മൂന്നേമൂന്ന് സ്വർണാഭരണങ്ങൾ മാത്രം ധരിക്കാം, കൂടുതലായാൽ പിഴ, നിയമവുമായി ഒരു പഞ്ചായത്ത്

Published : Oct 28, 2025, 08:50 PM IST
 gold

Synopsis

ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇവിടെയുള്ള കുറച്ച് പുരുഷന്മാർക്ക് സർക്കാർ ജോലി ലഭിച്ചതോടെയാണ് വലിയ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന പ്രവണത ​ഗ്രാമവാസികൾക്കിടയിൽ ആരംഭിച്ചത്.

സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ, ഉത്തരാഖണ്ഡിലെ ഒരു ​ഗ്രാമം സ്ത്രീകൾക്ക് ഒരളവിൽ കൂടുതൽ സ്വർണം ധരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ചക്രത മേഖലയിലെ ആദിവാസി ഗ്രാമമായ കാന്ദാറിലാണ് ഈ പ്രത്യേക വിലക്ക്. വിവാഹത്തിനും മറ്റ് പരിപാടികൾക്കും പോകുമ്പോൾ സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കുന്നത് നിയന്ത്രിക്കുന്ന ഒരു പ്രമേയം ഇവിടെ പാസാക്കിയിരിക്കുന്നത് പഞ്ചായത്താണ്. താലി, കമ്മൽ, മൂക്കുത്തി എന്നിവയാണ് ധരിക്കാവുന്നത്. കൂടുതൽ സ്വർണം ധരിക്കുന്നത് പിടിക്കപ്പെട്ടാൽ 50,000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

തികച്ചും വിചിത്രമായ നിയമമായി ഇത് തോന്നാമെങ്കിലും സ്വർണത്തിന്റെ കൂടിവരുന്ന വിലയും സ്വർണം പ്രദർശിപ്പിക്കുക എന്നത് ഒരു സ്റ്റാറ്റസ് സിംബലായി മാറി ആളുകൾക്കുമേൽ വരുന്ന സമ്മർദ്ദവും ഒക്കെ കണക്കിലെടുത്താണത്രെ ഈ നടപടി. ദരിദ്രരായ ആളുകൾക്കും സ്വർണമുണ്ടാക്കാനുള്ള സമ്മർദ്ദമുണ്ടാവുകയും ഇന്നത്തെ സാഹചര്യത്തിൽ അത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്നതും നടപടിക്ക് കാരണമായി പറയുന്നു.

80 -കാരിയായ ഉമാ ദേവി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞത് ഇങ്ങനെ; 'ഇവിടെയുള്ള ഭൂരിഭാഗവും ദരിദ്രരും ലളിതമായ ജീവിതം നയിക്കുന്നവരുമാണ്. പഞ്ചായത്ത് ശരിയായ തീരുമാനമെടുത്തുവെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു'. ഇവിടെയുള്ള ഉമാദേവിയെ പോലുള്ള പലർക്കും ഈ നിയമം ആശ്വാസമാവുകയാണ് ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇവിടെയുള്ള കുറച്ച് പുരുഷന്മാർക്ക് സർക്കാർ ജോലി ലഭിച്ചതോടെയാണ് വലിയ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന പ്രവണത ​ഗ്രാമവാസികൾക്കിടയിൽ ആരംഭിച്ചത്. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ പലരും മത്സരിച്ച് സ്വർണം ധരിക്കാൻ തുടങ്ങി. വിവാഹത്തിന് വധുക്കളും അതിഥികളും 180–200 ഗ്രാം ഭാരമുള്ള സ്വർണ്ണ സെറ്റുകൾ ധരിച്ച് തുടങ്ങി. അതായത് ഇന്നത്തെ വിലവച്ച് നോക്കിയാൽ 20 ലക്ഷം രൂപയിൽ കൂടുതൽ വരും. ഇത് വർധിച്ച് വന്നതോടെയാണ് ഇങ്ങനെയൊരു നിയമമത്രെ.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?