ബോംബിനോ വിഷവാതകങ്ങള്‍ക്കോ തകര്‍ക്കാനാവില്ല; ആഡംബരങ്ങള്‍ നിറഞ്ഞ് കിമ്മിന്റെ ട്രെയിന്‍!

Published : Sep 18, 2023, 06:13 PM ISTUpdated : Sep 18, 2023, 06:15 PM IST
ബോംബിനോ വിഷവാതകങ്ങള്‍ക്കോ തകര്‍ക്കാനാവില്ല; ആഡംബരങ്ങള്‍ നിറഞ്ഞ് കിമ്മിന്റെ ട്രെയിന്‍!

Synopsis

 കോണ്‍ഫറന്‍സ് മുറികള്‍, ഭക്ഷണമുറികള്‍, ഉറങ്ങാനുള്ള ഇടം,  പിന്നെ സാറ്റലൈറ്റ് ഫോണുകളുള്‍പ്പടെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍. ഇതെല്ലാമുണ്ട് കിമ്മിന്റെ ട്രെയിനില്‍. ബുള്ളറ്റ് പ്രൂഫായതുകാരണം ഭാരക്കൂടുതലാണ്. വേഗവും കുറവ്.

നിഗൂഢതയുടെ മേലങ്കിയണിഞ്ഞ വടക്കന്‍ കൊറിയയും അതിന്റെ നേതാവ് കിം ജോങ് ഉന്നും. യുക്രെയ്ന്‍ അധിനിവേശം കാരണം ഏകാധിപതിയെന്ന പേരുറപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലദീമിര്‍ പുടിന്‍. ഇരുവരും തമ്മിലൊരു കൂടിക്കാഴ്ച നടന്നു.  രാഷ്ട്രീയ നിഗമനങ്ങള്‍ പലതാണ്. പക്ഷേ കൗതുകമായത് മറ്റ് ചിലതാണ്.

കൂടിക്കാഴ്ചക്ക് കിം ജോങ് ഉന്‍ എത്തിയത് തന്റെ പച്ച ട്രെയിനിലാണ്. സ്വന്തം കാറിലേക്ക് കിമ്മിനെ ക്ഷണിച്ചു, പുടിന്‍. ആഡംബരകാറുകളോടു  നല്ല ഭ്രമമാണ് കിമ്മിന്. അതുകൊണ്ട് അവസരം പാഴാക്കിയില്ല.

സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഡോണള്‍ഡ് ട്രംപ് പോലും കിമ്മിനെ തന്റെ ബീസ്റ്റില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഒന്നെത്തിനോക്കാനേ സമ്മതിച്ചുള്ളു. റഷ്യന്‍ ആഡംബര ബ്രാന്‍ഡായ NAMI -യുടെ AURUS SENAT ആണ് പുടിന്റെ കാര്‍. 9 സ്പീഡ്,  598 HORSEPOWER, 14330 പൗണ്ട് ഭാരം. ബോംബ് സ്‌ഫോടനങ്ങള്‍ക്കോ വാതക ആക്രമണങ്ങള്‍ക്കോ തകര്‍ക്കാനാവില്ല. കിമ്മിന്റെ ട്രെയിനും അത്ര മോശമല്ല. വടക്കന്‍ കൊറിയന്‍ നേതാക്കളും അവരുടെ കാര്യങ്ങളും ലോകത്തിന് കൗതുകമാണ്. നിഗൂഢതയുടെ മൂടുപടമാവണം അതിനു കാരണം. 

 

 

ആ നിലയ്ക്ക് കിമ്മിന്റെ ട്രെയിനിനുമുണ്ട് നിഗൂഢത. പക്ഷേ സൗകര്യങ്ങളില്‍ അത്മുമ്പിലാണ്. വലിയൊരു സംഘത്തെ സുഖമായി കൊണ്ടുപോകാം, ഒപ്പം ഭക്ഷണവും. ചര്‍ച്ചകള്‍ക്കും സൗകര്യം. ഇതൊക്കെയാണ് വടക്കന്‍ കൊറിയന്‍ നേതാക്കള്‍ ട്രെയിന്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ വിമാനങ്ങളൊക്കെ പഴകിയിരിക്കുന്നു. അപ്പോള്‍ ട്രെയിനാണ് ഭേദം. സ്പീഡില്ലെങ്കിലും . അതുമൊരു കാരണമാണ്. പക്ഷേ കിമ്മിന്റെ മുത്തച്ഛന്‍ തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പ്രിയം ട്രെയിനാണ്. 

കൊറിയന്‍ യുദ്ധകാലത്ത് തുടങ്ങിയതാണ് രാജ്യത്തിന്റെ സ്ഥാപകനേതാവ് കിം ഇല്‍ സുങിന്റെ ട്രെയിന്‍ യാത്ര. കിംഇല്‍സുങ് വിയറ്റ്‌നാം വിപ്ലവനായകന്‍ ഹോചിമിനുമായി കൂടിക്കാഴ്ച നടത്തിയത് ഈ ട്രെയിനില്‍ യാത്രചെയ്താണ്. പിന്നെ ചൈനീസ് പ്രധാനമന്ത്രി ZHOU ENLAI -മായി. 

മകന്‍ കിം ജോങ്ഇല്ലിന് വിമാന യാത്ര പേടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് യാത്രയെല്ലാം ട്രെയിനിലായിരുന്നു. ഇങ്ങനെയൊരു ട്രെയിന്‍ യാത്രയിലാണ് അദ്ദേഹം മരിച്ചതും. ആ റെയില്‍വേ ക്യാരേജ് ഇന്നും മുസോളിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഇപ്പോള്‍ കിം ജോങ് ഉന്നും. അദ്ദേഹത്തിനും  ട്രെയിനിനോടാണ് പ്രിയം.  ഇടക്ക് വിമാനയാത്രയും ഉണ്ടാവാറുണ്ടെങ്കിലും കമ്പം ട്രെയിനിനോടാണ്.  കോണ്‍ഫറന്‍സ് മുറികള്‍, ഭക്ഷണമുറികള്‍, ഉറങ്ങാനുള്ള ഇടം,  പിന്നെ സാറ്റലൈറ്റ് ഫോണുകളുള്‍പ്പടെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍. ഇതെല്ലാമുണ്ട് കിമ്മിന്റെ ട്രെയിനില്‍. ബുള്ളറ്റ് പ്രൂഫായതുകാരണം ഭാരക്കൂടുതലാണ്. വേഗവും കുറവ്. ആഡംബരത്തില്‍ പക്ഷേ മുന്നിലാണ്. ഏതുതരത്തിലുള്ള ഭക്ഷണവും ചോദിച്ചാല്‍ കിട്ടും. 

അച്ഛനെക്കാളും ഭക്ഷണപ്രിയനാണ് കിം ജോങ് ഉന്‍. സ്വിസ് ചീസും റഷ്യന്‍ ഷാംപെയിനും ഫ്രഞ്ച് കോന്യാക്കുമാണ് കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് പ്രിയം.കിം ജോങ് ഇല്ലിന് ആറ് ആഡംബര ട്രെയിനുകളുണ്ടായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. പക്ഷേ അധികം വിവരങ്ങളൊന്നും ഈ ട്രെയിനുകളെക്കുറിച്ച് പുറത്തുവന്നിട്ടില്ല. എല്ലാം ഇപ്പോഴും രഹസ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ