
ഒരു യൂറോയ്ക്കൊരു വീട് വിൽക്കാനുണ്ട് എന്ന വാർത്തയോടൊപ്പം പ്രശസ്തമായതാണ് ഇറ്റലിയിലെ അതിമനോഹര ഗ്രാമമായ സംബൂക ഡി സിഷിലിയ. എന്നാലീ വർഷം വില അല്പമൊന്ന് ഉയർന്നിട്ടുണ്ട്. മൂന്ന് യൂറോയ്ക്കാണ് ഇത്തവണ വീട് വാങ്ങാനാവുക. ഗ്രാമത്തിലെ ഒഴിഞ്ഞ വീടുകളാണ് ഈ വിലയ്ക്ക് അധികൃതർ വില്പനയ്ക്ക് വച്ചിരിക്കുന്നത്. മുൻവർഷങ്ങളിലും സമാനമായി വില്പന നടന്നിരുന്നു. ഇത് വിജയിച്ചതോടെയാണ് ഈ വർഷവും വീട് വില്പനയുമായി അധികൃതർ മുന്നോട്ട് വന്നിരിക്കുന്നത്.
ഇവിടെയുള്ള വീടുകൾ പലതും ആൾത്താമസമില്ലാതെ ക്ഷയിച്ച് പോവുകയാണ്. അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വീടുകൾ കുറഞ്ഞ പൈസയ്ക്ക് വില്പനയ്ക്ക് വച്ചത്. ആദ്യം ഒരു യൂറോയായിരുന്നു വിലയിട്ടത്. ലേലത്തിലൂടെയാണ് വീടുകൾ വിറ്റത്. അതോടെ വിദേശത്ത് നിന്നുപോലും ആളുകളെത്തി വീട് വാങ്ങി. പലരും ആ വീടുകൾ വൃത്തിയാക്കി അവിടെത്തന്നെ താമസവും തുടങ്ങി. പദ്ധതി വിജയിക്കുന്നതായി കണ്ട അധികൃതർ വരും വർഷങ്ങളിലും അത് തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഈ വർഷം മൂന്ന് യൂറോയാണ് വീടിന് വിലയിട്ടിരിക്കുന്നത്. ലേലത്തിലൂടെയാണ് വീട് സ്വന്തമാക്കാനാവുക. ഒന്നിലധികം വീടുകൾ സ്വന്തമാക്കാനാഗ്രഹിക്കുന്നവരെ സർക്കാർ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികളായ വിദേശികളെയും സർക്കാർ ലക്ഷ്യം വയ്ക്കുന്നു. മാത്രമല്ല, ഈ വർഷം വില്പനയ്ക്ക് വച്ചിരിക്കുന്ന വീടുകൾക്ക് അല്ലറച്ചില്ലറ പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്നും അതിനാൽ കൂടുതൽ പണി അതിനുമേൽ വേണ്ടിവരില്ല എന്നും സംബൂകയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
വീട് വാങ്ങുന്നവർ, വീടിന്റെ തുകയ്ക്കൊപ്പം ഒരു ചെറിയ സെക്യൂരിറ്റി തുക കൂടി നൽകണം. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ വീട് നന്നാക്കി താമസം തുടങ്ങിയാൽ ആ തുക തിരികെ കിട്ടുമത്രെ.
1969 -ൽ അടുത്ത താഴ്‍വരയിൽ ഒരു ഭൂകമ്പം നടന്നതോടെയാണ് ഗ്രാമവാസികൾ ഈ വീടുകൾ ഉപേക്ഷിച്ച് പോയത്. പിന്നീടത് സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ വീടുകൾ വാങ്ങി താമസിക്കുന്നവരിലേറെയും ജനസാന്ദ്രത കൂടിയ മറ്റ് രാജ്യക്കാരാണ്. ഈ വർഷവും പദ്ധതി വൻവിജയമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.