രമായ കാര്യങ്ങളാണ് അവിടെനിന്നുള്ള വിവരങ്ങളായി പലപ്പോഴും പുറത്തുവരാറുള്ളത് . ഒരു വിവരവും പുറത്തുവരാത്ത ഉത്തരകൊറിയയില്‍നിന്നല്ല, ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും വരാറുള്ളത്. ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ അഭയം തേടിയ ഉത്തരകൊറിയക്കാരോ അവരുടെ കൂട്ടായ്മകളോ ആണ് പലപ്പോഴും ഈ വിവരങ്ങള്‍ പുറത്തുപറയാറുള്ളത്.  അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്‌നേഹം കൂടി മനസ്സില്‍ കാണണം എന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശമെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പേരുകളൊന്നും ഇനി ഉത്തരകൊറിയയില്‍ പാടില്ല എന്നാണത്രെ പുതിയ നിര്‍ദേശങ്ങളുടെ മുഖ്യഭാഗം. ദക്ഷിണ കൊറിയന്‍ പേരുകളൊക്കെ വളരെ മൃദുവാണ്, അല്‍പ്പം കടുപ്പമുള്ള, വിപ്ലവവീര്യം തുടിക്കുന്ന പേരുകളാണ് ഉത്തരകൊറിയയില്‍ വേണ്ടത് എന്നാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിനുള്ള ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 

ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുക മുമ്പ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. പ്രിയപ്പെട്ടവന്‍' എന്നര്‍ത്ഥം വരുന്ന എ റി, 'സൂപ്പര്‍ ബ്യൂട്ടി' എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ആ ഗണത്തില്‍ ഉള്‍പ്പെടുന്ന പേരുകള്‍ ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ ആ പേരുകള്‍ വേണ്ട എന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം നിര്‍ദേശിക്കുന്നത്. പകരം കുട്ടികള്‍ക്ക് ദേശസ്‌നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

വിപ്ലവവീര്യം തുടിക്കുന്ന, യുദ്ധവീര്യം തുളുമ്പുന്ന, ദേശസ്‌നേഹം നിറയുന്ന പേരുകളാണ് കുട്ടികള്‍ക്ക് ഇടേണ്ടത് എന്നാണ് മാതാപിതാക്കള്‍ക്കുള്ള നിര്‍ദേശം.  'ബോംബ്' എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, വിശ്വസ്ഥത എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, സാറ്റലൈറ്റ് എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി അയല്‍നിരീക്ഷണ സമിതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാല്‍ അധികൃതര്‍ക്ക് പിഴ ഈടാക്കാവുന്നതാണെന്നും നോട്ടീസില്‍ പറയുന്നതായി ബ്രിട്ടീഷ് ടാബ്ലോയിഡ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ പേരുകള്‍ അവസാനിക്കുന്നത് വ്യഞ്ജനാക്ഷരത്തില്‍ ആയിരിക്കണം എന്നാണ് ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശം.ഇങ്ങനെ അല്ലാത്ത പേരുകള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തിയേക്കും. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പേരുകള്‍ അല്ല നല്‍കുന്നതെങ്കില്‍ അതിനെ ദേശവിരുദ്ധതയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് നാട്ടില്‍ നിലവിലുള്ള പേരുകള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതില്‍ ജനങ്ങള്‍ക്കഎതിര്‍പ്പ് ഉണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ പൗരനെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള നത്യ ശത്രുതയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പേരുകള്‍ ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ളത് പോലെയാകരുതെന്ന വാശിയാണത്രെ പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. 
 

click me!