ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർക്കായി ഒരു പ്രാദേശിക പത്രം അച്ചടിച്ച ചരമക്കുറിപ്പ്

By Web TeamFirst Published Apr 17, 2021, 4:34 PM IST
Highlights

ഈ സങ്കടസന്ധിയിൽ ആറരക്കോടി ഗുജറാത്തികൾ നിങ്ങളോടൊപ്പമുണ്ട് എന്നും പത്രം കുറിച്ചു.

ഗുജറാത്ത് ഗവൺമെന്റ് കോവിഡ് കേസുകൾ മറച്ചുവെക്കുന്നു, എണ്ണം കുറച്ചു മാത്രം റിപ്പോർട്ട് ചെയ്യുന്നു എന്ന ആക്ഷേപങ്ങളുടെ വെളിച്ചത്തിൽ, ഗുജറാത്തി ഭാഷയിൽ അച്ചടിക്കപ്പെടുന്ന പത്രമായ ദിവ്യ ഭാസ്കർ ഇന്നൊരു ചരമക്കുറിപ്പ് പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗം ബാധിച്ചു മരിച്ചുപോയിട്ടുള്ള 5000 പേർക്കുവേണ്ടിയായിരുന്നു ഈ അന്ത്യാഞ്ജലി. 

ഗുജറാത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5000 കടന്നു എന്നുള്ള വാർത്താക്കുറിപ്പിനോടൊപ്പമാണ് ഈ ചരമലേഖനവും അച്ചടിക്കപ്പെട്ടത്. ഗുജറാത്തിൽ നിന്ന്, പ്രസ്തുത ലേഖനത്തിന്റെ ഏകദേശ മൊഴിമാറ്റം ഇങ്ങനെ : 

" എന്റെ അക്ഷരോദകമായി ഞാൻ എന്താണ് കുറിക്കേണ്ടത്?
   എന്റെ ആത്മവികാരങ്ങൾ വെളിപ്പെടുത്താൻ ഞാൻ എന്താണെഴുതേണ്ടത്? 
   എന്റെ അടങ്ങാത്ത ക്രോധം തുറന്നുവിടാൻ ഞാൻ എന്താണെഴുതേണ്ടത്? 
   എന്റെ വേദനകൾ ഇറക്കിവെക്കാൻ ഞാൻ എന്താണെഴുതേണ്ടത്?
   എന്റെ സ്നേഹം  അറിയിക്കാൻ ഞാൻ എന്താണെഴുതേണ്ടത്? 
   എന്റെ ആത്മാവിനെ വഞ്ചിക്കാൻ, ഞാൻ എന്താണെഴുതേണ്ടത്? 

 സത്യം. എഴുതാൻ എനിക്ക് വാക്കുകളില്ല.

കൊവിഡ് പ്രാണൻ അപഹരിച്ച 5000 പേരുടെയും ആത്മാക്കൾക്ക് നിത്യശാന്തി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരുടെ ഉറ്റവർക്ക് ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്തും ദൈവം നൽകട്ടെ.

ഓം ശാന്തി... ശാന്തി... ശാന്തി..."

ഈ സങ്കടസന്ധിയിൽ ആറരക്കോടി ഗുജറാത്തികൾ നിങ്ങളോടൊപ്പമുണ്ട് എന്നും പത്രം കുറിച്ചു. 

click me!