ഇതാദ്യമായല്ല അമർ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നത്. 2021-ൽ ഒരു മിനിറ്റിൽ 98 പെയിന്റഡ് ഹാൻഡ്പ്രിന്റുകൾ ഉണ്ടാക്കി ആദ്യ റെക്കോർഡ് നേടി.
നമ്മൾ ദിവസവും അടുക്കളയിൽ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയും മുളകുപൊടിയും മാത്രം ഉപയോഗിച്ച് കൂറ്റൻ ചിത്രം വരച്ച് ഗിന്നസ് ലോകറെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് കർണാടക ധാർവാഡ് സ്വദേശിയായ അമർ കാലെ. സ്വാഭാവിക നിറങ്ങൾ നൽകാൻ 6 കിലോഗ്രാം മഞ്ഞൾപ്പൊടിയും 5 കിലോഗ്രാം മുളകുപൊടിയുമാണ് ഈ കലാകാരൻ ഉപയോഗിച്ചത്.
2026 ജനുവരി 27-ന് ധാർവാഡിൽ വെച്ചാണ് അമർ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 175.82 ചതുരശ്ര മീറ്റർ (1,892.5 ചതുരശ്ര അടി) വിസ്തൃതിയുള്ള ഈ സൃഷ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ 'സ്പൈസ് പെയിന്റിംഗ്' ആയി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കർണാടക ഭൂപടത്തിന്റെ രൂപരേഖയും അതിനു നടുവിലായി വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രപരമായ പ്രൗഢി വിളിച്ചോതുന്ന ഹംപിയിലെ പ്രശസ്തമായ 'കല്ലുരഥവുമാണ്' ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വെറും 10 മണിക്കൂർ കൊണ്ടാണ് അമർ ഈ ചിത്രം പൂർത്തിയാക്കിയത്. പെയിന്റിംഗ് കഴിഞ്ഞ് ബാക്കിവന്ന മസാലപ്പൊടികൾ പാഴാക്കാതെ അദ്ദേഹം ആവശ്യക്കാർക്ക് നൽകുകയും ചെയ്തു.
ചിത്രകാരനായ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ അമർ വരച്ചുതുടങ്ങിയത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കി ജോലി ചെയ്തുവരികയായിരുന്നെങ്കിലും, കലയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം 2018-ൽ ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ കലാകാരനായി മാറി.
ഔപചാരികമായ അക്കാദമിക് പരിശീലനങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, സ്വയം ഓയിൽ, അക്രിലിക് പെയിന്റിംഗുകളിൽ പ്രാവീണ്യം നേടി. റിയലിസ്റ്റിക് ചിത്രങ്ങളും പോർട്രെയ്റ്റുകളുമാണ് അമറിന്റെ പ്രധാന സവിശേഷത. കർണാടകയുടെ സംസ്കാരവും പാരമ്പര്യവും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനൊപ്പം, സാധാരണ അടുക്കളസാധനങ്ങൾ കൊണ്ടും അർത്ഥവത്തായ കല സൃഷ്ടിക്കാമെന്ന് തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അമർ വ്യക്തമാക്കുന്നു.
ഇതാദ്യമായല്ല അമർ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നത്. 2021-ൽ ഒരു മിനിറ്റിൽ 98 പെയിന്റഡ് ഹാൻഡ്പ്രിന്റുകൾ ഉണ്ടാക്കി ആദ്യ റെക്കോർഡ് നേടി.
2026 ഫെബ്രുവരിയിൽ വായ് കൊണ്ട് ബ്രഷ് പിടിച്ച് 112.36 ചതുരശ്ര മീറ്റർ വലുപ്പമുള്ള ചിത്രം വരച്ച് മറ്റൊരു ഗിന്നസ് റെക്കോർഡും സ്വന്തമാക്കി.
കേവലം റെക്കോർഡുകൾക്ക് വേണ്ടി മാത്രം വരയ്ക്കാതെ, താൻ ചെയ്യുന്ന ഓരോ ചിത്രത്തിന് പിന്നിലും വ്യക്തമായ ഒരു ആശയം ഉണ്ടാകണമെന്നാണ് അമർ കാലെയുടെ ആഗ്രഹം.





