മൊത്തം ട്വിസ്റ്റ്, 26 കൊല്ലം മുമ്പ് കാണാതായ യുവാവ് തൊട്ടപ്പുറത്തെ വീട്ടിൽ ജീവനോടെ..!

By Web TeamFirst Published May 16, 2024, 11:51 AM IST
Highlights

സംഭവം നടന്ന് 26 വർഷമായതിനാൽ തന്നെ വീട്ടുകാർ ഏറെക്കുറെ ഒമറിനെ കുറിച്ച് മറന്ന് തുടങ്ങിയിരുന്നു. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അയാളെ കണ്ടെത്തിയിരിക്കുന്നത്.

ആളുകളെ കാണാതാവുകയും വർഷങ്ങൾക്ക് ശേഷം കണ്ടെത്തുകയും ചെയ്യുന്ന സംഭവങ്ങൾ ലോകത്ത് പുതിയതല്ല. അതുപോലെ കാണാതായ ചിലരെ മരിച്ചതായി കണ്ടെത്താറുണ്ട്. കാണാതായവർക്ക് വേണ്ടി വർഷങ്ങൾ കാത്തിരിക്കുകയും ഒടുവിൽ അവർ തിരികെ വരാതാകുമ്പോൾ ആ പ്രതീക്ഷയറ്റു പോകുന്നവരും ഉണ്ട്. എന്നാൽ, അൾജീരിയയിൽ സംഭവിച്ച ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. 

രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ യുവാവിനെയാണ് ഇപ്പോൾ വെറും 200 മീറ്റർ അപ്പുറത്തെ അയൽക്കാരന്റെ വീട്ടിൽ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. 1998 -ൽ അൾജീരിയൻ ആഭ്യന്തരയുദ്ധ കാലത്താണ് ഒമർ ബി എന്ന 19 വയസ്സുകാരനെ കാണാതാകുന്നത്. അവനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചതാവട്ടെ അയൽക്കാരനും. യു​ദ്ധം നടക്കുന്ന സമയമായതിനാൽ തന്നെ ഒമറിനെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് വീട്ടുകാർ വിശ്വസിച്ചിരുന്നത്. 

Latest Videos

സംഭവം നടന്ന് 26 വർഷമായതിനാൽ തന്നെ വീട്ടുകാർ ഏറെക്കുറെ ഒമറിനെ കുറിച്ച് മറന്ന് തുടങ്ങിയിരുന്നു. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അയാളെ കണ്ടെത്തിയിരിക്കുന്നത്. 26 വർഷം മുമ്പ് കാണാതായ ഒമറിനെ കണ്ടെത്തിയതായി അൾജീരിയൻ നീതിന്യായ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. വെറും മിനിറ്റുകൾ മാത്രം നടന്നാൽ എത്തുന്ന വീട്ടിലായിരുന്നു ഇക്കാലമത്രയും ഒമറിനെ തടവിൽ പാർപ്പിച്ചിരുന്നത് എന്ന വിവരമാണ് എല്ലാവരേയും ഞെട്ടിച്ചത്. 

ഇപ്പോൾ ഒമറിന് 45 വയസ്സാണ് പ്രായം. അടുത്തുള്ള പട്ടണമായ എൽ ഗുഡിഡിലെ മുനിസിപ്പാലിറ്റി കാവൽജോലിക്കാരനായ 61 -കാരനാണ് 26 വർഷങ്ങൾക്ക് മുമ്പ് ഒമറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, തന്റെ വീട്ടിൽ ഇയാളെ തടവിൽ പാർപ്പിക്കുകയായിരുന്നത്രെ. ഇയാളും സഹോദരനും തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ സഹോദരനാണ് ഈ വിവരം പുറത്തറിയിച്ചത്. സോഷ്യൽമീഡിയയിലാണ് ഇയാൾ ഈ വിവരം പറഞ്ഞത്. പിന്നാലെ, പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാൽ, എന്തിനാണ് ഇയാൾ ഒമറിനെ തട്ടിക്കൊണ്ടുപോയത് എന്നോ എന്തുകൊണ്ട് ഇത്രയും വർഷമായിട്ടും ഒമറിന് രക്ഷപ്പെടാൻ സാധിച്ചില്ല എന്നോ വ്യക്തമല്ല. ഒമർ പറയുന്നത് തന്നെ തട്ടിക്കൊണ്ടുപോയിരുന്നയാൾ തനിക്കുമേലെ മന്ത്രവാദം പ്രയോ​ഗിച്ചു, അതാണ് തനിക്ക് രക്ഷപ്പെടാൻ സാധിക്കാത്തതിന് കാരണം എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!