
കേന്ദ്രത്തിന്റെ യു ടേണ്‍ തന്ത്രമാണോ തിരിച്ചറിവാണോ എന്ന ചോദ്യത്തിനുത്തരം തേടേണ്ടി വന്നില്ല. തൊട്ടടുത്ത ദിവസം സുപ്രീംകോടതി കാര്യത്തില്‍ ഒരു തീര്‍പ്പാക്കി. രാജ്യദ്രോഹനിയമം മരവിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ പ്രകാരം രാജ്യദ്രോഹകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിറുത്തി വയ്ക്കാനാണ് ഉത്തരവ്. നിലവിലെ കേസുകളിലെ നടപടികള്‍ എല്ലാം മരവിപ്പിക്കണമെന്നും ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്. 124 എ പ്രകാരമെടുത്ത കേസുകളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് ആശ്വാസം. ആ കൂട്ടത്തില്‍ സാമൂഹികപ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, ചലച്ചിത്രപ്രവര്‍ത്തകരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്. പിന്നെ നൂറു കണക്കിന് കര്‍ഷകരുമുണ്ട്.
രാജ്യദ്രോഹനിയമത്തിന്റെ കാര്യത്തില്‍ രാജ്യത്തെ പരമോന്നതനീതിപീഠത്തിന്റെ നിലപാടും വീക്ഷണവും മാറിയത് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്നെ വ്യക്തമായിരുന്നു. വകുപ്പ് കാലഹരണപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. ഗാന്ധിജിയേയും ബാലഗംഗാധരതിലകിനേയും നിശ്ശബ്ദരാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച കരിനിയമത്തിന്റെ പ്രസക്തിയെ കുറിച്ച് ചോദിച്ചു. 2020 വരെയും കോടതി പറഞ്ഞിരുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ പരാമര്‍ശങ്ങളെല്ലാം. ഭിന്നസ്വരം വേണ്ട എന്ന് സര്‍ക്കാരിന് തോന്നിയാല്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്താം എന്നതാണ് സ്ഥിതിയെന്ന് കോടതി നിരീക്ഷിച്ചു. മുന്‍വര്‍ഷങ്ങളില്‍ രാജ്യദ്രോഹനിയമം ചാര്‍ത്തി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം മാത്രം മതിയായിരുന്നു കോടതിക്ക് ആ നിരീക്ഷണം നടത്താന്‍.
രാജ്യദ്രോഹക്കേസുകള്‍
2016 35
2017 51
2018 70
2019 93
2020 73
ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തിന് കേടുവരുത്തിയ സംഭവത്തില്‍ നിരവധി കര്‍ഷകര്‍ക്ക് എതിരെ കേസെടുത്തു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്ന് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെ 49 സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ പേരിലായിരുന്നു കേസ്. അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെക്ക് എതിരെ കേസെടുത്തത് കൊവിഡ് പ്രതിരോധനടപടികളിലെ വീഴ്ചയെ പറ്റി പറഞ്ഞതിന്, പുല്‍വാമയും ബലാക്കോട്ടും പ്രചാരണവിഷയമാക്കിയെന്ന് പറഞ്ഞതിന്.
രാജ്യം ആശങ്കയോടെ നോക്കിയ കേസുകള്‍ ചെറുതല്ല. വരവരറാവുവിന്റേടയും സിദ്ദിഖ് കാപ്പന്റേയയും ദിഷ രവിയുടേയും ആയിഷ സുല്‍ത്താനയുടേയും എല്ലാം വീടുകളില്‍ നിന്ന് ആശ്വാസത്തിന്റെറയും പ്രതീക്ഷയുടെയും നിശ്വാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഉയര്‍ന്നു കേട്ട ദിവസമാണ് ഇന്ന്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയെ രാജ്യസ്‌നേഹത്തിന്റെ ചോദ്യചിഹ്നമുയര്‍ത്തി നേരിടേണ്ടെന്നാണ് സുപ്രീംകോടതി ഓര്‍മിപ്പിച്ചിരിക്കുന്നത്.
ഭരണം നടത്തുന്ന വ്യക്തികളേയും സര്‍ക്കാരിനേയും വേര്‍തിരിച്ചു തന്നെ കാണണമെന്ന് കോടതി മുമ്പ് തന്നെ വിശദീകരിച്ചതാണ്. അക്രമത്തിന് പ്രേരകമല്ലാത്ത രീതിയില്‍ എത്ര കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാലും കുറ്റമല്ലെന്നും.
ഇതെല്ലാം രേഖകളിലുണ്ടായിട്ടാണ് ഇത്രയും കേസുകള്‍ പോയവര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇങ്ങനെ പറഞ്ഞത് ''ഒരു മരം മുറിക്കാന്‍ വാളുകൊടുത്തപ്പോള്‍ ഒരു കാടാകെ മുറിക്കുന്നതു പോലെയുള്ള ദുരുപയോഗം''.
നിയമം പുനപരിശോധിക്കാമെന്നും ദുരുപയോഗം തടയാന്‍ മാര്‍ഗരേഖയാകാമെന്നും കേന്ദ്രം പറഞ്ഞത് നിരാകരിച്ച് ചരിത്രപരമായ തീരുമാനത്തിലേക്കെത്താന്‍ കോടതിക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. കാരണം പുന: പരിശോധന കഴിയുംവരെ കേസെടുക്കുന്നത് നിര്‍ത്തിവെക്കാനാവില്ല എന്ന നിലപാടില്‍ ദുരുപയോഗത്തിന്റെന കാലാവധി നീളുന്നതാണ് നീതിപീഠം കണ്ടത്. സമയം നീട്ടിക്കൊണ്ടുപോകല്‍ ഒരു ഭരണകൂട തന്ത്രമാണ്. പക്ഷേ ആ സമയത്തിന് വില കൊടുക്കേണ്ടിവരുന്നവരുടെ ഒപ്പമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലയുറപ്പിച്ചത്, വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ദുരുപയോഗം തടയാന്‍.
1870-ലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബ്രിട്ടീഷുകാര്‍ ഭരണവിരുദ്ധ ശബ്ദങ്ങളെ നേരിടാന്‍ രാജ്യദ്രോഹവകുപ്പ് ഉള്‍പെടുത്തിയത്. ആ ബ്രിട്ടനില്‍ 2009-ല്‍ രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റിയിരുന്നു. 2010-ല്‍ ഓസ്‌ട്രേലിയയിലും. ഭരണഘടനാവിരുദ്ധമെന്ന ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നൈജീരീയ രാജ്യദ്രോഹവ്യവസ്ഥ ഒഴിവാക്കിയത്. അമേരിക്കയില്‍ വ്യവസ്ഥയിലുണ്ടെങ്കിലും പ്രയോഗിക്കപ്പെടാറില്ല. അവിടങ്ങളെ പോലെ ജനാധിപത്യത്തിനും പൗരാവകാശത്തിനും അനുകൂലമായ നിലപാടാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.
രാജ്യം പരമപ്രധാനമാണ്. എന്റെ നാടെന്ന വിചാരവും. ഭരിക്കുന്നവരല്ല രാജ്യം. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും കൂടിയുള്ളതാണ്. പൗരബോധത്തില്‍ തന്നത്താന്‍ എത്തേണ്ട ഒന്ന്. ഗാന്ധിജിയുടെ വാക്കുകള്‍ കടമെടുത്താല്‍ സര്‍ക്കാരിനോടുള്ള മമതയും സ്‌നേഹവും നിയമം വഴി ഉണ്ടാക്കാന്‍ കഴിയില്ല.
ഇനി പൗരാവകാശങ്ങള്‍ മാനിച്ചുള്ള പരിഷ്‌കരണങ്ങളിലേക്കും പൊളിച്ചെഴുത്തലുകളിലേക്കും നടക്കാനുള്ള പച്ചക്കൊടിയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നിയമനിര്‍മാണ സഭകള്‍ക്ക് മുന്നില്‍ സുപ്രീംകോടതി വീശിയിരിക്കുന്നത്.