വസന്തകാലമാണ് പുനരധിവാസ കേന്ദ്രത്തിൽ ഏറ്റവും തിരക്കേറിയ സമയം. മാതാപിതാക്കൾ നഷ്ടപ്പെട്ടതോ പരിക്കേറ്റതോ ആയ റാക്കൂൺ കുഞ്ഞുങ്ങളെ വനപാലകരും ഡോക്ടർമാരും നാട്ടുകാരും ഇവിടെ എത്തിക്കുന്നു.
രണ്ട് ചെറിയ റാക്കൂൺ കുഞ്ഞുങ്ങളുടെ വേർപാടിൽ നിന്ന് കടുത്ത മാനസിക വിഷമത്തിലായ ദമ്പതികൾ ഇന്ന് നൂറുകണക്കിന് വന്യജീവികൾക്ക് പുതുജീവൻ നൽകുകയാണ്. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ റാക്കൂണുകളെ ശുശ്രൂഷിച്ച് പ്രകൃതിയിലേക്ക് തന്നെ മടക്കിയയക്കുകയാണ് അമേരിക്കയിലെ ന്യൂയോർക്കിലുള്ള പോൾ ബുക്ക്ബൈൻഡർ, സാറ ബുക്ക്ബൈൻഡർ ദമ്പതികൾ.
ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഉപേക്ഷിക്കപ്പെട്ട രണ്ട് റാക്കൂൺ കുഞ്ഞുങ്ങളെ പോളും സാറയും ഏറ്റെടുക്കുന്നത്. പൂച്ചകളെയും നായ്ക്കളെയും ചികിത്സിക്കുന്ന വെറ്ററിനറി ഡോക്ടറായ പോളിന് റാക്കൂണുകളെ പരിപാലിച്ചുള്ള പരിചയമുണ്ടായിരുന്നില്ല. സ്റ്റാൻലി, ലോറൽ എന്ന് പേരിട്ട ഈ കുഞ്ഞുങ്ങളെ താൽക്കാലികമായി തങ്ങളുടെ സൈക്കിൾ ഷെഡ്ഡിലാണ് ഇവർ പാർപ്പിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്നാൽ, ഇവയെ ഏൽപ്പിക്കാൻ അനുയോജ്യമായ വന്യജീവി പുനരധിവാസ കേന്ദ്രങ്ങൾ അന്വേഷിച്ചെങ്കിലും സ്ഥലം ലഭ്യമായിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ ആ രണ്ട് കുഞ്ഞുങ്ങളും ചത്തുപോയി. ഈ അനുഭവം ദമ്പതികളെ ഏറെ വേദനിപ്പിച്ചു. ഇനി ഒരു റാക്കൂണിനും ഇത്തരം ഒരു ഗതി വരരുത് എന്ന ദൃഢനിശ്ചയമാണ് ഇവരെ പുതിയൊരു വഴിയിലേക്ക് നയിച്ചത്.
2018-ൽ ന്യൂയോർക്കിലെ ഈർവിൽ എന്ന സ്ഥലത്തെ 53 ഏക്കറിൽ ഇരുവരും ചേർന്ന് 'ചാൾസ് എൻ. ഗോർഡൻ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ സെന്റർ' ആരംഭിച്ചു. മൃഗസംരക്ഷണത്തിനായി കൂടുതൽ സമയം നീക്കിവെക്കുന്നതിനായി പിന്നീട് ഇവർ സ്വന്തം വീട് വിറ്റ് ഈ പുനരധിവാസ കേന്ദ്രത്തിലെ ഭൂമിയിലേക്ക് താമസം മാറ്റി. ഇക്കാലയളവിനുള്ളിൽ 800 -ലധികം റാക്കൂണുകളെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
വെക്കേഷനും കുടുംബസംഗമങ്ങളും ഉറക്കവും വരെ ത്യജിച്ചാണ് ഇവർ മൃഗങ്ങളെ പരിചരിക്കുന്നത്. "അവയുടെ കണ്ണുകളിൽ കാണുന്ന ബുദ്ധിശക്തി മറ്റ് മൃഗങ്ങളിൽ നിന്നും തികച്ചും വേറിട്ട ഒന്നാണ്" എന്ന് സാറ പറയുന്നു.
വസന്തകാലമാണ് പുനരധിവാസ കേന്ദ്രത്തിൽ ഏറ്റവും തിരക്കേറിയ സമയം. മാതാപിതാക്കൾ നഷ്ടപ്പെട്ടതോ പരിക്കേറ്റതോ ആയ റാക്കൂൺ കുഞ്ഞുങ്ങളെ വനപാലകരും ഡോക്ടർമാരും നാട്ടുകാരും ഇവിടെ എത്തിക്കുന്നു. ദിവസവും ഇരുന്നൂറിലധികം ബോട്ടിലുകളിൽ സാറ ഇവയ്ക്ക് പ്രത്യേകം തയ്യാറാക്കിയ പാൽ നൽകുന്നു.
അല്പം വളരുമ്പോൾ ഇവയെ തുറസ്സായ ഷെഡുകളിലേക്ക് മാറ്റുകയും പ്രകൃതിയിൽ നിന്ന് സ്വയം ഭക്ഷണം കണ്ടെത്താൻ (മുട്ടകൾ, വിത്തുകൾ, പുഴുക്കൾ തുടങ്ങിയവ) പരിശീലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരുമായി അടുപ്പമുണ്ടാകാതെ കാട്ടിൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള കഴിവ് വളർത്തിയെടുക്കുകയാണ് പ്രധാനം. വേനൽക്കാലത്തിന്റെ അവസാനത്തിലോ ശരത്കാലത്തിന്റെ തുടക്കത്തിലോ ഇവയെ കാട്ടിലേക്ക് തുറന്നുവിടുന്നു. കാട്ടിൽ സ്വയം ജീവിക്കാൻ കഴിയാത്തവിധം ഗുരുതരമായ പരിക്കുകളോ വൈകല്യങ്ങളോ ഉള്ള ഇരുപതോളം റാക്കൂണുകൾക്ക് സ്ഥിരമായ പരിചരണവും കേന്ദ്രത്തിൽ നൽകിവരുന്നു.
എല്ലാ ജീവികളെയും രക്ഷിക്കാൻ സാധിക്കാറില്ല എന്നത് ഇവർക്ക് വലിയ മാനസിക വിഷമമുണ്ടാക്കാറുണ്ട്. പോരാട്ടത്തിനൊടുവിൽ ചത്തുപോകുന്ന കുഞ്ഞുങ്ങളുടെ പേരുകൾ കല്ലുകളിൽ കൊത്തിവെച്ച് പുരയിടത്തിലെ ഗാർഡനിൽ സൂക്ഷിക്കുന്ന ശീലവും ഇവർക്കുണ്ട്. ഇന്ന് അത്തരം കല്ലുകളുടെ എണ്ണം കൂടിയതിനാൽ ഗാർഡൻ പുനർനിർമ്മിക്കേണ്ട അവസ്ഥയാണെന്ന് സാറ പറയുന്നു. "ഞങ്ങളല്ല പ്രധാനം, ഈ റാക്കൂണുകളുടെ ജീവനാണ് പ്രധാനം" എന്നാണ് പോൾ തങ്ങളുടെ ദൗത്യത്തെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിനോട് പ്രതികരിച്ചത്.





