27 ആളുകൾ മാത്രം ഉള്ള ഒരു രാജ്യം; സ്വന്തമായി പതാകയും കറൻസിയും സൈന്യവും

By Web TeamFirst Published Mar 29, 2023, 2:34 PM IST
Highlights

രാജാവും രാജ്ഞിയും ആണ് ഇപ്പോഴും രാജ്യത്തെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. ബേറ്റ്സ് കുടുംബം ആണ് പാരമ്പര്യ രാജകീയ ഭരണാധികാരികളായി ചെറിയ രാജ്യം ഇന്ന് ഭരിക്കുന്നത്.

ആധുനിക കാലത്ത് പല രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്രമാതീതമായ ജനസംഖ്യ വർദ്ധനവാണ്. ഇത്തരം രാജ്യങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിനുള്ള വിവിധ മാർഗങ്ങളാണ് തേടുന്നത്. എന്നാൽ മറുവശത്ത് ജനസംഖ്യ വർദ്ധനവിനായി വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വെറും 27 പേർ മാത്രം ജീവിക്കുന്ന ഒരു രാജ്യമുണ്ട്. ഈ രാജ്യത്തിൻറെ പേര് സീലാൻഡ് എന്നാണ്.

ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് സിലാന്റ് എന്നറിയപ്പെടുന്ന ഈ രാജ്യം ഇംഗ്ലണ്ടിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വെറും 27 ആളുകൾ മാത്രമാണ് ഈ രാജ്യത്ത് താമസിക്കുന്നത് എന്നത് ഏവരെയും അമ്പരപ്പെടുത്തുന്ന കാര്യമാണ്. ലോകത്തിലെ 200 രാജ്യങ്ങളിൽ ഒന്നായ സീലാന്റിന്റെ വിസ്തൃതി 550 ചതുരശ്ര മീറ്റർ മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഇത്തിരി കുഞ്ഞൻ ആണെങ്കിലും സിലാൻഡിനെ ആരും വിലകുറച്ച് കാണണ്ട. സ്വന്തമായി സൈന്യവും പതാകയും കറൻസിയും ഒക്കെയുണ്ട് ഈ രാജ്യത്തിന്.

രാജാവും രാജ്ഞിയും ആണ് ഇപ്പോഴും രാജ്യത്തെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. ബേറ്റ്സ് കുടുംബം ആണ് പാരമ്പര്യ രാജകീയ ഭരണാധികാരികളായി ചെറിയ രാജ്യം ഇന്ന് ഭരിക്കുന്നത്. പ്രിൻസ് മൈക്കൽ ഓഫ് സീലാൻഡ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വ്യവസായിയും എഴുത്തുകാരനുമായ മൈക്കൽ റോയ് ബേറ്റ്സ് ആണ് ഇപ്പോഴത്തെ ഭരണാധികാരി. ഇദ്ദേഹത്തിൻറെ പിതാവായ പാഡി റോയ് ബേറ്റ്സ് ആണ് 1967 -ൽ സീലാൻഡ് സ്ഥാപിച്ചത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഈ സ്ഥലം ഉപയോഗിച്ചു.  എന്നിരുന്നാലും, ഇപ്പോൾ ഇതിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.

click me!