അഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം പി.ആർ ലഭിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ യുവാവ് നേരിടുന്നത് കടുത്ത മാനസിക പീഡനം. വിദേശത്തായിരുന്നപ്പോൾ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിട്ടും, ഇപ്പോൾ സ്വന്തം അമ്മയിൽ നിന്നുപോലും കടുത്ത പരിഹാസമാണ് നേരിടേണ്ടി വരുന്നതെന്ന് യുവാവിന്‍റെ കുറിപ്പ്.
അഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 26 -കാരനായ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയുടെ ഹൃദയഭേദകമായ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. വിദേശത്തായിരുന്നപ്പോൾ സ്വന്തം വിദ്യാഭ്യാസ വായ്പ അടയ്ക്കുന്നതിനൊപ്പം കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിട്ടും, സ്ഥിരതാമസം (PR) ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന യുവാവാണ് തന്‍റെ സങ്കടം പങ്കുവെച്ചത്. എന്നാൽ, നാട്ടിലെത്തിയപ്പോൾ ആശ്വാസവാക്കുകൾക്ക് പകരം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സ്വന്തം അമ്മയുടെ ഭാഗത്ത് നിന്നുള്ള ക്രൂരമായ പരിഹാസങ്ങളുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
'അന്ന് എല്ലാവരെയും മിസ് ചെയ്തു, പക്ഷേ ഇന്ന്...'
"അഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ആളുകൾ എന്നോട് ഇത്രയും വ്യത്യസ്തമായി പെരുമാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല," യുവാവ് കുറിച്ചു. "2021-ലാണ് ഞാൻ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായി കാനഡയിലേക്ക് പോയത്. 5 വർഷം അവിടെ നിന്നെങ്കിലും നിർഭാഗ്യവശാൽ എനിക്ക് പി.ആർ നേടിയെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങുകയല്ലാതെ എനിക്ക് മറ്റ് വഴികളില്ലായിരുന്നു. കാനഡയിലായിരുന്നപ്പോൾ എന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങുന്നത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇപ്പോൾ എന്‍റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി." യുവാവ് കുറിച്ചു.
വേദനിപ്പിച്ചത് സ്വന്തം കുടുംബത്തിന്‍റെ പെരുമാറ്റം
നാട്ടിലെത്തിയപ്പോൾ യുവാവ് ആദ്യം ശ്രദ്ധിച്ചത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. വിവാഹ പ്ലാനുകളെക്കുറിച്ച് ആളുകൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്നാൽ, അതിനേക്കാളൊക്കെ ഉപരിയായി തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് സ്വന്തം കുടുംബത്തിന്‍റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.
"ഞാൻ കാനഡയിലായിരുന്നപ്പോൾ എല്ലാ മാസവും നാട്ടിലേക്ക് പണം അയക്കുമായിരുന്നു. ഞാൻ എടുത്ത സ്റ്റുഡന്‍റ് ലോൺ ഇപ്പോഴും സ്വന്തമായാണ് അടച്ചുതീർക്കുന്നത്. ഇതിനിടയിലും വീട്ടിലെ ചെലവുകൾക്കും ഇ.എം.ഐ അടവുകൾക്കുമായി എല്ലാ മാസവും പണം അയച്ചിരുന്നു. അപ്പോഴൊക്കെ എല്ലാം ശുഭമായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ ജോലിയില്ലാതെയാണ് നാട്ടിൽ നിൽക്കുന്നത്. ഒരു ജോലി കണ്ടെത്തുന്നത് വരെ, അടുത്ത ഒന്നോ രണ്ടോ മാസത്തെ ലോൺ അടവിനുള്ള സമ്പാദ്യം മാത്രമേ കൈയിലുള്ളൂ.
'അമ്മ നിന്ന് പോലും...'
എന്നാൽ, എനിക്ക് മാനസിക പിന്തുണ നൽകുന്നതിന് പകരം സ്വന്തം അമ്മയിൽ നിന്ന് പോലും ഞാൻ കേൾക്കേണ്ടി വരുന്നത് കഠിനമായ വാക്കുകളാണ്. 'മറ്റുള്ളവരെപ്പോലെ പി.ആർ കിട്ടാൻ നീ വേണ്ടത്ര കഠിനാധ്വാനം ചെയ്തിട്ടുണ്ടാകില്ല', 'നീ കാനഡയിലേക്ക് പോകേണ്ടതേ ഇല്ലായിരുന്നു, വെറുതെ പണം കളഞ്ഞു' എന്നൊക്കെയാണ് അമ്മ പറയുന്നത്. എന്ത് പണമാണ് കളഞ്ഞത്? ആ സ്റ്റുഡന്‍റ് ലോൺ ഇപ്പോഴും അടയ്ക്കുന്നത് ഞാനാണ്! ഞാൻ വിദേശത്തായിരുന്നപ്പോൾ ആളുകൾ എന്നോട് സംസാരിച്ച രീതിയും, ഇപ്പോൾ അവർ എന്നോട് പെരുമാറുന്നതും തമ്മിലുള്ള വ്യത്യാസം സത്യത്തിൽ ഹൃദയഭേദകമാണ്." മാനസികമായി പൂർണ്ണമായും തളർന്ന അവസ്ഥയിലാണ് താനെന്നും, ഈ കഠിനമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിനേക്കാൾ ഭേദം കാനഡയിൽ നിയമവിരുദ്ധമായി തുടരുന്നതായിരുന്നുവെന്ന് തോന്നുന്ന നിമിഷങ്ങൾ പോലുമുണ്ടെന്നും ഈ യുവാവ് കുറിച്ചു.
'തളരരുത്...'
ഈ റെഡ്ഡിറ്റ് പോസ്റ്റിന് താഴെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി എത്തിയത്. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തളരരുതെന്നും ഭൂരിഭാഗം പേരും ഉപദേശിച്ചു. "നാട്ടിൽ തിരിച്ചെത്തിയ സ്ഥിതിക്ക് ഇനി അടുത്തതായി എന്ത് ചെയ്യണം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആളുകളുടെ വാക്കുകൾ വളരെ പെട്ടെന്ന് മാറും. നാളെ നല്ല ശമ്പളമുള്ള ഒരു ജോലി കിട്ടിയാൽ ഇതേ ആളുകൾ തന്നെ നിങ്ങളെ ഒരു വിജയിയായി വാഴ്ത്തും. അതുകൊണ്ട് നല്ലതായാലും ചീത്തയായാലും മറ്റുള്ളവരുടെ വാക്കുകൾ ഹൃദയത്തിലേക്ക് എടുക്കരുത്, നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക." എന്നായിരുന്നു ഒരാൾ കുറിച്ചത്. മറ്റൊരു കമന്‍റ് ഇങ്ങനെ, "ഇത് തന്നെയാണ് ജീവിതത്തിലെ ദയനീയമായ യാഥാർത്ഥ്യം. ആവശ്യത്തിന് മാത്രം നമ്മളെ സ്നേഹിക്കുന്നവരാണ് പലരും." മറ്റൊരു വ്യക്തി പ്രത്യാശ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ "ഇന്ത്യയിൽ ഒരു രണ്ട് വർഷം കൂടി കാത്തിരിക്കൂ, നിങ്ങൾ വീണ്ടും കരിയറിന്‍റെ മുൻനിരയിലേക്ക് തിരിച്ചെത്തും. തളരരുത്."


