ഈ മനോഹര ദ്വീപിലേക്ക് പാർക്കാൻ വരൂ, 12 ലക്ഷം രൂപ തരാമെന്ന് സർക്കാർ

Published : Aug 25, 2022, 12:43 PM IST
ഈ മനോഹര ദ്വീപിലേക്ക് പാർക്കാൻ വരൂ, 12 ലക്ഷം രൂപ തരാമെന്ന് സർക്കാർ

Synopsis

പഴയ വീടുകൾ വാങ്ങാനും പുതുക്കിപ്പണിയാനും പുതിയ ബിസിനസുകൾ ആരംഭിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇപ്പോൾ ഈ പുതിയ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. 

ഈ ഇറ്റാലിയൻ ദ്വീപിലേക്ക് താമസം മാറാൻ ഒരുങ്ങുന്നവർക്കായി വൻ‌ തുക നൽകാൻ സർക്കാർ. സാർഡീനിയ ദ്വീപിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനമായി സർക്കാർ ഏകദേശം 12 ലക്ഷത്തിന് മുകളിലാണ് (£12,700) വാഗ്ദാനം ചെയ്യുന്നത്. ഈ സംരംഭത്തിനായി ഉദ്യോ​ഗസ്ഥർ ആകെ വകയിരുത്തിയിരിക്കുന്നത് 38 മില്ല്യൺ പൗണ്ടാണ്. ഇറ്റലിയിലെ ​ഗ്രാമീണ മേഖലകളിലേക്ക് ആളുകളെ ആകർഷിക്കുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിച്ചു കൊണ്ട് ചെറുപട്ടണങ്ങളിൽ കച്ചവടം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സർക്കാരിന്. 

മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാർഡീനിയ. പ്രകൃതിരമണീയമായ ഈ ദ്വീപ് സാംസ്കാരികപരമായും വളരെ പ്രധാനപ്പെട്ടതാണ്. 1,000 മൈലിലധികം വരുന്ന മണൽ നിറഞ്ഞ കടൽത്തീരങ്ങൾ, മനോഹരമായ തുറമുഖ നഗരങ്ങൾ, ബിസി 1,500 -ൽ നിർമ്മിച്ച വെങ്കലയുഗ അവശിഷ്ടങ്ങൾ എന്നിവയുള്ള, സാംസ്കാരികമായി സമ്പന്നമായ ദ്വീപാണ് ഇത്. 

എന്നാൽ, വിദൂരപ്രദേശത്തുള്ള സ്ഥലങ്ങളനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും സാർഡീനിയ ദ്വീപും അഭിമുഖീകരിക്കുന്നുണ്ട്. യുവാക്കൾ ജോലി തേടിയും മറ്റും വലിയ ന​ഗരങ്ങളിലേക്ക് പോയിത്തുടങ്ങിയതോടെ ഇവിടെ ജനസംഖ്യ കുറയുകയും സാമ്പത്തിക രം​ഗം ക്ഷയിക്കുകയും ചെയ്ത് തുടങ്ങി. 

പഴയ വീടുകൾ വാങ്ങാനും പുതുക്കിപ്പണിയാനും പുതിയ ബിസിനസുകൾ ആരംഭിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇപ്പോൾ ഈ പുതിയ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മനോഹര ദ്വീപുകളിലൊന്നാണ് ഇത്. അതിനാൽ തന്നെ പട്ടണങ്ങളിൽ നിന്നും മറ്റും മാറി, സ്വൈരജീവിതം ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവരെ ഒരുപക്ഷേ, ഈ വാ​ഗ്ദ്ധാനം ആകർഷിച്ചേക്കും. 

സർക്കാർ നൽകുന്ന പണം വീടു വാങ്ങാനും അത് പുതുക്കാനും മാത്രമേ ഉപയോ​ഗിക്കാവൂ എന്നത് ഉദ്യോ​ഗസ്ഥർ കർശനമായി പറയുന്നുണ്ട്. ചിലപ്പോൾ ആ പണം തികഞ്ഞില്ലെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നും പണം കുറച്ച് എടുക്കേണ്ടി വരും. അതുപോലെ ഇടയ്ക്ക് വരാനും വിശ്രമിക്കാനുമുള്ള ഹോളിഡേ ഹോം നിർമ്മിച്ച് പോകാമെന്ന വ്യാമോഹവും ആർക്കും വേണ്ട. അവിടെ സ്ഥിരം താമസക്കാരാവാൻ തയ്യാറുള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. 

PREV
Read more Articles on
click me!

Recommended Stories

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്