ജർമ്മനിയിലെ തട്ടിപ്പ് സർവ്വകലാശാലകളെ കരുതിയിരിക്കുക, വൻ ചതി; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി പോസ്റ്റ്

Published : Jun 09, 2026, 03:56 PM IST
students

Synopsis

ജർമ്മനിയിലെ തട്ടിപ്പ് സ്വകാര്യ സർവ്വകലാശാലകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യക്കാരന്‍റെ പോസ്റ്റ്. വിദേശപഠനത്തിനായി കുടുംബത്തിന്റെ ഭൂമി വിൽക്കുകയോ 30 ലക്ഷം രൂപയോളമുള്ള വലിയ വിദ്യാഭ്യാസ വായ്പകൾ എടുക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പിൽ മികച്ച കരിയറും ജീവിതവും വാഗ്ദാനം ചെയ്ത് വൻ തുക ഈടാക്കുന്ന ജർമ്മനിയിലെ തട്ടിപ്പ് സ്വകാര്യ സർവ്വകലാശാലകളിൽ വൻതുക കടമെടുത്ത് പഠിക്കാൻ പോകരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഒരു പോസ്റ്റ്. 'പോപ്പുലേഷൻസ്' എന്ന AI സ്ഥാപനത്തിന്റെ സ്ഥാപകനും ഗവേഷകനുമായ മയൂഖ് പഞ്ജയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്.

'യൂറോപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി പൊതുജനതാത്പര്യാർത്ഥം ഒരു അറിയിപ്പ് നൽകുകയാണ്' എന്ന് കുറിച്ചുകൊണ്ട് ആരംഭിച്ച പോസ്റ്റിൽ, മൂന്നാംകിട സ്വകാര്യ സർവ്വകലാശാലകളിൽ പ്രവേശനത്തിനായി വൻ തുക ലോണെടുത്ത് ദാരിദ്ര്യത്തിലേക്ക് വഴുതിവീഴരുതെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. ബെർലിനിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മയൂഖ് എഴുതിയത് ഇങ്ങനെ: 'ബെർലിനിൽ ഡെലിവറി സർവീസുകളിലും റെസ്റ്റോറന്റുകളിലും മറ്റ് താല്ക്കാലിക ജോലികളിലും 12 മണിക്കൂറിലധികം ജോലി ചെയ്യുന്ന, കടുത്ത ചൂഷണത്തിന് ഇരയാകുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട്. വളരെ കുറഞ്ഞ ശമ്പളം മാത്രം ലഭിക്കുന്ന അവരുടെ അവസ്ഥ എന്നെ ഏറെ വിഷമിപ്പിക്കുന്നു.'

ജർമ്മനിയിലെ ചില സ്വകാര്യ സർവ്വകലാശാലകൾ കേവലം വിസ ലഭിക്കാൻ മാത്രം സഹായിക്കുന്ന സ്ഥാപനങ്ങൾ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യൂറോപ്പിലെ മികച്ച ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ വിറ്റഴിക്കുന്ന ഈ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾ വിദ്യാർത്ഥികളുടെ കരിയറിന് യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ വളരെ കുറവാണെന്നും, പഠനനിലവാരം വളരെ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കെണിയിൽ പെടുന്ന വിദ്യാർത്ഥികൾ ജീവിതച്ചെലവിനായി നിയമവിരുദ്ധവും കുറഞ്ഞ ശമ്പളമുള്ളതുമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുകയും, തട്ടിപ്പ് കമ്പനികളുടെ ഇരകളായി മാറുകയും ചെയ്യുന്നു. പിന്നീടാണ് തങ്ങൾ പഠിച്ച ഡിഗ്രിക്ക് ജർമ്മനിയിലോ ഇന്ത്യയിലോ യാതൊരു വിലയുമില്ലെന്ന് അവർ തിരിച്ചറിയുന്നത് എന്നും മയൂഖ് കൂട്ടിച്ചേർത്തു.

ജർമ്മനിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ സർക്കാർ ഉടമസ്ഥതയിലുള്ള പൊതു സർവ്വകലാശാലകളിൽ അപേക്ഷിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഇവിടെ പഠനച്ചെലവ് വളരെ കുറവോ സൗജന്യമോ ആണ്. എന്നാൽ കർശനമായ പ്രവേശന പരീക്ഷകളും ഉയർന്ന പഠനനിലവാരവും ഇവയ്ക്കുണ്ടാകും. വിദേശപഠനത്തിനായി കുടുംബത്തിന്റെ ഭൂമി വിൽക്കുകയോ 30 ലക്ഷം രൂപയോളമുള്ള വലിയ വിദ്യാഭ്യാസ വായ്പകൾ എടുക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ള അത്രയും ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്നവയിൽ വലിയൊരു പങ്ക് തട്ടിപ്പായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, റിസർച്ച്, എഞ്ചിനീയറിംഗ് മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജർമ്മനി ഇപ്പോഴും മികച്ചൊരു രാജ്യമാണെന്ന് മയൂഖ് വ്യക്തമാക്കി. 'അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങൾ ജർമ്മനിയിലുണ്ട്. കൂടാതെ മികച്ച എഞ്ചിനീയറിംഗ് ,സോഫ്റ്റ്‌വെയർ ഒഴികെയുള്ള കമ്പനികളും ഇവിടെയുണ്ട്. ഈ മേഖലകളിൽ ജോലി ലഭിക്കുകയാണെങ്കിൽ ജർമ്മനി അതിമനോഹരമായ ഒരു സ്ഥലമാണ്' അദ്ദേഹം കുറിച്ചു.

 

 

മയൂഖിന്റെ പോസ്റ്റിന് വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. യൂറോപ്പിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധിപ്പേർ രംഗത്തെത്തി. ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെ: 'ഇവിടെ വന്നാൽ പോലും 70,000 - 80,000 യൂറോ ശമ്പളമുള്ള ഒരു ജോലി കണ്ടെത്തുക എളുപ്പമല്ല. മിക്ക ജോലികൾക്കും B2 ലെവൽ ജർമ്മൻ ഭാഷാ ജ്ഞാനം നിർബന്ധമാണ്. ശമ്പളവർദ്ധനവ് ആകട്ടെ വെറും 1-2 ശതമാനം മാത്രമാണ്. പെട്ടെന്നുള്ള വിജയവഴികൾ തേടാതെ ഇന്ത്യയിൽ തന്നെ ജോലി ചെയ്ത് വളരുന്നതാണ് യുവാക്കൾക്ക് നല്ലത്.'

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങളുടെ സമ്മാനം വാങ്ങി നല്‍കി, പിറ്റേന്ന് ബ്രേക്കപ്പ് പറഞ്ഞു; കാമുകിയെ കോടതി കയറ്റാൻ യുവാവ്
10 ദിവസത്തെ അവധി കഴിഞ്ഞു, ജീവനക്കാരന് 1 ദിവസം കൂടി വിശ്രമിക്കാന്‍ അവധി നല്‍കി ബോസ്!