ഡോ. നരേന്ദ്ര ദാഭോൽക്കറെ അവർ നിശ്ശബ്‌ദനാക്കിയിട്ട് ഇന്നേക്ക് എട്ടുവർഷം

By Web TeamFirst Published Aug 20, 2021, 12:52 PM IST
Highlights

2013 -ൽ ഹോളി സമയത്ത് ആശാറാം ബാപ്പു എന്ന ആൾ ദൈവത്തിനെതിരെയും ഡോ. ദാഭോൽക്കർ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു.


ഉടലിന് ശ്വാസവായു എന്നപോലെ അത്യാവശ്യമായ ഒന്നാണ് ജനാധിപത്യത്തിന് മൗലികാവകാശങ്ങളും. മൗലികാവകാശങ്ങളിൽ ഏറ്റവും പ്രാഥമികമായത് അഭിപ്രായസ്വാതന്ത്ര്യമാണ്. നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന അന്ധവിശ്വാസങ്ങളിൽ പലതിന്റെയും കള്ളി വെളിച്ചത്താക്കി എന്ന ഒരൊറ്റ കുറ്റത്തിന്, ഈ ഭൂമിയിൽ ജീവിച്ചിരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു സാധു മനുഷ്യനുണ്ട്. പേര് ഡോ. നരേന്ദ്ര അച്യുത് ദാഭോൽക്കർ. 

എട്ടുവർഷം മുമ്പ് ഒരു ഓഗസ്റ്റ് ഇരുപതിന്, പുണെ നഗരത്തിൽ വെച്ച് തോക്കുധാരികളായ ചില അജ്ഞാതർ ചേർന്ന് അദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നുകളയുകയായിരുന്നു. മഹാരാഷ്ട്ര അന്ധവിശ്വാസ്‌ നിർമൂലൻ സമിതി എന്ന പേരിൽ ഒരു സംഘടന നടത്തിയിരുന്ന ഈ അലോപ്പതി ഡോക്ടറെ പ്രഭാത സവാരിക്കിടയിലാണ്, പുണെ ഓംകാരേശ്വർ ക്ഷേത്രത്തിനടുത്തുവെച്ച്, ബൈക്കിലെത്തിയ രണ്ടു പേർ ചേർന്ന് തോക്കിനിരയാക്കിയത്. തലയിലും നെഞ്ചിലും വെടിയേറ്റ ദാഭോൽക്കർ തൽക്ഷണം കൊല്ലപ്പെട്ടു. ആ സംഭവത്തിന് എട്ടു വർഷം തികയുന്ന ഈ അവസരത്തിലും, കുറ്റാരോപിതരായ അഞ്ചു പേർക്കെതിരെ കുറ്റം ചുമത്തിയുള്ള വിചാരണകൾ തുടങ്ങാൻ പോവുന്നതേയുള്ളൂ കോടതി.

1945 നവംബർ ഒന്നാം തീയതി, അച്യുത് ദാഭോൽക്കർ-താരാ ബായ് ദമ്പതികളുടെ പത്തുമക്കളിൽ ഏറ്റവും ഇളയവനായിട്ടാണ്  നരേന്ദ്ര ദാഭോൽക്കർ ജനിക്കുന്നത്. മീരജ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്‌ പഠനം പൂർത്തിയാക്കി പന്ത്രണ്ടു കൊല്ലത്തോളം പ്രാക്ടീസ് ചെയ്ത ശേഷം, 1980 -കളിൽ ആണ് ദാഭോൽക്കർ സാമൂഹിക സേവനത്തെ തന്റെ ജീവിത വ്രതമാക്കി മാറ്റുന്നത്. ബാബാ ആധവിന്റെ 'ഏക് ഗാവ്, ഏക് പനോതാ'('ഒരു ഗ്രാമം, ഒരു കിണർ') പോലുള്ള സാമൂഹിക മുന്നേറ്റങ്ങളാണ് അദ്ദേഹത്തിന്റെ  ശ്രദ്ധ സാമൂഹിക സേവനപാതയിലേക്ക് ആകർഷിക്കുന്നത്. 

തുടക്കം തൊട്ടുതന്നെ അന്ധവിശ്വാസ നിർമാർജനം എന്നത് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. അഖിൽ ഭാരതീയ അന്ധശ്രദ്ധാ നിർമൂലൻ സമിതിയുടെ ഭാഗമായി തുടക്കത്തിൽ പ്രവർത്തിച്ച ദാഭോൽക്കർ, 1989 -ലാണ് മഹാരാഷ്ട്ര അന്ധവിശ്വാസ്‌ നിർമൂലൻ സമിതി സ്ഥാപിക്കുന്നത്. ദുർമന്ത്രവാദം, ആൾദൈവങ്ങൾ, വ്യാജചികിത്സ തുടങ്ങിയ പലവിധത്തിലുള്ള സാമൂഹിക വിപത്തുകൾക്കും എതിരെ അദ്ദേഹവും സംഘവും തുടർച്ചയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മഹാരാഷ്ട്രയുടെ വികസനവും സാക്ഷരതയും എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചു ചെന്ന് അവിടത്തെ ജനങ്ങളെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചുകൊണ്ടിരുന്ന ദാഭോൽക്കർ അധികം വൈകാതെ തന്നെ നാട്ടിലെ പല മത മൗലിക വാദ സംഘടനകളുടെയും കണ്ണിലെ കരടായി മാറി. സത്താറ ജില്ല കേന്ദ്രീകരിച്ച് 'പരിവർത്തൻ' എന്നപേരിൽ ഒരു സാമൂഹിക മുന്നേറ്റത്തിനും അദ്ദേഹം തുടക്കമിട്ടിരുന്നു.

1990 -2010 കാലത്ത് അദ്ദേഹം ദളിതരുടെ തുല്യ അവകാശങ്ങൾക്കു വേണ്ടി നിരന്തരം സ്വരമുയർത്തിയിരുന്നു. ജാത്യാധിഷ്ഠിത അക്രമങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. മറാഠ് വാഡാ സർവകലാശാലയുടെ പേര് ഡോ. അംബേദ്‌കർ സർവകലാശാല എന്ന് മാറ്റണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2013 -ൽ ഹോളി സമയത്ത് ആശാറാം ബാപ്പു എന്ന ആൾ ദൈവത്തിനെതിരെയും ഡോ. ദാഭോൽക്കർ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു.

2010 -ൽ  ദാഭോൽക്കർ മഹാരാഷ്ട്രയിൽ ഒരു അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാൻ വേണ്ടിയുള്ള പരിശ്രമങ്ങളും തുടങ്ങിയിരുന്നു. MANS അന്ന് 'ആന്റി ജാദു തോന ബിൽ' എന്ന പേരിൽ ഒരു ബില്ലുവരെ ഡ്രാഫ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ, അന്ന് ഈ ബിൽ ഹൈന്ദവാചാരങ്ങൾക്കെതിരെ ഉള്ള കടന്നുകയറ്റമാണ് എന്നാക്ഷേപിച്ച് ബിജെപി, ശിവസേന പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തെ തുറന്നെതിർത്ത് പരാജയപ്പെടുത്തുകയായിരുന്നു. 

നിരന്തരം വധഭീഷണികൾ വന്നിരുന്നതുകൊണ്ട് അദ്ദേഹം പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടു. അത് അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. പലതവണ അദ്ദേഹത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടായി. വധശ്രമങ്ങളിൽ പലതിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ദാഭോൽക്കർക്ക്, 2013 ഓഗസ്റ്റ് 20 -ന്, പക്ഷേ അവസാനമായി തന്റെ ജീവനെടുക്കാൻ എത്തിയ ഘാതകരിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അറുപത്തേഴിന്റെ വാർദ്ധക്യത്തിലെത്തിയിരുന്ന അദ്ദേഹത്തിന് അവരോട് എതിരിട്ട് ജയിക്കാനും കഴിഞ്ഞില്ല. 

2014 -ൽ അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് സിബിഐയുടെ കയ്യിലേക്ക് എത്തിച്ചേരുന്നു. അഞ്ചുപേരെ ആണ് സിബിഐ കുറ്റക്കാർ എന്ന് കണ്ടെത്തിയിട്ടുള്ളത്. സനാതൻ സംസ്ഥാ എന്നുപേരായ ഒരു മൗലികവാദ സംഘടനയുമായി ബന്ധമുള്ളവരാണ് അക്രമികൾ. ഇഎൻടി സർജൻ ആയ ഡോ. വീരേന്ദ്ര സിംഗ് താവ്‌ഡെ, സച്ചിൻ ആണ്ടുരെ, ശരദ് കലസ്കർ, മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ, അനുയായി വിക്രം ഭാവെ എന്നിവരെയാണ് സിബിഐ വധവുമായി ബന്ധപ്പെട്ടു പിടികൂടി ചാർജ് ഷീറ്റ് ചെയ്തിട്ടുള്ളത്. 

2013 -ൽ ദാഭോൽക്കറുടെ കൊലപാതകത്തിന് ശേഷം ആന്റി സൂപ്പർസ്റ്റിഷൻ ബ്ലാക്ക് മാജിക്ക് ഓർഡിനൻസ് മഹാരാഷ്ട്ര നിയമസഭാ പാസാക്കിയിരുന്നു.  എന്നാൽ,  ദാഭോൽക്കർക്ക് പിന്നാലെ 2015 ഫെബ്രുവരിയിൽ ഗോവിന്ദ് പൻസാരെ, 2015 ഓഗസ്റ്റിൽ എം എം കൽബുർഗി തുടങ്ങിയവരും 2017 സെപ്റ്റംബറിൽ ഗൗരി ലങ്കേഷും സമാനമായ സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയുണ്ടായി.  ഈ കേസുകളിൽ ഒന്നും തന്നെ അന്വേഷണം വേണ്ടത്ര പുരോഗമിക്കുകയോ, കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ യഥാസമയം ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. 


 

click me!