ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റ് ജെപി നദ്ദയ്ക്കു മുന്നിലുള്ളത് ഈ വെല്ലുവിളികൾ

By Web TeamFirst Published Jan 21, 2020, 10:39 AM IST
Highlights

പല വെല്ലുവിളികളും നദ്ദയ്ക്കു മുന്നിലുണ്ട് എങ്കിലും, ഏറ്റവും ആദ്യം അദ്ദേഹം കഴിവുതെളിയിക്കേണ്ടത് ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. അതാണെങ്കിൽ, വളരെ ദുഷ്കരമായ ഒന്നാകാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത കാണുന്നത്. 

വളരെ കൃത്യമായ പ്ലാനിങ്ങോടെ, സംഘടനയ്ക്കുള്ളിൽ നിന്ന് യാതൊരു മുറുമുറുപ്പും വെളിയിൽ കേൾപ്പിക്കാതെ, സൂക്ഷ്മമായി നടപ്പിലാക്കിയ ഒരു അധികാരക്കൈമാറ്റമായിരുന്നു ബിജെപിയിൽ അമിത് ഷായിൽ നിന്ന് ജെപി നദ്ദയിലേക്ക് ഉണ്ടായത്. ബിജെപിയിലെ സംഘടനാ സംവിധാനം ഏകകണ്ഠമായാണ് അമിത് ഷായ്ക്ക് പകരം നദ്ദയെ പ്രസിഡന്റായി നാമനിർദേശം ചെയ്തത്. പാർട്ടിയെ ദേശീയതലത്തിൽ അധികാരത്തിലേറ്റിയ രാഷ്ട്രീയതന്ത്രജ്ഞനും കേന്ദ്രത്തിലെ ആഭ്യന്തരവകുപ്പ് മന്ത്രിയുമായ അമിത് ഷായിൽ നിന്നാണ് നദ്ദ ബാറ്റൺ ഏറ്റുവാങ്ങുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച 'ഇലക്ഷൻ കാംപെയ്‌നർ' എന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്ന ഒരു നേതാവാണ് അമിത് ഷാ. അദ്ദേഹത്തിൽ നിന്ന് അധികാരമേറ്റുവാങ്ങിയ ശേഷം നദ്ദയ്ക്കു മുന്നിൽ വന്നിരിക്കുന്ന അടിയന്തര പരീക്ഷണങ്ങൾ ദില്ലിയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പുകളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ധിഷണയുടെ ലിറ്റ്മസ് ടെസ്റ്റും ഈ തെരഞ്ഞെടുപ്പുകൾ തന്നെയാകും. എന്നാൽ, അത്രയെളുപ്പമാകില്ല നദ്ദയുടെ മുന്നോട്ടുള്ള പ്രയാണം.

പാർട്ടി നയങ്ങളുടെ കൃത്യമായ സംവേദനം 

കോൺഗ്രസിന് പാഠങ്ങൾ ഉൾക്കൊള്ളാവുന്ന ഒരു പ്രക്രിയയാണ് ബിജെപി പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം, തെരഞ്ഞെടുപ്പിൽ തോറ്റപാടെ എഐസിസി പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങിപ്പോയപ്പോൾ, കോൺഗ്രസ് ആസ്ഥാനം നാഥനില്ലാക്കളരിയായി തുടർന്നത് മാസങ്ങളോളമായിരുന്നു. പിന്നീട് താത്കാലികമായി സോണിയാഗാന്ധി ആ പദവി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും കോൺഗ്രസിന് ദേശീയതലത്തിൽ ഒരു ശക്തമായ മുഖം എടുത്തുകാണിക്കാനില്ല.

ആർട്ടിക്കിൾ 370, NRC, പൗരത്വ നിയമ ഭേദഗതി, ജെഎൻയു ഫീസ് വർധന, ജിഡിപിയുടെ തകർച്ച, തൊഴിലില്ലായ്മ അങ്ങനെ പല പ്രശ്നങ്ങളും നിലവിൽ ഉണ്ടായിരുന്നിട്ടും, അതൊന്നും തന്നെ ഉയർത്തിക്കാട്ടാനോ, അഖിലേന്ത്യാതലത്തിൽ സമരപരിപാടികൾ ഫലപ്രദമായി ഏകോപിപ്പിക്കാനോ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഇന്നും സിഎഎയുടെ പേരിൽ നടക്കുന്ന സമരങ്ങൾ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ഉത്സാഹത്തിലാണ് മുന്നോട്ട് പോകുന്നത്. കൃത്യമായ ഒരു ഏകോപനം ഇല്ലെങ്കിലും ഈ സമരങ്ങളെ കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ നേരിടാനും, തങ്ങളുടെ പക്ഷം ജനങ്ങളെ ബോധ്യപ്പെടുത്താനും ബിജെപിയുടെ പ്രസിഡന്റിന് സാധിക്കേണ്ടതുണ്ട്. പാർട്ടിയുടെ കേഡർ സംവിധാനത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൃത്യമായ ജനസമ്പർക്ക പരിപാടികൾ ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കുക എന്നതാവും നദ്ദയ്ക്കു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. 


 

സ്വന്തം സ്ഥാനം ഒന്നുറപ്പിച്ചെടുക്കൽ 

ബിജെപിയിൽ കാര്യമായ ഒരു കുടുംബ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ആളാണ് ജെപി നദ്ദ. പട്‌ന യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന അച്ഛന് കാര്യമായ ഒരു രാഷ്ട്രീയ സ്വാധീനവുമുണ്ടായിരുന്നില്ല. എബിവിപിയിൽ പ്രവർത്തിച്ച്, യുവമോർച്ചയുടെ വളർന്ന്, ബിജെപിയിൽ ഏറ്റവും പ്രാഥമികമായ തലത്തിൽ നിന്ന് വളർന്നുവന്നതാണ് അദ്ദേഹം. അങ്ങനെ ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരാൾക്ക് തങ്ങളുടെ പാർട്ടിയിൽ വളർന്നു വലുതാകാനും, പാർട്ടിയുടെ തലപ്പത്തുതന്നെ കയറിയിരിക്കാനും സാധിക്കുമെന്നുള്ള തരത്തിൽ തന്റെ സ്ഥാനാരോഹണത്തിനെ പോസിറ്റീവായി പ്രയോജനപ്പെടുത്താൻ നദ്ദയ്ക്ക് സാധിച്ചേക്കാം. അതുവഴി സംഘടനാ തലത്തിൽ തന്റെ ജനപ്രിയത ഉറപ്പിക്കാനും. രാജ്യസഭാ എംപിയായി പാർലമെന്റിലെത്തിയ, ഏറെക്കാലം രാജ്യത്തിന്റെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള നദ്ദക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി എന്നത് തന്റെ ദൃശ്യത വർധിപ്പിക്കുക എന്നതാണ്.

ഇത്രയും കാലം, ഇന്ത്യയിലെ ജനങ്ങൾക്ക് ബിജെപി എന്നാൽ രണ്ടേ രണ്ടു മുഖങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നു. നിത്യവും കാണുന്ന നരേന്ദ്ര മോദിയുടെ മൻ കീ ബാത്തും, അപകട സന്ധികളിൽ നിന്ന് പാർട്ടിയെ പരിത്രാണനം ചെയ്യിക്കാനെത്തുന്ന അമിത് ഷാ എന്ന ട്രബിൾഷൂട്ടറുടെ മുഖവും. കോൺഗ്രസിനെയും, ഇടതു പക്ഷത്തിനെയും താരതമ്യം ചെയ്തുകൊണ്ട് അളന്നു നോക്കിയാൽ, ഈ രണ്ടു നേതാക്കളെ ഒഴിച്ച് മറ്റൊരു നേതാവിനെയും ജനത്തിനുമുന്നിൽ ഒരു പരിധിയിൽ കവിഞ്ഞ് 'പ്രൊമോട്ട്' ചെയ്യുന്ന കീഴ്വഴക്കം ബിജെപിക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തുതന്നെ എത്തിപ്പെടാനായി എങ്കിലും, ഇനിയങ്ങോട്ട് തന്റെ പേര് കൃത്യമായി മാർക്കറ്റ് ചെയ്തെടുക്കേണ്ടതുണ്ട് നദ്ദയ്ക്ക്. അതിനുവേണ്ട കൃത്യമായ പി ആർ പദ്ധതികൾ ഇതിനകം തന്നെ ബിജെപി കേന്ദ്രങ്ങളിൽ വിഭാവനം ചെയ്യപെടുന്നുണ്ടാകും. തെരഞ്ഞെടുപ്പുകളെ നേരിടുന്ന കാര്യത്തിൽ അമിത് ഷാ എത്രമാത്രം അധികാരങ്ങൾ പുതിയ പ്രസിഡന്റിന് വിട്ടുകൊടുക്കും എന്നതും കാത്തിരുന്നു കാണാം. മറ്റൊരു പ്രധാന വെല്ലുവിളി തങ്ങളുടെ പ്രത്യയശാസ്ത്രപരമായ സന്തതസഹചാരികളായ ആർഎസ്എസിനെ അനുനയിപ്പിച്ചു കൂടെ നിർത്തുക എന്നതാണ്. സംഘപരിവാറിന്റെ നിയന്ത്രണങ്ങളെ ഏറ്റവും പരിമിതപ്പെടുത്തിക്കൊണ്ട് എങ്ങനെ സ്വതന്ത്രമായ രീതിയിൽ ബിജെപിയെ നയിക്കാനാകും എന്നതാവും നദ്ദയും ശ്രമിക്കുക. 

പ്രാദേശികതലത്തിലെ പ്രശ്നങ്ങൾ 

ബിജെപി എന്നും പണിപ്പെട്ടിട്ടുള്ളത് തങ്ങളുടെ സഖ്യകക്ഷികളെ കൂടെ നിർത്താനാണ്. പല സംസ്ഥാനങ്ങളിലും ഭരണം കൈവിട്ടുപോകാൻ കാരണവും കൂടെ നിന്ന, തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കി മത്സരിച്ച പാർട്ടികളെപ്പോലും പലപ്പോഴും കൂടെ നിർത്താൻ ബിജെപിക്ക് സാധിക്കാറില്ല. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിൽ പാർട്ടിക്കുനേരിട്ട തിരിച്ചടി, അമിത് ഷായെപ്പോലുള്ള ഏറെ പ്രഭാവശാലിയായ ഒരു നേതാവിനെപ്പോലും കുഴക്കിയ ഒന്നാണ്. ആഴ്ചകളോളം നീണ്ടുനിന്ന ആ പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാനും, അധികാരം കൈവിട്ടുപോകുന്നത് തടയാനും ചാണക്യനെന്ന് സകലരും പുകഴ്ത്തുന്ന ഷായ്ക്ക് പോലും ആയില്ല. സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്ക് സ്വാധീനം ഏറിവരുന്ന സാഹചര്യത്തിൽ അവരെ അവിടെ തങ്ങളുടെ കൂടെ നിർത്തിയില്ലെങ്കിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ദേശീയ തലത്തിലും അടി പതറാം. അത് മുന്നിൽ കണ്ടുകൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾ നദ്ദ അത്യാവശ്യമായും തുടങ്ങേണ്ടിയിരിക്കുന്നു. 

അങ്ങനെ പല വെല്ലുവിളികളും നദ്ദയ്ക്കു മുന്നിലുണ്ട് എങ്കിലും, ഏറ്റവും ആദ്യം അദ്ദേഹം കഴിവുതെളിയിക്കേണ്ടത് ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. അതാണെങ്കിൽ, വളരെ ദുഷ്കരമായ ഒന്നാകാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത കാണുന്നത്. അരവിന്ദ് കേജ്‌രിവാൾ ഭരണം കയ്യിലുണ്ട് എന്ന അനുകൂല സാഹചര്യം മുതലെടുത്ത്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ആറുമാസം മുമ്പ് തന്നെ നിരവധി തന്ത്രങ്ങൾ പയറ്റിക്കഴിഞ്ഞു. മുഖ്യമന്ത്രി എന്ന നിലയ്ക്കും അദ്ദേഹം ശക്തനായ ഒരു സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തിന് നേരെ ദില്ലിയിൽ ബിജെപിയുടെ സ്ഥിതി തല്ക്കാലം പരുങ്ങലിലാണ് എന്നുതന്നെ പറയണം. എന്നാൽ, 1984 -ൽ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എസ്എഫ്ഐയുടെ പതിറ്റാണ്ടുകളുടെ അടിത്തറ ഇളക്കിക്കൊണ്ട് എബിവിപിക്ക് ആദ്യമായി ചെയർമാൻ സ്ഥാനം നേടിക്കൊടുത്ത ജഗത് പ്രകാശ് നദ്ദയ്ക്ക് ദേശീയ പ്രസിഡന്റ് സ്ഥാനത്തെ കന്നി ഊഴത്തിൽ തന്റെ മാജിക് ആവർത്തിക്കാനാകുമോ എന്നതാൻ ഇനി കാണാനുള്ളത്. 

 

click me!