UN Report: കിമ്മും ആറായിരം ഹാക്കര്‍ കള്ളന്‍മാരും കോടികള്‍ കൊള്ളയടിക്കുന്നത് വെറുതെയല്ല

Web Desk   | Asianet News
Published : Feb 07, 2022, 06:24 PM IST
UN Report: കിമ്മും ആറായിരം ഹാക്കര്‍ കള്ളന്‍മാരും കോടികള്‍ കൊള്ളയടിക്കുന്നത് വെറുതെയല്ല

Synopsis

ഉത്തരകൊറിയ മിസൈലുണ്ടാക്കുന്നത് കിമ്മും ഹാക്കര്‍മാരും കൂടി കൊള്ളയടിക്കുന്ന പണം ഉപയോഗിച്ച്  

സാമ്പത്തികമായി തകര്‍ന്നടിഞ്ഞിട്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് എങ്ങനെയാണ്? ലോക രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എവിടെ നിന്നാണ്  അതിനുള്ള പണം കിട്ടുന്നത്? 

ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ആ ചോദ്യത്തിന് ഇപ്പോഴിതാ ഐക്യരാഷ്ട്ര സഭ തന്നെ ഉത്തരം നല്‍കിയിരിക്കുന്നു. കൊള്ളമുതലാണ് അതെന്നാണ് യു എന്നിന്റെ വിശദീകരണം. സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ചാണ് ഇതിനുള്ള പണം ഉത്തര കൊറിയ കണ്ടെത്തുന്നത് എന്നാണ് ഉപരോധ സമിതിയ്്ക്ക് സമര്‍പ്പിച്ച യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്ലോക്ക്ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് കഴിഞ്ഞമാസം പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് യു എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളര്‍ ഈ സംഘം കൈക്കലാക്കിയെന്നാണ് ചൈനാലിസിസ് വെളിപ്പെടുത്തിയിരുന്നത്. 

കഴിഞ്ഞ ഒരൊറ്റ മാസം മാത്രം ഉത്തര കൊറിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായാണ് യു എസ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അടക്കമാണ് ഉത്തരകൊറിയ പരീക്ഷിച്ചു വിജയിച്ചത്. കടലിലൂടെയും ആകാശത്തിലൂടെയും ഒരേ സമയം ആക്രമണങ്ങള്‍ നടത്താന്‍ ശേഷി നല്‍കുന്ന ആയുധങ്ങളുടെ പരീക്ഷണത്തില്‍ ഉത്തരകൊറിയ ഏറെ മുന്നിലാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

ഉത്തകൊറിയയില്‍ ആറായിരം പേരടങ്ങുന്ന വമ്പിച്ച സൈബര്‍ ആര്‍മിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ലാബുകളില്‍ വിദഗധരായ ഹാക്കര്‍മാരാണുള്ളത്.  ഇവരെ ഉപയോഗിച്ച് 2020-21 കാലത്ത് അഞ്ച് കോടി ഡോളറിന്റെ ഡിജിറ്റല്‍ സ്വത്തുക്കളാണ് ഉത്തരകൊറിയ കൊള്ളയടിച്ചത് എന്നാണ് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ ചൈനാലിസിസിന്റ റിപ്പോര്‍ട്ടിലും ഈ കൊള്ളയടിയുടെ കാര്യം വ്യക്തമാക്കിയിരുന്നു. 

400 ദശലക്ഷം ഡോളര്‍ ഈ സംഘം കൈക്കലാക്കിയെന്നാണ് ബ്ലോക്ക്ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്സ്ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ചൈനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 കോടി ഡോളറാണ് ഒരൊറ്റ വര്‍ഷം മാത്രം ഈ ഹാക്കര്‍മാര്‍ കൊള്ളയടിച്ചതെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തില്‍ 40% വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും ആ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

ചൈനാലിസിസ് പറയുന്ന തുക, യഥാര്‍ത്ഥത്തില്‍ 2020 ലെ ഉത്തര കൊറിയയുടെ സമ്പദ്വ്യവസ്ഥയുടെ 1.5 ശതമാനം മാത്രമാണ്. ഉത്തര കൊറിയയുടെ വാര്‍ഷിക സൈനിക ബജറ്റിന്റെ പത്ത് ശതമാനത്തിലധികം വരും. ഉത്തര കൊറിയയുടെ സൈബര്‍ വാര്‍ഫെയര്‍ ഗൈഡന്‍സ് യൂണിറ്റില്‍ 6000 ത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിവരം. ബ്യൂറോ 121 എന്നൊരു പേര് കൂടി ഈ സംഘത്തിനുണ്ടെന്നും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2010-ലും സമാനമായ വിവരം യു എന്‍ വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ ഡോളര്‍ ഉത്തകൊറിയന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തുവെന്നാണ് അന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 

ബാലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും പരീക്ഷിക്കുന്നതിന് യു എന്‍ സുരക്ഷാ സമിതി ഉത്തരകൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ്്. എന്നാല്‍, ഈ ഉപരോധം മറികടന്ന്, സൈബര്‍ കൊള്ള വഴി കാശുണ്ടാക്കി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ് എന്നാണ് യു എന്‍ പറയുന്നത്.  

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി