അന്തേവാസികളെ സന്തോഷിപ്പിക്കാൻ സ്ട്രിപ്പറെ വരുത്തി, ആസ്വദിച്ച് വൃദ്ധർ, പുലിവാല് പിടിച്ച് സ്ഥാപനം

By Web TeamFirst Published Sep 15, 2022, 10:26 AM IST
Highlights

എന്നാൽ, വീ‍ഡിയോ വൈറലായതോടെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിന് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സ്ഥാപനത്തിന് നേരിടേണ്ടി വന്നത്. അതോടെ സ്ഥാപനം ക്ഷമ പറഞ്ഞ് രം​ഗത്തെത്തി.

വയോധികന്മാർക്ക് വേണ്ടി സ്ട്രിപ്പറെ വരുത്തിയതിന് ക്ഷമ പറയേണ്ടി വന്നിരിക്കയാണ് തായ്‍വാനിലെ ഒരു നഴ്സിം​ഗ് ഹോമിന്. വീൽചെയറിൽ കഴിയുന്ന വൃദ്ധന്മാരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ട്രിപ്പറെ കൊണ്ട് പെർഫോം ചെയ്യിപ്പിച്ചത്. ചൈനയിലെ വളരെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക പരിപാടിയാണ് മിഡ് ഓട്ടമൻ ഫെസ്റ്റിവൽ. ആ സമയത്താണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കായി സർക്കാർ നടത്തുന്ന സ്ഥാപനമായ തായ്‍വാൻ വെറ്ററൻസ് ഹോം, സ്ട്രിപ്പറെ വരുത്തിയത്. 

അതിൽ പങ്കെടുത്ത ഒരാളാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടതോടെ ഉടനടി വൈറലായി. വീഡിയോയിൽ സ്ട്രിപ്പർ പെർഫോം ചെയ്യുന്നതും ഒരുപാട് വൃദ്ധന്മാർ വീൽചെയറിലിരുന്ന് പൊട്ടിച്ചിരിക്കുന്നതും കയ്യടിക്കുന്നതും സന്തോഷിക്കുന്നതും ഒക്കെ കാണാം. 

എന്നാൽ, വീ‍ഡിയോ വൈറലായതോടെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിന് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സ്ഥാപനത്തിന് നേരിടേണ്ടി വന്നത്. അതോടെ സ്ഥാപനം ക്ഷമ പറഞ്ഞ് രം​ഗത്തെത്തി. അവിടെ ഉണ്ടായിരുന്ന ആളുകളെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. അത് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞത്. 

കഴിഞ്ഞ വർഷങ്ങളിലൊന്നും തന്നെ മിഡ് ഓട്ടമൻ ഫെസ്റ്റിവൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തിൽ അവരുടെ അന്തേവാസികളെ ഒന്ന് സന്തോഷിപ്പിക്കുക, ഊർജ്ജസ്വലരാക്കുക എന്ന ലക്ഷ്യം മാത്രമേ പരിപാടിക്കുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും വരും വർഷങ്ങളിൽ ഇത്തരം പരിപാടികൾ നടത്താതെ, ഇങ്ങനെ അബദ്ധം പറ്റാതെ ശ്രദ്ധിക്കും എന്നും സ്ഥാപനം വ്യക്തമാക്കി. 

ഏതായാലും നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടിയെയും സ്ഥാപനത്തേയും വിമർശിച്ചത്. അതേ സമയം, ആ വൃദ്ധന്മാർ അത് ആസ്വദിക്കുന്നതായിട്ടാണ് കാണുന്നത്, അതിലെന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരും ഉണ്ട്. 

click me!