
സൗത്ത് ഡൽഹിയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റി ഗ്രൂപ്പിൽ വന്ന ഒരു വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. അതിൽ, സുരക്ഷാ ജീവനക്കാരെ കുറിച്ചുള്ള ഒരു താമസക്കാരന്റെ പരാമർശമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. ഇയാളുടെ അഹങ്കാരമാണ് ആ വാക്കുകളിലൂടെ തെളിയുന്നത് എന്നാണ് പ്രധാനമായും ആക്ഷേപമുയർന്നത്. സൊസൈറ്റിയിലേക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം നിയന്ത്രിക്കാനായി ഗേറ്റുകൾ അടച്ചിടണം എന്ന് ചില താമസക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മറ്റൊരു താമസക്കാരൻ രംഗത്തെത്തി. ഗേറ്റുകൾ അടച്ചിടുന്നത് താമസക്കാരുടെ വാഹനങ്ങൾക്ക് പോകാനും വരാനുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനു പകരം സെക്യൂരിറ്റി ജീവനക്കാരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കണം എന്നുമായിരുന്നു ഇയാളുടെ വാദം. 'എന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത 'പാവപ്പെട്ട ആളുകളുടെ ഉപജീവനത്തിന്' പണം നൽകാൻ ഞാൻ ബാധ്യസ്ഥനല്ല' എന്നായിരുന്നു അതേ മെസ്സേജിൽ സെക്യൂരിറ്റി ജീവനക്കാരെ കുറിച്ച് ഇയാൾ പറഞ്ഞത്.
ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് വൈകാതെ എക്സിൽ (ട്വിറ്റർ) പ്രചരിക്കുകയായിരുന്നു. പിന്നാലെ ഇതേച്ചൊല്ലി വലിയ ചർച്ചകളും നടന്നു. പണമുള്ളതിന്റെ അഹങ്കാരമാണ് ഈ വാക്കുകളിൽ നിഴലിക്കുന്നതെന്നായിരുന്നു പലരും കുറിച്ചത്. അധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള പുച്ഛമാണ് ഇത്തരക്കാരുടെ മുഖമുദ്രയെന്നും, സെക്യൂരിറ്റി ജീവനക്കാരെ പോലെയുള്ള സാധാരണക്കാരുടെ സേവനമില്ലാതെ ഇവർക്ക് ഒരു ദിവസം പോലും മുന്നോട്ട് പോകാനാവില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും വിമർശിച്ചു.
അതേസമയം, ഈ പ്രസ്താവനയിൽ തെറ്റൊന്നുമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. തങ്ങൾ പണം നൽകുന്നത് ഒരു സേവനത്തിനാണെന്നും, ആ ജോലി കൃത്യമായി ചെയ്യാൻ കഴിയാത്തവരെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നും ഇവർ വാദിച്ചു. അതേസമയം, പറയാനുള്ളത് മാന്യമായ ഭാഷയിലൂടെ മര്യാദയ്ക്ക് പറയാമെന്നും പലരും പറഞ്ഞു. എന്തായാലും, സെക്യൂരിറ്റി ജീവനക്കാരെ കുറിച്ച് ഇയാൾ നടത്തിയ പരാമർശം നെറ്റിസൺസിനിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.