
വിമാനയാത്രയ്ക്കിടെ വെറും കാപ്പി മാത്രം ഓർഡർ ചെയ്യാൻ അനുവദിക്കാത്ത ഇൻഡിഗോ എയർലൈൻസിന്റെ നടപടി യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാകുന്നു. കാപ്പിയോടൊപ്പം നിർബന്ധമായും എന്തെങ്കിലും ലഘുഭക്ഷണം കൂടി വാങ്ങണമെന്ന നിബന്ധനയാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. സംഭവം ഇങ്ങനെ, റിതു ജൂൺ എന്ന യാത്രക്കാരിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ തന്റെ കയ്പേറിയ അനുഭവം പങ്കുവെച്ചത്. വിമാനയാത്രയിൽ ഉറക്കം ഒഴിവാക്കാൻ പതിവായി കാപ്പി ഓർഡർ ചെയ്യാറുള്ള താൻ, കഴിഞ്ഞ ദിവസം ഓർഡർ നൽകിയപ്പോൾ എയർഹോസ്റ്റസ് ലഘുഭക്ഷണം കൂടി എടുക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. 'കാപ്പി മാത്രം മതിയെന്ന് പറഞ്ഞിട്ടും, ലഘുഭക്ഷണം നിർബന്ധമാണെന്ന മറുപടിയാണ് ലഭിച്ചത്' റിതു പറയുന്നു.
വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇൻഡിഗോ വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ സേവനങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെന്നും, യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നതിന്റെ ഭാഗമായി പാനീയങ്ങൾ ഇപ്പോൾ ലഘുഭക്ഷണങ്ങൾക്കൊപ്പം മാത്രമാണ് നൽകുന്നതെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. എന്നാൽ, യാത്രക്കാരുടെ സൗകര്യാർത്ഥം 'കാപ്പി മാത്രം' നൽകുന്ന രീതി വീണ്ടും പരിഗണിക്കണമെന്ന് റിതു മറുപടി നൽകി.
ഇൻഡിഗോയുടെ ഈ നയത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ലാഭം കുറഞ്ഞ കാപ്പി മാത്രം വിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട്, കൂടുതൽ ലാഭം ലഭിക്കുന്ന സ്നാക്സുകൾ കൂടി ഉൾപ്പെടുത്തി 'കോംബോ' ആക്കി വിൽക്കാനുള്ള തന്ത്രമാണിതെന്നാണ് പലരും ആരോപിക്കുന്നത്. ഇതൊരു തരം നിർബന്ധിത വിൽപ്പനയാണെന്നും തിയേറ്ററുകളിൽ പോപ്‌കോൺ കോംബോ വിൽക്കുന്ന അതേ രീതിയാണിതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
Whenever I travel by flight, I usually order coffee to avoid feeling sleepy. But yesterday, something strange happened.
I ordered a coffee, and the air hostess asked, “Which munchies would you like with it?”
I said, “Just coffee is fine.”
But she replied, “You can’t order… pic.twitter.com/3onJa3JEPU— Ritu Joon (@ritujoon2j) May 28, 2026
അതേസമയം, കഴിഞ്ഞ രണ്ടു വർഷമായി ഇൻഡിഗോ ഇത്തരം കോംബോ രീതികൾ പിന്തുടരുന്നുണ്ടെന്നും, സ്ഥിരം യാത്രക്കാർക്ക് ഇതൊരു പുതിയ കാര്യമല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും, ലഘുഭക്ഷണം നിർബന്ധമാക്കിയ എയർലൈൻസിന്റെ നടപടി യാത്രക്കാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷവും പങ്കുവെക്കുന്നത്.