
കാലിഫോർണിയ(California)യിൽ ചൂതാട്ടത്തിനായി 6.23 കോടി രൂപ മോഷ്ടിച്ചുവെന്ന കുറ്റത്തിന് ഒരു കന്യാസ്ത്രീയെ തിങ്കളാഴ്ച ഒരു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. മേരി മാർഗരറ്റ് ക്രൂപ്പർ (Mary Margaret Kreuper) എന്ന 80 -കാരിയാണ് സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളിൽ പ്രിൻസിപ്പലായിരിക്കെ അവിടെ നിന്ന് പലപ്പോഴായി പണം തട്ടിയത്. ഇപ്പോൾ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് അവർ ജയിൽശിക്ഷ അനുഭവിക്കാൻ പോകുന്നത്.
തന്നെ ജയിലിലേക്ക് അയക്കരുതെന്ന് അവർ ജഡ്ജിയോട് കരഞ്ഞ് പറഞ്ഞു. "ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എനിക്ക് ഒഴികഴിവുകളൊന്നുമില്ല" ക്രൂപ്പർ ടെലികോൺഫറൻസിലൂടെ പറഞ്ഞു. “എന്റെ പ്രവൃത്തികൾ എന്റെ കൽപ്പനകൾ, നിയമം, എല്ലാറ്റിനുമുപരിയായി, പലരും എന്നിൽ അർപ്പിച്ചിരുന്ന പവിത്രമായ വിശ്വാസത്തിന്റെ ലംഘനമായിരുന്നു. എനിക്ക് തെറ്റുപറ്റി, ഒരുപാട് ആളുകൾക്ക് ഞാൻ വരുത്തിയ വേദനയ്ക്കും കഷ്ടപ്പാടിനും ഞാൻ അഗാധമായി ഖേദിക്കുന്നു” അവർ പറഞ്ഞു. ജയിൽ ശിക്ഷയ്ക്ക് പുറമെ പ്രിൻസിപ്പലായിരുന്ന സമയത്ത് സ്കൂളിൽ നിന്ന് മോഷ്ടിച്ച മുഴുവൻ തുകയും സ്‌കൂളിന് തിരികെ നൽകാനും കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജൂലൈയിൽ അവൾ കുറ്റം സമ്മതിക്കുകയും തന്റെ കാലത്ത് ഒരു ദശകത്തിലേറെയായി സ്കൂളിൽ നിന്ന് പണം അപഹരിച്ചതായി സമ്മതിക്കുകയും ചെയ്തു.
ഹർജി പ്രകാരം, അപഹരിച്ച പണം ക്രൂപ്പർ തന്റെ സ്വകാര്യ ചെലവുകൾക്കാണ് ഉപയോഗിച്ചത്. പഠനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സ്‌കൂളിലേക്ക് അയച്ച പണം കന്യാസ്ത്രീയുടെ നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇത് പുറത്തറിയുമെന്ന ഘട്ടം വന്നപ്പോൾ, ഇത് സംബന്ധിച്ച രേഖകൾ നശിപ്പിക്കാൻ പോലും ക്രൂപ്പർ ശ്രമിച്ചു. പിന്നീട് ഒരു പുതിയ പ്രിൻസിപ്പലിനായി അതിരൂപത സാമ്പത്തിക അവലോകനം നടത്തുകയും, ക്രൂപ്പർ വിരമിച്ചതിന് ശേഷം നിയമപരമായ രേഖകളിൽ ചില പ്രശ്‌നങ്ങൾ കാണുകയും ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്ത് വന്നത്. കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കന്യാസ്ത്രീ കുറ്റം സമ്മതിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, ലോസ് ഏഞ്ചൽസ് അതിരൂപത ആദ്യം അവരോട് ഇതേ കുറിച്ച് തിരക്കിയപ്പോൾ, പുരോഹിതന്മാർക്ക് കന്യാസ്ത്രീകളേക്കാൾ മികച്ച ശമ്പളം ഉണ്ടെന്നും, എന്തുകൊണ്ട് തനിക്കും കൂടുതൽ പണം നേടിക്കൂടാ എന്നും അവർ വാദിച്ചു. ആറ് പതിറ്റാണ്ട് മുമ്പ് ദാരിദ്ര്യം, പവിത്രത, അനുസരണ എന്നിവയിൽ ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്ത അവർ, ആഡംബരമായ ജീവിതമാണ് നയിച്ചിരുന്നത്. ചൂതാട്ടം ശീലിച്ച അവർ വലിയ ചൂതാട്ട പന്തയങ്ങളിൽ പങ്കെടുക്കുമായിരുന്നു. കൂടാതെ, അവധിക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും, ശൈത്യകാലത്ത് സ്കീ ചെയ്യാനും, ലേക് താഹോ പോലുള്ള മനോഹരമായ റിസോർട്ടുകളിൽ താമസിക്കാനും ആഡംബര യാത്രകൾ നടത്താനും കന്യാസ്ത്രീ പണം ഉപയോഗിച്ചു. ഒടുവിൽ ചിലവുകൾ കൂടിയപ്പോൾ, സ്‌കൂൾ ഫീസിന് പുറമെ കൂടുതൽ പണം സംഭാവന ചെയ്യാൻ മാതാപിതാക്കളോട് അവർ ആവശ്യപ്പെടുകയും ചെയ്തു.
കന്യാസ്ത്രീ 2018 -ൽ വിരമിക്കുന്നതുവരെ ഏകദേശം 28 വർഷത്തോളം പ്രാഥമിക വിദ്യാലയത്തിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. കന്യാസ്ത്രീയാകുമ്പോൾ അവർക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 80 വയസ്സുകാരി തന്റെ ജീവിതത്തിലെ 59 വർഷം സഭയ്‌ക്കായി സമർപ്പിച്ചു. കഴിഞ്ഞ മൂന്നര വർഷമായി ക്രൂപ്പർ വീട്ടുതടങ്കലിലാണ്. അനുവാദമില്ലാതെ അവൾക്ക് എവിടെയും പോകാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ തിങ്കളാഴ്ചത്തെ വാദത്തിനൊടുവിൽ, 2022 ജൂൺ 7 -നകം ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിലേക്ക് മാറാൻ കോടതി അവരോട് ആവശ്യപ്പെട്ടു.