കോർപ്പറേറ്റ് ജോലി വിട്ട് സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? ഗുഡ്ഗാവിലെ കോഫി ഷോപ്പ് ചർച്ച പങ്കുവെക്കുന്ന യാഥാർത്ഥ്യം

Published : May 28, 2026, 02:09 PM IST
quitting corporate job

Synopsis

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ പ്രൊഫഷണലുകളുടെ ചിന്തകളെക്കുറിച്ചുള്ള ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. സ്വന്തമായി ബിസിനസ്സ് തുടങ്ങണമെന്ന ആഗ്രഹവും, അതേസമയം ആഡംബര ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന ഇഎംഐ പോലുള്ള സാമ്പത്തിക ബാധ്യതകളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതിലെ പ്രധാന വിഷയം. 

 

നിങ്ങളുടെ കോർപ്പറേറ്റ് ജോലി രാജിവെച്ച് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാത്രി വൈകി സുഹൃത്തുക്കളുമായി കാപ്പി കുടിച്ചിരിക്കുമ്പോൾ പല യുവ പ്രൊഫഷണലുകളുടെയും മനസ്സിലൂടെ കടന്നു പോകുന്ന ഒരു ചിന്തയാണിത്. എന്നാൽ, ഈ റിസ്ക് എടുക്കുകയെന്നത് എത്രത്തോളം എളുപ്പമാണ്? സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾക്ക് പിന്നിലെ യഥാർത്ഥ അവസ്ഥയും അതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന സാമ്പത്തിക ബാധ്യതകളും വ്യക്തമാക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'പറച്ചിലൊന്ന്, അനുഭവം മറ്റൊന്ന്'

നിശ്ചയ് സബർവാൾ എന്നയാളാണ് ഈ കുറിപ്പ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. ഗുഡ്ഗാവിലെ ഒരു കോഫി ഷോപ്പിൽ വെച്ച് തന്‍റെ പഴയ കോളേജ് സുഹൃത്തിനെ കണ്ടുമുട്ടിയ സംഭവം അദ്ദേഹം ഓർത്തെടുക്കുന്നു. കരിയറിനെക്കുറിച്ചും ജോലിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് സുഹൃത്ത് പല പ്രൊഫഷണലുകൾക്കും തോന്നിയിട്ടുള്ള ആ കാര്യം പറഞ്ഞത്: "ഞാൻ ഈ കോർപ്പറേറ്റ് ജീവിതത്തിന് പറ്റിയവനല്ല. എനിക്ക് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണം." ആദ്യമൊക്കെ ഈ വാക്കുകൾ വലിയ ലക്ഷ്യബോധമുള്ളതായും പ്രചോദനാത്മകമായും തോന്നി. എന്നാൽ, ഏതാനും മിനിറ്റുകൾക്കകം സംഭാഷണം മറ്റൊരു വഴിക്ക് തിരിഞ്ഞു. സുഹൃത്ത് തന്റെ പുതിയ ടോപ്പ് - മോഡൽ 'ഹുണ്ടായ് ക്രെറ്റ' കാർ വലിയ അഭിമാനത്തോടെ കാണിച്ച് കൊടുത്തു. അടുത്ത 7 വർഷത്തേക്ക് മാസം 35,000 രൂപ ഇഎംഐ (EMI) അടയ്ക്കേണ്ട കാറായിരുന്നു അത്. ആ നിമിഷം, റിസ്ക് എടുക്കുന്നതിനെക്കുറിച്ചും സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനെക്കുറിച്ചുമുള്ള തന്‍റെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്ന് സബർവാൾ പറയുന്നു.

റിസ്ക് എടുക്കണം

പലരും സംരംഭകത്വം എന്ന ആശയത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, അതിനോടൊപ്പമുള്ള അനിശ്ചിതത്വങ്ങളെ നേരിടാൻ സാമ്പത്തികമായി തയാറെടുക്കുന്നവർ വളരെ കുറവാണെന്ന് സബർവാൾ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഒരാളുടെ ജീവിതശൈലി പൂർണ്ണമായും സ്ഥിരതയുള്ള വരുമാനത്തെ ആശ്രയിച്ചായിരിക്കുമ്പോൾ, അവർക്ക് എങ്ങനെ ധൈര്യത്തോടെ ഇത്തരം റിസ്കുകൾ എടുക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. പലർക്കും സ്വാതന്ത്ര്യവും ഒരു സ്റ്റാർട്ടപ്പിന്‍റെ ഫൗണ്ടർ ആകണമെന്ന ആഗ്രഹവുമുണ്ട്, എന്നാൽ, അതേ സമയം ഒരു ആഡംബര ജീവിതത്തിന്‍റെ സുരക്ഷിതത്വവും അവർക്ക് വേണം. ഗുഡ്ഗാവിലെ കോഫി ഷോപ്പുകളിലെ ഓഫീസ് സമയത്തിന് ശേഷമുള്ള ചർച്ചകൾക്കപ്പുറം പല സ്റ്റാർട്ടപ്പ് ആശയങ്ങളും വളരാത്തതിന്‍റെ പ്രധാന കാരണം ഇതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾക്ക് ഒരേസമയം ഫൗണ്ടർ ആകുകയെന്ന സ്വപ്നവും ആഡംബര ജീവിതശൈലിയും ഒരുമിച്ച് വേണം, ഇത് സ്റ്റാർട്ടപ്പ് യാത്രയിലെ പ്രതിസന്ധികളെ ഉൾക്കൊള്ളുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു.

ഈ പോസ്റ്റ് നിരവധി ലിങ്ക്ഡ്ഇൻ ഉപയോക്താക്കളെ ആകർഷിക്കുകയും അവർ തങ്ങളുടെ അഭിപ്രായങ്ങൾ കമന്‍റുകളായി രേഖപ്പെടുത്തുകയും ചെയ്തു. "വളരെ ശരിയായ കാര്യം, ലളിത ജീവിതത്തിന് നമ്മൾ അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല, എന്നായിരുന്നു ഒരാളുടെ കമന്‍റ്. "സംരംഭകത്വത്തോടുള്ള ആകർഷണം പലപ്പോഴും സ്ഥിരതയുള്ള ജീവിത സൗകര്യങ്ങളുമായി ഒത്തുപോകില്ല എന്നത് സത്യമാണ്. ഇത് ബാലൻസ് ചെയ്ത് കൊണ്ടുപോകുക ബുദ്ധിമുട്ടാണ്," എന്ന് മറ്റൊരാളും കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

പെർഫോമൻസ് അപ്രൈസൽ മീറ്റിംഗിങ്ങിൽ നിന്നും ഇറങ്ങിയത് പുത്തൻ എസ്‌യുവിയുമായി; ജീവനക്കാരനെ ഞെട്ടിച്ച് കമ്പനി !
'നോ ആഡഡ് ഷുഗർ' വിവാദം: പാക്കേജിംഗിൽ മാറ്റം വരുത്താൻ 'ദി ഹോൾ ട്രൂത്ത്'