
ലോകത്തിലെ ഏറ്റവും വേഗതയേറിയ പർവതാരോഹകർ എന്ന നേട്ടം കരസ്ഥമാക്കി നോർവീജിയൻ വനിതയും ഷെർപ്പ ഗൈഡും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ മൂന്നുമാസം കൊണ്ടാണ് ഇവർ കീഴടക്കിയത്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളിൽ 8,000 മീറ്ററിന് (26,246 അടി) മുകളിലുള്ള എല്ലാ കൊടുമുടികളും താണ്ടുന്ന പർവതാരോഹകർ എന്ന ബഹുമതിയാണ് ഇവർ സ്വന്തമാക്കിയത്. 37 -കാരിയായ നോർവീജിയൻ വനിത ക്രിസ്റ്റിൻ ഹാരിലയും നേപ്പാളിൽ നിന്നുള്ള 35 -കാരനായ ടെൻജെൻ ഷെർപ്പയുമാണ് ഈ നേട്ടം സ്വന്തമാക്കിയ പർവ്വതാരോഹകർ.
മൂന്നു മാസങ്ങൾക്കുള്ളിൽ ഏറ്റവും ഉയരമുള്ള 14 കൊടുമുടികളും കയറുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ കാര്യമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. സാധാരണയായി വർഷങ്ങൾ എടുത്താണത്രെ പർവതാരോഹകർ ഇത്തരത്തിൽ ഒരു ദൗത്യം പൂർത്തിയാക്കുക. എന്നാൽ, മാസങ്ങൾ കൊണ്ട് ഇത് പൂർത്തിയാക്കാൻ ക്രിസ്റ്റിൻ ഹാരിലയ്ക്കും ടെൻജെൻ ഷെർപ്പയ്ക്കും കഴിഞ്ഞത് അവരുടെ മനോധൈര്യവും ഇച്ഛാശക്തിയും കൊണ്ടാണെന്നും പർവതാരോഹകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന സെവൻ സമ്മിറ്റ് ട്രെക്സ് (എസ്എസ്ടി) കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ താഷി ലക്പ ഷെർപ പറഞ്ഞു.
2019 -ൽ ആറ് മാസവും ഒരാഴ്ചയും കൊണ്ട് എല്ലാ കൊടുമുടികളും കീഴടക്കിയ നേപ്പാളിൽ നിന്നുള്ള നിർമ്മൽ പുർജയെ പിന്തള്ളിയാണ് അവർ ഏറ്റവും വേഗമേറിയ പർവതാരോഹകർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്. മറ്റ് പർവ്വതാരോഹകർ അവരുടെ നേട്ടം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
ഏപ്രിൽ 26 -ന് ചൈനയിലെ ടിബറ്റ് മേഖലയിലെ ശിഷപങ്മയിൽ നിന്നാണ് ഇവർ ദൗത്യം ആരംഭിച്ചത്. തുടർന്ന് ഇരുവരും നേപ്പാളിലെ എവറസ്റ്റ്, കാഞ്ചൻജംഗ, ലോത്സെ, മകാലു, ചോ ഓയു, ധൗലഗിരി, മനസ്‌ലു, അന്നപൂർണ എന്നിവ താണ്ടി നംഗ പർബത്ത്, ഗാഷെർബ്രം I, ഗഷെർബ്രം II, ബ്രോഡ് പീക്ക് എന്നിവ കീഴടക്കിയതിനുശേഷം ആണ് പാക്കിസ്ഥാനിലെ K2 -ൽ എത്തിയത്. വെറും 92 ദിവസം മാത്രമാണ് ഇവർ 14 കൊടിമുടികൾ പൂർത്തിയാക്കാൻ സമയം എടുത്തത്.