
വീടിനോടും പരിസരത്തോടും അവിടുത്തെ ജീവിതത്തോടും ഒക്കെ വലിയ അടുപ്പം തോന്നിയ ശേഷം വീട് മാറേണ്ടി വരിക. വലിയ വേദനയുണ്ടാക്കുന്ന കാര്യമാണത്. എന്നാൽ, വാടകവീടുകൾ പലപ്പോഴും അങ്ങനെ ഒഴിയേണ്ടുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. മാത്രവുമല്ല, ഇവിടെ നമുക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ ഒരു അനുഭവമാണ് ഇപ്പോൾ ഒരു യുവാവ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീട്ടിലെ വാടകക്കാരനായ യുവാവ് വീടൊഴിഞ്ഞു പോകുമ്പോൾ പുതുതായി വരാനിരിക്കുന്ന വാടകക്കാരന് എഴുതിയ കത്താണ് ഇത്.
നേരത്തെ അപകടം പറ്റിയപ്പോൾ താൻ രക്ഷിക്കുകയും സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്ത രണ്ട് പ്രാവുകളെ കുറിച്ചാണ് കത്തിൽ പറയുന്നത്. നെവ് എന്നും കാലോവേ എന്നും പേരായ ഈ പ്രാവുകൾ ഭേദമായി പറന്നുപോയ ശേഷവും ദിവസവും അവിടം സന്ദർശിക്കാനെത്തും. പുതിയ വാടകക്കാരന് പഴയ വാടകക്കാരൻ എഴുതിയ കത്തിൽ പറയുന്നത്, താൻ ഇവിടെ നിന്നും പോയി എന്ന് മനസിലാക്കാൻ അവ കുറച്ച് സമയമെടുക്കും എന്നാണ്. അവയെ 'സ്വീറ്റ്ഹേർട്ട്' എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഞങ്ങൾ ഇവിടെയില്ല എന്ന് അവയ്ക്ക് മനസിലാവാൻ സമയമെടുക്കും അതിനാൽ ദയയോടെ അവയെ പുറത്തേക്കാക്കണം' എന്നും കത്തിൽ പറയുന്നു.
കത്തിൽ തനിക്കൊപ്പം പ്രാവുകളുള്ള ചിത്രങ്ങളും യുവാവ് ഉൾപ്പെടുത്തിയിട്ടുണ്ട്. മോ ഹാക്ക് എന്ന യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഞാൻ ഈ അപ്പാർട്ടുമെന്റിൽ നിന്നും മാറുകയാണ്, പുതിയ വാടകക്കാർക്ക് ഞാൻ എഴുതിയിരിക്കുന്ന കത്ത് ഇതാ' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എനിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. യുവാവിന്റെ ദയയും സ്നേഹവും ആവോളം നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും.