'ഒറ്റവോട്ടിന് മൂന്നു സർക്കാർ', ന്യൂ ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ നേരിടുന്ന സുനിൽ യാദവിന്റെ ഓഫർ ഇങ്ങനെ

By Web TeamFirst Published Jan 21, 2020, 11:29 AM IST
Highlights

'ഒറ്റവോട്ടിന്, മൂന്നു സർക്കാർ' എന്നതാണ് യാദവിന്റെ വാഗ്ദാനം. ദില്ലിയിൽ തനിക്കും, ബിജെപിക്കും വോട്ടുനൽകി അധികാരത്തിലേറിയാൽ സംസ്ഥാനത്തെ വോട്ടർമാർക്ക് ലഭിക്കുക മൂന്നു സർക്കാരുകളാകും എന്ന് അദ്ദേഹം പറയുന്നു. ഒന്ന്, സംസ്ഥാന സർക്കാർ, രണ്ട്, ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ(MCD), മൂന്ന് കേന്ദ്രത്തിലെ സർക്കാർ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ചൊവ്വാഴ്ചയാണ്. അവസാന തീയതിക്ക് മൂന്നു ദിവസം മുമ്പുതന്നെ 70 സീറ്റുകളിലേക്കുമുള്ള തങ്ങളുടെ മുഴുവൻ സ്ഥാനാർത്ഥികളുടെയും ലിസ്റ്റ് ഒന്നിച്ച് പുറത്തുവിട്ട ആം ആദ്മി പാർട്ടി ഇതിനകം തന്നെ പ്രചാരണത്തിൽ വ്യക്തമായ മേൽക്കൈ കോൺഗ്രസിനും ബിജെപിക്കും മേൽ നേടിക്കഴിഞ്ഞു. കോൺഗ്രസ് ഇതുവരെ 61 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്, ബിജെപി 67 പേരുടെയും. ആദ്യം 57 പേരുടെ വിവരങ്ങൾ അടങ്ങിയ പ്രാഥമിക ലിസ്റ്റ് പുറത്തിറക്കിയതിൽ അരവിന്ദ് കേജ്‌രിവാളിനെ ന്യൂ ഡൽഹിയിൽ നേരിടുന്ന സ്ഥാനാർത്ഥിയുടെ പേര് ഇല്ലായിരുന്നു. അതിന്റെ പേരിൽ ആം ആദ്മി പാർട്ടിയുടെ പരിഹാസത്തിനും ബിജെപി വിധേയമായിരുന്നു. 'ആരാണ് ബിജെപി സ്ഥാനാർഥി?' എന്ന് ചോദിക്കുന്ന ഒരു കാർട്ടൂൺ ട്വീറ്റ്  ചെയ്താണ് ബിജെപിയെ ആം ആദ്മി പാർട്ടി പരിഹസിച്ചത്. 

പത്തുപേരടങ്ങുന്ന രണ്ടാമതൊരു ലിസ്റ്റ് കൂടി ഇന്നലെ രാത്രി ബിജെപി പുറത്തുവിട്ടു. അതിൽ എന്തായാലും ന്യൂ ഡൽഹി സീറ്റിലേക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പക്ഷേ, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആകാനിടയില്ല. കാരണം, അരവിന്ദ് കേജ്‌രിവാളിനോട് മത്സരിച്ച് ജയിക്കുക എന്ന വൻ റിസ്ക് എന്തായാലും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കൊണ്ട് ബിജെപി എടുപ്പിക്കാൻ സാധ്യത കുറവാണ്. എന്തായാലും, ഈ മണ്ഡലത്തിൽ കേജ്‌രിവാളിനെ എതിർക്കാനുള്ള നിയോഗം ബിജെപി ഏൽപ്പിച്ചിരിക്കുന്നത് യുവ നേതാവായ സുനിൽ യാദവിനെയാണ്. ഭാരതീയ ജനതാ യുവ മോർച്ച എന്ന ബിജെപിയുടെ യുവജന സംഘടനയുടെ പ്രസിഡണ്ടാണ് സുനിൽ യാദവ് ഇപ്പോൾ. ദില്ലി ബിജെപിയുടെ സെക്രട്ടറി ആയിരുന്ന പരിചയവും യാദവിനുണ്ട്. ബിജെപിയുടെ ഫയർ ബ്രാൻഡ് യുവതുർക്കികളിൽ ഒരാളായ സുനിൽ യാദവ് DDCA -യുടെ ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്.

ഒരു വെടിക്ക് മൂന്നു പക്ഷി  

ഒരു സവിശേഷ ഓഫറുമായാണ് ഇത്തവണ സുനിൽ യാദവ് വോട്ടർമാരെ സമീപിക്കുന്നത്. 'ഒറ്റവോട്ടിന്, മൂന്നു സർക്കാർ' എന്നതാണ് യാദവിന്റെ വാഗ്ദാനം. ദില്ലിയിൽ തനിക്കും, ബിജെപിക്കും വോട്ടുനൽകി അധികാരത്തിലേറിയാൽ സംസ്ഥാനത്തെ വോട്ടർമാർക്ക് ലഭിക്കുക മൂന്നു സർക്കാരുകളാകും എന്ന് അദ്ദേഹം പറയുന്നു. ഒന്ന്, സംസ്ഥാന സർക്കാർ, രണ്ട്, ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ(MCD), മൂന്ന് കേന്ദ്രത്തിലെ സർക്കാർ - ഈ മൂന്നു സർക്കാരുകളുടെയും നിർലോഭമായ സഹകരണം തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ നേടിനൽകാം എന്ന് സുനിൽ യാദവ് വോട്ടർമാർക്ക് ഉറപ്പുനല്കുകയാണ്. 

ദില്ലിയിൽ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച അന്നുമുതൽ യുവമോർച്ച നടത്തുന്ന 'ആപ് കെ പാപ്' ( AAP കെ PAAP - അഥവാ ആം ആദ്മി പാർട്ടിയുടെ പാപങ്ങൾ) എന്ന ക്യാമ്പെയ്‌നിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിൽ യാദവ് തന്നെയാണ്. പ്രസ്തുത ക്യാമ്പെയ്‌നിൽ യാദവ് നടത്തിയ പ്രകടനമാണ് ഈ അവസരത്തിന് അദ്ദേഹത്തെ അർഹനാക്കിയത് എന്നുവേണം കരുതാൻ. അരവിന്ദ് കേജ്‌രിവാൾ മത്സരിക്കുന്ന മണ്ഡലം എന്ന നിലക്ക് ന്യൂ ഡൽഹിയിൽ ബിജെപി ആരെ നിർത്തും എന്ന് ദില്ലിയിലെ ജനങ്ങൾ സാകൂതം വീശിക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2013 -ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കത്തിൽ ഷീലാ ദീക്ഷിതിനെ തോൽപിച്ച ശേഷം ന്യൂ ഡൽഹി ആർക്കും വിട്ടുകൊടുത്തിട്ടില്ല കേജ്‌രിവാൾ. 2015 -ൽ നടന്ന രണ്ടാം തെരഞ്ഞെടുപ്പിലും  ബിജെപി സ്ഥാനാർഥി നൂപുർ ശർമയെ നിഷ്പ്രയാസം തോൽപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ കേജ്‌രിവാളിന്റെ ജനപ്രീതി നേരത്തെ ഉണ്ടായിരുന്നതിലും ഇരട്ടിച്ചിരിക്കുന്ന അവസരത്തിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സുനിൽ യാദവിന്, മാമാങ്കത്തിനിറങ്ങിയ ചാവേറിന്റെ പ്രതിച്ഛായയാണ് കൈവന്നിരിക്കുന്നത്. 

click me!