
ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ചേക്കേറുന്നവർ നിരവധി പേരാണ്. എന്നാൽ അനിയന്ത്രിതമായി ഉയരുന്ന വീട്ടു വാടക പലരുടെയും കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ഒരു മൂന്ന് ബെഡ്റൂം ഫ്ലാറ്റിന് ആവശ്യപ്പെട്ട വാടക സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സാഹിൽ ഖാൻ എന്ന യുവാവ്.
ബെംഗളൂരുവിലെ ഒരു പ്രധാനപ്പെട്ട പ്രദേശമായ കുക്ക് ടൗണിൽ ഒരു മൂന്ന് ബെഡ്റൂം ഫ്ലാറ്റിന് നൽകേണ്ട വാടക ഒരു ലക്ഷം രൂപ. സാഹിൽ ഖാൻ തന്റെ അമർഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് എഴുതിയത് ഇങ്ങനെ, “ഒരു 3bhk -ക്ക് കുക്ക് ടൗണിൽ വീട്ടുടമകൾ 1 ലക്ഷം രൂപ വാടക ചോദിക്കുന്നു. ആളുകൾക്ക് ഭ്രാന്ത് പിടിച്ചോ?” സാഹിൽ ഖാൻ പറയുന്നത് അനുസരിച്ച്, അദ്ദേഹം ഒരൊറ്റ ആഴ്ച കൊണ്ട് എട്ട് ഫ്ലാറ്റുകളാണ് കണ്ടത്. താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞ ഫ്ലാറ്റുകൾക്ക് പോലും പ്രതിമാസം 75,000 രൂപ മുതൽ 80,000 രൂപ വരെയാണ് വാടക ചോദിക്കുന്നത്. വാടകയിനത്തിൽ ഒരു ലക്ഷം രൂപ ചോദിച്ച ഫ്ലാറ്റ് സെമി ഫർണിഷ്ഡാണ്. വാർഡ്രോബുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ വാടകയിൽ മെയിന്റനൻസ് ഫീസും ഉൾപ്പെട്ടിരുന്നില്ല.
പ്രൊഡക്റ്റ് ഡിസൈനറായി ജോലി ചെയ്യുന്ന ഖാൻ വീട്ടുടമകൾ അനിയന്ത്രിതമായി വാടക വർദ്ധിപ്പിക്കുന്നതിലുള്ള നിരാശ പ്രകടിപ്പിച്ചു. ബെംഗളൂരുവിലെ ഉയർന്ന ശമ്പളമുള്ള ഐടി പ്രൊഫഷണലുകളുടെ വലിയ സാന്നിധ്യമാണ് ഈ വർദ്ധനവിന് കാരണമെന്ന് അദ്ദേഹം പറയുന്നു. കൂടുതൽ ഭവന ലഭ്യത ഉറപ്പാക്കാൻ നഗരം അതിന്റെ ഫ്ലോർ സ്പേസ് ഇൻഡക്സ് നയങ്ങൾ പുനഃപരിശോധിക്കണമെന്നും ഖാൻ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ സ്വന്തമായി ഒരു വീട് വാങ്ങൂ എന്ന ഉപദേശമാണ് അദ്ദേഹത്തിന് നൽകിയത്.
എന്നാൽ, നിലവിലെ വിപണിയിൽ വീട് വാങ്ങുന്നത് പ്രായോഗികമായ ഒരു പരിഹാരമല്ലെന്ന് കണക്കുകൂട്ടലുകൾ നടത്തി മനസ്സിലാക്കിയതായി ഖാൻ പ്രതികരിച്ചു. സാഹിൽ ഖാന്റെ വെളിപ്പെടുത്തൽ ബെംഗളൂരുവിലെ വാടക പ്രതിസന്ധിയെക്കുറിച്ചുള്ള വിശാലമായ ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.