ആമസോണ്‍ കാടുകളില്‍ ഗോത്രവിഭാഗങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥന്‍ അമ്പേറ്റ് മരിച്ചു

Published : Sep 11, 2020, 12:30 PM ISTUpdated : Sep 11, 2020, 12:46 PM IST
ആമസോണ്‍ കാടുകളില്‍ ഗോത്രവിഭാഗങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥന്‍ അമ്പേറ്റ് മരിച്ചു

Synopsis

അമ്പേറ്റ് മരിച്ച റിയെലി അവരുടെ ശത്രു ആയിരുന്നില്ലായെന്നും അവരുടെ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ആളായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ആമസോണിലെ ഗോത്രവര്‍ഗക്കാരുടെ പ്രദേശത്ത് മേല്‍നോട്ടത്തിനായെത്തിയ ഉദ്യോഗസ്ഥന്‍ അമ്പേറ്റ് മരിച്ചു. റിയെലി ഫ്രാന്‍സിസ്‍കാറ്റോ എന്ന അമ്പത്തിയാറുകാരനാണ് ബുധനാഴ്ച മരിച്ചത്. സര്‍ക്കാരിന്‍റെ കീഴിലുള്ള പ്രത്യേകം ഗോത്രവിഭാഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ ഫുനായി (Funai) -യുടെ ഉദ്യോഗസ്ഥനായിരുന്നു റിയെലി. റിയെലിയുടെ കൂടെ പൊലീസും ഉണ്ടായിരുന്നു. ദൃസാക്ഷികള്‍ പറയുന്നതിനുസരിച്ച് അമ്പേറ്റ റിയെലി അത് വലിച്ചൂരുകയും നിലവിളിച്ചുകൊണ്ട് 50 മീറ്റര്‍ ഓടുകയും ചെയ്തിരുന്നു. പിന്നാലെ തളര്‍ന്നു വീഴുകയും മരിക്കുകയുമായിരുന്നു. ബൊളീവിയന്‍ അതിര്‍ത്തിക്കടുത്തുള്ള റൊണ്ടാനിയയ്ക്ക് സമീപത്ത് വെച്ചാണ് റിയേലിക്ക് അമ്പേല്‍ക്കുന്നത്. 

Cautario River isolated group എന്ന പേരിലുള്ള ഗോത്രവിഭാഗത്തെ സന്ദര്‍ശിക്കാനായി ചെന്നതായിരുന്നു റിയെലി. ഈ വിഭാഗം സ്വതവേ സമാധാന തല്‍പരരാണ് എന്നും ഒരുപക്ഷെ ആയുധധാരികളായവരെ റിയെലിയുടെ കൂടെ കണ്ടതിനാലാവാം അമ്പെയ്തത് എന്നും ഫോട്ടോ ജേണലിസ്റ്റായ ഉചിട പറയുന്നതായി ബിബിസി എഴുതുന്നു. തങ്ങളുടെ ഭൂമിയിലേക്ക് അതിക്രമിച്ചു കടക്കുന്നവരോട് ആമസോണിലടക്കമുള്ള ഗോത്രവിഭാവക്കാര്‍ സൗഹാര്‍ദ്ദപരമായിട്ടല്ല പെരുമാറാറുള്ളത്. ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിയാനാവാത്തതിനാലും ചിലപ്പോള്‍ അവര്‍ രോഷം കൊള്ളുന്നതായി കാണാറുണ്ട്. ബ്രസീലില്‍ പ്രസിഡണ്ട് ജൈര്‍ ബോള്‍സൊനാരോ അധികാരത്തിലെത്തിയതിനുശേഷം ബ്രസീലിലെ ഗോത്രവിഭാഗങ്ങള്‍ തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. 

ബോള്‍സൊനാരോയുടെ നയങ്ങള്‍ കൂടുതല്‍ ഖനികള്‍ക്കായും കൃഷിക്കായും ഗോത്രവിഭാഗക്കാരുടെ സ്ഥലങ്ങള്‍ തുറന്നു നല്‍കി. വിഭാഗത്തിന് പ്രത്യേകമായി അധികാരമോ പരിഗണനയോ വേണ്ടെന്ന നിലപാടിലായിരുന്നു ബോള്‍സനാരോ. 'ആമസോണിന്‍റെ ഘാതകനെ'ന്ന വിളിപ്പേരും ബോള്‍സനാരോയ്ക്കുണ്ട്. തീവ്രവലതുപക്ഷക്കാരനായ ബോള്‍സൊനാരോ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് എന്നു പറഞ്ഞുകൊണ്ട് കാടുകള്‍ പരക്കെ വെട്ടിത്തെളിക്കാന്‍ അനുവാദം നല്‍കി. അതിന് ഗോത്രവിഭാഗം തടസം നിന്നപ്പോഴൊക്കെ അവ ചുട്ടെരിച്ചു. ഗോത്രവര്‍ഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും തുരത്തിയോടിക്കുന്നതിനും ബോള്‍സൊനാരോ അനുവാദം നല്‍കി. അതുപോലെ തന്നെ കൊറോണ വൈറസ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്തും സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. ഇതും പ്രസിഡണ്ടിനെതിരെ രോഷം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിജീവനത്തിനായുള്ള സമരത്തിലാണ് ഇവിടെ മിക്ക ഗോത്രവിഭാഗക്കാരും.

ലോകത്താകെയായി സമീപകാലത്ത് നിരവധി ഗോത്രവര്‍ഗക്കാരും ഗോത്രവര്‍ഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് മരിച്ച റിയെലി അവരുടെ ശത്രു ആയിരുന്നില്ലായെന്നും അവരുടെ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ആളായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയേലി തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭൂരിഭാഗം നേരവും ആമസോണിലെ ഗോത്രവര്‍ഗത്തിന്‍റെ സംരക്ഷണത്തിനായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും ബിബിസി എഴുതുന്നു. 


 

PREV
click me!

Recommended Stories

ഒരു മഴ പെയ്തതോടെ ചോര ചുവപ്പായി ഈ പ്രദേശം, കേൾക്കുമ്പോൾ അസാധ്യം, ഇറാനിൽ സംഭവിച്ചത് അപൂർവ്വ പ്രതിഭാസം!
കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ