30 വര്‍ഷങ്ങളുടെ പ്രയത്‌നം; എന്നിട്ടും ഈ  മനുഷ്യന്‍ ഗ്രാമത്തിലേക്ക് ഒരു റോഡുണ്ടാക്കി!

By Web TeamFirst Published Aug 20, 2021, 3:51 PM IST
Highlights

പകല്‍സമയത്ത് സ്വന്തം ഭൂമിയില്‍ കൃഷിപ്പണി. വൈകുന്നേരം റോഡ് പണി. 30 വര്‍ഷം കൊണ്ട് ഈ മനുഷ്യന്‍ ഒരു റോഡുണ്ടാക്കി. 

ബീഹാറിലെ ദശരഥ് മാഞ്ചിയുടെ കഥ പ്രശസ്തമാണ്. പര്‍വത മനുഷ്യന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ഭാര്യക്ക് വേണ്ടി ഒറ്റയ്ക്ക് 30 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു. അദ്ദേഹത്തെ പോലെ തന്നെ മലകള്‍ക്കിടയിലൂടെ റോഡ് വെട്ടി ഉണ്ടാക്കിയ മറ്റൊരു വ്യക്തി കൂടിയുണ്ട്. ഒഡിഷയിലെ തുളുബി ഗ്രാമത്തിലെ ഹരിഹര്‍ ബെഹ്‌റ. തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്കായി മലനിരകളിലൂടെ മൂന്ന് കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് അദ്ദേഹം വെട്ടിയുണ്ടാക്കി. ഇതിനായി അദ്ദേഹം 30 വര്‍ഷത്തിലേറെ ചിലവിട്ടു. നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായമായി മാറിയ ഈ ഭഗീരഥ പ്രയത്‌നം അദ്ദേഹത്തിന് മൗണ്ടന്‍ മാന്‍ ഹരിഹര്‍ എന്ന പേര് നേടിക്കൊടുത്തു.  

 

 

ഹരിഹര്‍ ബെഹ്‌റ തന്റെ ഇരുപതാം വയസ്സില്‍ സഹോദരന്‍ കൃഷ്ണനൊപ്പമാണ് റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഒരു ചുറ്റികയും തൂമ്പയും മാത്രമായിരുന്നു അവരുടെ കൈവശമുള്ള ആയുധങ്ങള്‍. എന്നാല്‍ വര്‍ഷങ്ങളുടെ അധ്വാനത്തിനൊടുവില്‍ അവര്‍ 3 കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് നിര്‍മ്മിച്ചു. ഇത്രയും വലിയൊരു ധൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരൊറ്റ കാര്യമാണ്. മുന്‍പ് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് നേരിട്ട് റോഡുകളുണ്ടായിരുന്നില്ല. അദ്ദേഹവും മറ്റ് ഗ്രാമവാസികളും കുന്നിന് ചുറ്റും കിലോമീറ്ററുകളോളം നടന്നാണ് അടുത്തുള്ള ടൗണില്‍ പോയിരുന്നത്. വിഷപ്പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും കേന്ദ്രമായ ഇടതൂര്‍ന്ന വനത്തിലൂടെയുള്ള യാത്രയും അപകടകരമായിരുന്നു. ഗ്രാമത്തിലെത്തുന്ന പുറത്തുനിന്നുള്ളവര്‍ പലപ്പോഴും കാട്ടില്‍ പലയിടത്തും വഴിതെറ്റിപ്പോയി.

ഗ്രാമവാസികള്‍ ഈ പ്രശ്നവുമായി സമീപിക്കാത്ത ഉദ്യോഗസ്ഥരില്ലായിരുന്നു. ഒരിക്കല്‍ അവരെല്ലാവരും കൂടി തങ്ങളുടെ സങ്കടം അറിയിക്കാന്‍ ഒരു മന്ത്രിയെ നേരില്‍ പോയി കാണുക പോലും ചെയ്തു. എന്നാല്‍ അവരുടെ അപേക്ഷ ആരും ചെവികൊണ്ടില്ല. ജനങ്ങളുടെ ദുരിതം കണ്ട മടുത്ത അദ്ദേഹം ഒടുവില്‍ റോഡ് നിര്‍മ്മിക്കാന്‍ സ്വയം ഇറങ്ങി പുറപ്പെടുകയായിരുന്നു. പകല്‍സമയത്ത്, ഹരിഹറും കൃഷ്ണനും അവരുടെ മണ്ണില്‍ കൃഷി ചെയ്യുകയും വൈകുന്നേരം റോഡ് പണി തുടങ്ങുകയും ചെയ്തു. രണ്ട് സഹോദരങ്ങളും ആദ്യം അവിടെയുള്ള കാട് വെട്ടി വെളുപ്പിച്ചു. ചെറിയ ചെടികളും കുറ്റിക്കാടുകളും വൃത്തിയാക്കിയശേഷം ചുറ്റിക കൊണ്ട് വലിയ പാറകള്‍ അടിച്ചു പൊട്ടിച്ചു. പൊട്ടിയ പാറക്കല്ലുകള്‍ ഒരു വണ്ടിയുടെ സഹായത്തോടെ അവിടെ നിന്ന് മാറ്റി.  ഒരു ദിവസം പോലും അവധിയെടുക്കാതെ അവര്‍ പണിയെടുത്തു.

രണ്ട് സഹോദരന്മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കണ്ട് മറ്റ് ഗ്രാമവാസികളും ചിലപ്പോഴൊക്കെ അവരെ സഹായിക്കാനായി മുന്നോട്ട് വന്നു. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മരണപ്പെട്ടു. എന്നിട്ടും  അദ്ദേഹം തന്റെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. സഹോദരന്റെ മരണശേഷം അദ്ദേഹം ഒറ്റയ്ക്ക് തന്റെ ശ്രമം തുടര്‍ന്നു. 

ഒടുവില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം തുളുബി ഗ്രാമവാസികളുടെ സ്വപ്നം സഫലമായി. ഇപ്പോള്‍ അദ്ദേഹം നിര്‍മ്മിച്ച റോഡിലൂടെ കാറുകള്‍ക്കും, ലോറികള്‍ക്കും വരെ സുഖമായി പോകാം. തുളുബി ഗ്രാമത്തിലെ താമസക്കാര്‍ക്ക് അടുത്തുള്ള മാര്‍ക്കറ്റിലേക്കും ആശുപത്രിയിലേയും എളുപ്പത്തില്‍ എത്തിച്ചേരാം. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് കാട്ടിലെ പാമ്പുകളെ പേടിക്കാതെ സ്‌കൂളുകളിലേക്ക് നടക്കാം. ഹരിഹര്‍ ഗ്രാമത്തില്‍ വഴിവെട്ടിയ ശേഷം, ഇപ്പോള്‍ ജില്ലാ ഗ്രാമവികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

click me!