
ബാങ്കോക്കിൽ സാധാരണ കാണുന്ന, എന്നാൽ ഇന്ത്യയിൽ കാണാത്ത ഒരു ആരോഗ്യകരമായ ശീലത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കയാണ് നാരായണൻ ഹരിഹരൻ എന്ന സംരംഭകൻ. അടുത്തിടെ തായ്‍ലാൻഡിലേക്കുള്ള യാത്രയ്ക്കിടെയാണത്രെ ഇക്കാര്യം ഹരിഹരന്റെ ശ്രദ്ധയിൽ പെട്ടത്. ബാങ്കോക്കിൽ ആളുകൾ ചെറിയ കുഞ്ഞുങ്ങളെ സ്ട്രോളറിലിരുത്തിയടക്കം രാവിലെ സ്ഥിരമായി നടക്കാൻ പോകുന്നുണ്ട് എന്നാണ് ഹരിഹരൻ പറയുന്നത്. എന്നാൽ, ഇന്ത്യയിൽ അതങ്ങനെ കാണാറില്ല എന്നും പോസ്റ്റിൽ ഹരിഹരൻ വിശദീകരിക്കുന്നു. 'ബാങ്കോക്കിൽ രാവിലെ 6 മണിക്ക് പ്രാമുകളുമായി പുറത്തിറങ്ങുന്ന പുരുഷന്മാരെയും സ്ത്രീകളെയും കാണുന്നത് വളരെ അത്ഭുതകരമായി തോന്നുന്നു. ഇന്ത്യയിൽ ഇത് ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല' എന്നാണ് ഹരിഹരൻ എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്.
രാവിലെ കൃത്യമായി നടക്കാൻ പോകുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് പറയാറുണ്ട്. വിദഗ്ദ്ധർ പറയുന്നത്, 10,000 സ്റ്റെപ്പുകൾ ദിവസവും നടക്കുകയാണെങ്കിൽ അത് മൊത്തത്തിൽ ഒരാളുടെ ആരോഗ്യത്തിന് ഗുണകരമായി തീരും എന്നാണ്. എന്നാൽ, ഇന്ത്യക്കാർ അങ്ങനെ നടക്കുന്നത് കാണാറില്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. ഇന്ത്യക്കാരെ അങ്ങനെ മൊത്തത്തിൽ കുറ്റപ്പെടുത്തേണ്ടതില്ല, ഇവിടെ ആളുകൾ നടക്കാത്തതിന് കാരണമുണ്ട് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഇന്ത്യയിൽ, ഏത് റോഡുകളാണെങ്കിലും മിക്കവാറും റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടുണ്ടാവും പിന്നെങ്ങനെ നടക്കുമെന്നാണ് ചിലർ ചോദിച്ചത്. മറ്റ് ചിലർ പറഞ്ഞത്, എപ്പോഴും എന്തെങ്കിലും നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ടാകും പിന്നെങ്ങനെയാണ് നടക്കുക എന്നാണ്. അതുപോലെ, പൊടിയും വായു മലിനീകരണവും ശരിക്കും നടപ്പാതകളില്ലാത്തതും എല്ലാം ആളുകൾക്ക് എങ്ങോട്ടും നടക്കാനോ നടന്നു പോകാനോ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.