
പുതിയ റോഡുകൾ പണിയുമ്പോഴും റോഡുകൾക്ക് വീതി കൂട്ടുമ്പോഴും പ്രവൃത്തികൾക്ക് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. അതൊരു വലിയ പാരിസ്ഥിതിക പ്രശ്നമായി ആരും കാണുന്നില്ല എന്നതാണ് സത്യം. എന്നാൽ, തെലങ്കാനയിൽ ഒരു വിദേശ വ്യവസായി ചെയ്തത് നേരെ തിരിച്ചാണ്. തൻറെ നാടിൻറെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാൻ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി മുറിച്ചു നീക്കാൻ തീരുമാനിച്ച മരങ്ങൾ വേരോടെ പിഴുതെടുത്ത് മറ്റു സ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കുകയാണ് ഇയാൾ. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ ട്രാൻസ്പ്ലാൻറ് നടപടിക്രമത്തിലൂടെ നിരവധി മരങ്ങളാണ് ഇദ്ദേഹം മാറ്റി നട്ടത്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിസാമാബാദ് ജില്ലയിലെ കമ്മാർപള്ളി ഗ്രാമത്തിൽ 70 നും 80 നും ഇടയിൽ പ്രായമുള്ള നിരവധി മരങ്ങളാണ് മുറിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചത്. എന്നാൽ, ഈ വിവരം അറിഞ്ഞ വിദേശ വ്യവസായി പ്രധാന റോഡിൻറെ ഇരുവശങ്ങളിലും ആയി നിന്നിരുന്ന മുറിച്ചുമാറ്റാൻ തീരുമാനിച്ച മരങ്ങൾ മുഴുവൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടാൻ തീരുമാനിക്കുകയായിരുന്നു.
ഇസ്രായേലിൽ ജോലി ചെയ്യുന്ന അതേ ഗ്രാമത്തിലെ ഗുഗ്ഗിലം ദേവരാജാണ് മരങ്ങൾ പിഴുതുമാറ്റാനുള്ള സർക്കാർ തീരുമാനം സുഹൃത്തുക്കളിലൂടെ അറിഞ്ഞത്. ഇസ്രായേലിലെ പഴയ മരങ്ങൾ പറിച്ചുനടുന്ന നടപടിക്രമം അദ്ദേഹത്തിന് പരിചിതമാണ്. സ്വന്തം ഗ്രാമത്തിലെ കാലപ്പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ ഇത് നടപ്പാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തുടർന്ന് അദ്ദേഹം നടപടിക്രമങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഗ്രാമവാസികളുമായും ചർച്ച ചെയ്തു. മരങ്ങൾ പറിച്ചുനടാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്നും ദേവരാജ് ഉറപ്പുനൽകി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അദ്ദേഹത്തോട് യോജിച്ചു. അങ്ങനെ 15 ഭീമാകാരമായ മരങ്ങൾ റോഡിന്റെ ഇരുവശത്തുനിന്നും വേരുകളോടൊപ്പം ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഗ്രാമത്തിലും സമീപ വനമേഖലയിലും പിഴുതെടുത്ത മരങ്ങൾ വീണ്ടും നട്ടു പിടിപ്പിച്ചു.
(ചിത്രം പ്രതീകാത്മകം)