ഓരോ ഇനങ്ങളും അറിഞ്ഞുവേണം ഓര്‍ക്കിഡുകളെ പരിപാലിക്കാന്‍

Published : Jan 08, 2020, 12:25 PM ISTUpdated : Jan 08, 2020, 01:12 PM IST
ഓരോ ഇനങ്ങളും അറിഞ്ഞുവേണം ഓര്‍ക്കിഡുകളെ പരിപാലിക്കാന്‍

Synopsis

ഓര്‍ക്കിഡുകള്‍ വന്‍തോതില്‍ വളര്‍ത്തുന്നവര്‍ക്ക് വരുമാനത്തിനായി വിദേശത്തേക്ക് കയറ്റി അയക്കാവുന്നതാണ്. ഇതിനായി വിളവെടുക്കുമ്പോള്‍ പൂങ്കുലയിലെ പകുതി പൂക്കളും വിരിയാന്‍ പാകമാകണം. പറിച്ചെടുത്ത ഓര്‍ക്കിഡ് 8 മുതല്‍ 13 വരെ ഡിഗ്രി സെല്‍ഷ്യസില്‍ ഏകദേശം 10 മുതല്‍ 14 ദിവസം വരെ സൂക്ഷിക്കാം.  

പൂന്തോട്ടങ്ങളില്‍ വര്‍ണവസന്തം വിരിയിക്കാന്‍ ഓര്‍ക്കിഡിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. അത്രമാത്രം വൈവിധ്യമുള്ള ഇനങ്ങള്‍ ഈ പുഷ്പത്തിനുണ്ട്. പല തരത്തിലാണ് ഓര്‍ക്കിഡുകള്‍ വളരുന്നത്. മണ്ണില്‍ വളരുന്നവയും അഴുകിയ ജൈവവസ്തുക്കളില്‍ വളരുന്നവയും തണുപ്പു കൂടുതലുള്ള പാറയില്‍ പറ്റിപ്പിടിച്ചു വളരുന്നവയുമെല്ലാം ഓര്‍ക്കിഡിന്റെ വ്യത്യസ്ത ഇനങ്ങളാണ്. ഓരോന്നിനും നല്‍കേണ്ട വളത്തിന്റെയും സൂര്യപ്രകാശത്തിന്റെയും അളവ് മനസിലാക്കി ഓര്‍ക്കിഡുകളെ പരിചരിച്ചാല്‍ നിറയെ പൂക്കളുണ്ടാകും.

ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമായി അവരോധിക്കപ്പെട്ടത് ഓര്‍ക്കിഡാണ്. കുത്തനെ വളര്‍ന്നു പോകുന്നവയാണ് മോണോപോഡിയല്‍സ്. ചിനപ്പുകള്‍ പൊട്ടി വശങ്ങളിലേക്ക് വളരുന്നവയാണ് സിമ്പോഡിയല്‍സ്.

ആസ്‌കോസെന്‍ട്രം

വെള്ള, പര്‍പ്പിള്‍, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളില്‍ ആസ്‌കോസെന്‍ട്രം കാണപ്പെടുന്നു. ചെടിയുടെ ഇലകളുടെ അടിയില്‍ നിന്നും വേരുകള്‍ പൊട്ടിമുളയ്ക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരിയ ഗന്ധമുള്ള പൂക്കളായിരിക്കും. വീടിന്റെ മുന്‍വശത്ത് ചെറിയ തൂക്കുകൊട്ടകളില്‍ വളര്‍ത്തിയാല്‍ ഏതാണ്ട് ഒരു മാസത്തോളം വാടാതെ നിലനില്‍ക്കുന്ന ഭംഗിയുള്ള പൂക്കള്‍ ലഭിക്കും.

വാന്‍ഡ

പിങ്ക്, വയലറ്റ്, ഓറഞ്ച് എന്നീ നിറങ്ങളില്‍ വാന്‍ഡ ലഭ്യമാണ്. പൂക്കള്‍ക്ക് നല്ല വലിപ്പമുണ്ടാകും. ഏതാണ്ട് ഒരു മാസത്തോളം പൂക്കള്‍ വാടാതെ നിലനില്‍ക്കും.

ഹിബിക്കി

ഇതിന്റെ ഇലകള്‍ മുഴുവനും പൊഴിഞ്ഞു പോയാലാണ് പൂവിടല്‍ നടക്കുന്നത്. പൂക്കള്‍ നല്ല വലിപ്പത്തിലുള്ളതായിരിക്കും. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നല്ല വളര്‍ച്ച കാണിക്കുന്നു. ഡെന്‍ഡ്രോബിയം എന്ന ഇനത്തിലെ ഏറ്റവും വലിപ്പമില്ലാത്ത ഇനമാണ് ഹിബിക്കി. കടുംപിങ്ക് നിറത്തിലുള്ള പൂക്കള്‍ ലഭിക്കും.

അരാക്കനിസ്

ഇതിന്റെ പൂക്കള്‍ക്ക് ചിലന്തിയുടേയോ തേളിന്റെയോ ആകൃതിയായിരിക്കും. വിദേശ രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.

ബ്രാസവോള

ഈ പൂക്കള്‍ രാത്രിയിലാണ് വിടരുക. സൂര്യപ്രകാശം ലഭിച്ചാല്‍ നന്നായി വളരും. തണലിലും വളരുന്ന ഇവയുടെ പൂവിന്റെ ഒരിതള്‍ വലുതായി കാണുന്നു.

നിരവധി കൗതുകമുള്ള ഇനങ്ങള്‍

നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപമുള്ള ഒണ്‍സീഡിയം, കുരങ്ങിന്റെ മുഖമുള്ള ഡ്രാക്കുള സിമിയ, വിശുദ്ധ കുരിശിനെ ഓര്‍മിപ്പിക്കുന്ന എപ്പിഡെന്‍ഡ്രം, പ്രാവിനോട് സാമ്യമുള്ള പെരിസ്റ്റോറിയ അലേറ, ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീയുടെ രൂപമുള്ള നണ്‍ ഓര്‍ക്കിഡ്, ശലഭങ്ങളാണോ എന്ന് തോന്നിപ്പിക്കുന്ന രൂപമുള്ള ഫലനോപ്‌സിസ് എന്നിവ കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നവയാണ്.

പാഫിയോ പെഡിലം ഡ്രൂറിയ

ഈ അടുത്ത കാലത്തായി കേരളത്തിലെ പാലോട് നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോഡെക്‌നോളജി വിഭാഗം പുനരുജ്ജീവിപ്പിച്ച ഓര്‍ക്കിഡ് ഇനമാണിത് .

പശ്ചിമഘട്ടത്തിലെ മലനിരകളില്‍ മാത്രമാണ് ഇത് കണ്ടുവരുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഈ ഓര്‍ക്കിഡ് നല്ല വെയിലും തണുപ്പുമുള്ള കാലാവസ്ഥയിലാണ് പൂക്കുന്നത്. നെയ്യാറിലും അഗസ്ത്യകൂടം മലനിരകളിലും ഈ ഓര്‍ക്കിഡ് കാണപ്പെടുന്നു.

ആനി ബ്‌ളാക്ക്

ഈ ഇനം ഓര്‍ക്കിഡ് മണ്ണില്‍ നേരിട്ട് നടാം. നേര്‍വരിയായി അടുത്തടുത്ത് നട്ടുവളര്‍ത്താം. മുകളിലോട്ട് വളരുന്നവയാണ് ഈ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍.

കാര്യമായി പരിചരിച്ചില്ലെങ്കിലും പൂക്കളുണ്ടാകും. ചാണകപ്പൊടി, പയറുപൊടി, ഇ.എം ലായനി എന്നിവ ചേര്‍ത്ത മിശ്രിതം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് വേരുകളില്‍ തളിച്ചു കൊടുക്കാം.

കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

ഓര്‍ക്കിഡ് നടാന്‍ മണ്ണ് ആവശ്യമില്ല. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുളള ചട്ടികളില്‍ നടണം. ഉണങ്ങിയ തൊണ്ടിന്‍ കഷണങ്ങളും ഓടിന്റെയും മരക്കരിയുടെയും കഷണങ്ങളും വേണമെങ്കില്‍ ഇഷ്ടികക്കഷണങ്ങളും തുല്യ അളവില്‍ യോജിപ്പിച്ച് ഓര്‍ക്കിഡ് നടാം. ഓര്‍ക്കിഡുകളുടെ ഇലയുടെ നിറം നോക്കിയാല്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം മനസിലാക്കാം. ഇലയ്ക്ക് കരിംപച്ച നിറമാണെങ്കില്‍ സൂര്യപ്രകാശം കുറവായിരിക്കും. സൂര്യപ്രകാശം കൂടുതല്‍ പതിച്ചാല്‍ ഇലകള്‍ക്ക് മഞ്ഞനിറമാകും. ഇളംപച്ച നിറത്തിലുള്ള ഇലകളാണ് ആരോഗ്യമുള്ള ചെടിക്ക് വേണ്ടത്.

വിദേശത്തേക്ക് കയറ്റി അയക്കാന്‍

ഓര്‍ക്കിഡുകള്‍ വന്‍തോതില്‍ വളര്‍ത്തുന്നവര്‍ക്ക് വരുമാനത്തിനായി വിദേശത്തേക്ക് കയറ്റി അയക്കാവുന്നതാണ്. ഇതിനായി വിളവെടുക്കുമ്പോള്‍ പൂങ്കുലയിലെ പകുതി പൂക്കളും വിരിയാന്‍ പാകമാകണം. പറിച്ചെടുത്ത ഓര്‍ക്കിഡ് 8 മുതല്‍ 13 വരെ ഡിഗ്രി സെല്‍ഷ്യസില്‍ ഏകദേശം 10 മുതല്‍ 14 ദിവസം വരെ സൂക്ഷിക്കാം.

 

കയറ്റി അയക്കാനായി പാക്ക് ചെയ്യുമ്പോള്‍ തണ്ടുകള്‍ ഈര്‍പ്പമുള്ള പഞ്ഞിയിലോ ടിഷ്യു പേപ്പറിലോ പൊതിയണം. ഓര്‍ക്കിഡുകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടനെ ഈ തണ്ടുകള്‍ ഒന്നുകൂടി ചെറുതായി മുറിക്കണം. എന്നിട്ട് നല്ല വെള്ളത്തില്‍ മുക്കിവെക്കണം.

ഈ വെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ക്കാം. സ്‌പ്രേയര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുക്കാം. സൂര്യപ്രകാശമേല്‍ക്കാതെയും ചൂട് ഏല്‍ക്കാതെയും ഫാനിന്റെ കാറ്റും എയര്‍കണ്ടീഷന്റെ  തണുപ്പും ഏല്‍ക്കാതെയും ശ്രദ്ധിക്കണം. പൂക്കള്‍ പറിച്ചെടുത്താല്‍ പാക്ക് ചെയ്യുന്നതിന് മുമ്പായി 15 മിനിറ്റ് തണുത്ത വെള്ളം കൊണ്ട് സ്‌പ്രേ ചെയ്യണം.


 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!