
തട്ടിപ്പുകാരെക്കൊണ്ട് വൻ പൊറുതികേടാണ്. എങ്ങോട്ട് തിരിഞ്ഞാലും പറ്റിക്കലോട് പറ്റിക്കൽ തന്നെ. 'കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി' എന്നതാണ് ഇവരുടെ കാര്യം. പരമാവധി ശ്രമിക്കും, ഭീഷണിപ്പെടുത്തും. ചിലരൊക്കെ ഇതിൽ വീഴും. അക്കൗണ്ടിൽ ഉണ്ടായിരുന്ന കാശ് പോയിക്കിട്ടുകയും ചെയ്യും. എന്നാൽ, ചിലർ വളരെ ബുദ്ധിപൂർവം ഇതിൽ നിന്നും നേരത്തെ തന്നെ എസ്കേപ്പാവും. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ എക്സിൽ വൈറലാവുന്നത്.
തമന്ന എന്ന യുവതിയാണ് തന്റെ അനുഭവം എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഒരുദിവസം വീട്ടിലിരുന്ന് തമന്നയും തമന്നയുടെ അച്ഛനും കൂടി പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും മറ്റും സംസാരിക്കുകയായിരുന്നു. അതിനുശേഷം അച്ഛൻ പുറത്ത് പോയി. ആ സമയത്താണ് അവളുടെ ഫോണിലേക്ക് അപരിചിതമായ നമ്പറിൽ നിന്നും ഒരു കോൾ വന്നത്. 'അച്ഛനാണ് നമ്പർ തന്നത്, അച്ഛന്റെ എൽഐസി തുക അവളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഇടുകയാണ്' എന്നാണ് വിളിച്ച ആൾ പറഞ്ഞത്.
ആദ്യം അവൾക്ക് സംശയമൊന്നും തോന്നിയില്ല. രണ്ട് തവണയായി 25000 രൂപ ഇടാമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ആദ്യത്തെ തവണ അവൾക്ക് ഗൂഗിൾ പേയിൽ നോട്ടിഫിക്കേഷൻ വന്നത് 20,000 രൂപ പേ ചെയ്തു എന്നായിരുന്നു. രണ്ടാമത്തെ തവണ അയാൾ വിളിച്ച് 5000 രൂപ കൂടി ഇടാം എന്നാണ് പറഞ്ഞത്. അവളോട് പൈസ ഇട്ടിട്ടുണ്ട്, വേഗം നോക്കൂ എന്നും പറഞ്ഞു. വേഗം, വേഗം എന്ന് അയാൾ പറഞ്ഞുകൊണ്ടേ ഇരുന്നപ്പോൾ അവൾക്ക് സംശയം തോന്നി. രണ്ടാമത്തെ തവണ നോട്ടിഫിക്കേഷൻ വന്നത് 50,000 രൂപ ഇട്ടു എന്നാണ്. അബദ്ധത്തിൽ പറ്റിപ്പോയതാണ് എന്നും 45000 രൂപ തിരികെ ഇട്ടാൽ മതി എന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്.
ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഗൂഗിൾ പേയിൽ വന്നത് മെസ്സേജ് ആണെന്നും പണം ഒന്നും തന്നെ ക്രെഡിറ്റ് ആയിട്ടില്ല എന്നും തമന്നയ്ക്ക് മനസിലാവുന്നത്. താൻ അച്ഛൻ വന്നിട്ട് ആലോചിച്ച് വേണ്ടത് ചെയ്യാം എന്ന് പറഞ്ഞതോടെ വിളിച്ചയാൾ ഒറ്റമുങ്ങലായിരുന്നു. എന്തായാലും, താൻ എങ്ങനെയോ 45000 രൂപ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു എന്നാണ് യുവതി പറയുന്നത്.
അതേസമയം നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നത്. എന്തായാലും, തട്ടിപ്പുകാർ ഏതുവഴിയും വരാം. അപ്പോൾ സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, അഥവാ ഭയം വേണ്ട ജാഗ്രത മതി.
വായിക്കാം: 200 കോടി, ഒറ്റ ട്രിക്കുകൊണ്ട് കഴിഞ്ഞ 10 വർഷമായി ലോട്ടറിയിലൂടെ നേടിയ തുക..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം