പുതിയ താരങ്ങള്‍, എലിസബത്ത് രാജ്ഞി പോയാലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ പെണ്‍തിളക്കം കുറയുന്നില്ല!

By P R VandanaFirst Published Sep 20, 2022, 5:50 PM IST
Highlights

കിരീടം ഏന്തുന്നത് ഇനി മുതല്‍ വനിതകള്‍ ആകില്ല. കിരീടാവകാശിയും രണ്ടാം കിരീടാവകാശിയും ആണ്‍മക്കള്‍ ആണ്. പക്ഷെ അപ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തിലെ പെണ്‍തിളക്കം കുറയുന്നു എന്ന് അര്‍ത്ഥമില്ല.

ബ്രിട്ടീഷുകാരുടെ മനം കവര്‍ന്ന ഡയാന രാജകുമാരിക്ക് ശേഷം വെയ്ല്‍സ് രാജകുമാരി എന്ന പട്ടം കിട്ടിയിരിക്കുകയാണ് കേറ്റ് എന്ന കാതറീന്‍ മിഡില്‍ടണിന്.  കോളേജ് പഠനകാലത്തെ വില്യം രാജകുമാരനുമായുള്ള കണ്ടുമുട്ടലും പ്രണയവും ഇടക്കുണ്ടായ പിണക്കവും പിന്നീട് ഇണങ്ങിയതും ഒടുവില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അബിയിലെ വിവാഹവും എല്ലാം ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. രാജവംശത്തിലോ പ്രഭുവംശത്തിലോ പെടാത്ത കേറ്റ്, രാജകുടുംബത്തിന്റെ വധു ആയത് സകല നാടുകളിലുമുള്ള രാജപ്രണയകഥകളുടെ പരിഛേദം ആയി വര്‍ണിക്കപ്പെട്ടു.

 

രാജപത്‌നി കമീല

 

ബക്കിങ്ഹാം പാലസിലും വിന്‍ഡ്‌സര്‍ കാസിലിലും ബാല്‍മോറലിലും എല്ലാം ഹെര്‍ മജസ്റ്റി എന്ന എഴുപത് വര്‍ഷം നീണ്ട ശീലം അവസാനിച്ചിരിക്കുന്നു. ഹിസ് മജസ്റ്റി എന്ന് വിശേഷിപ്പിക്കല്‍ ബ്രിട്ടന്റെ പുതിയ പതിവ് ആകുന്നു. കിരീടം ഏന്തുന്നത് ഇനി മുതല്‍ വനിതകള്‍ ആകില്ല. കിരീടാവകാശിയും രണ്ടാം കിരീടാവകാശിയും ആണ്‍മക്കള്‍ ആണ്. പക്ഷെ അപ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തിലെ പെണ്‍തിളക്കം കുറയുന്നു എന്ന് അര്‍ത്ഥമില്ല. എക്കാലത്തും ചാള്‍സിന് ബലവും പ്രണയവും പിന്തുണയും ആയിരുന്ന കമീല രാജപത്‌നിയായി കൂടെയുണ്ട്. അവര്‍ക്ക് പുറമെ രാജകുടുംബത്തിലുള്ള പെണ്‍കരുത്തുകളെ കുറിച്ചാണ് പറയുന്നത്. 

 

ആന്‍ രാജകുമാരി

 

ഏറ്റവും പ്രധാനം ആന്‍ രാജകുമാരി തന്നെ. കൂടപ്പിറപ്പുകളില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന് ഏറ്റവും അടുപ്പം സഹോദരിയോടാണ്. രാജകുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന ആളെന്ന പേര് തന്നെ എലിസബത്ത് റാണിയുടെ ഏകമകള്‍ക്കാണ്.  ഏതാണ്ട് നാനൂറില്‍ അധികം പൊതുപരിപാടികളില്‍ രാജകുടുംബത്തിന്റെ പ്രതിനിധി ആവാറുണ്ട് ആന്‍ രാജകുമാരി. പ്രശസ്തമായ 'സേവ് ദ ചില്‍ഡ്രന്‍' പദ്ധതി ഉള്‍പെടെ വിവിധ ചാരിറ്റികളും ആന്‍ രാജകുമാരി നടത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് രംഗത്തെ ആനിന്റെ സാന്നിധ്യം ബ്രിട്ടീഷുകാര്‍ക്ക് ആകെ തന്നെ പ്രചോദനവും സന്തോഷവും ആണ്. കാരണം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ രാജകുടുംബാംഗം ആണ് ആന്‍ രാജകുമാരി. മാര്‍ക്ക് ഫിലിപ്പ്‌സുമായുള്ള ആദ്യ ദാമ്പത്യം വിവാഹമോചനത്തില്‍ എത്തിയെങ്കിലും രണ്ടാമത് കൈ പിടിച്ച  വൈസ് അഡ്മിറല്‍ സര്‍ തിമോത്തി ലോറന്‍സ് മുപ്പതാണ്ട് ആയി ആനിനൊപ്പം ഉണ്ട്. മക്കള്‍ ഫിലിപ്പും സേറയും അഞ്ച് പേരക്കുട്ടികളും ആന്‍ രാജകുമാരിക്ക് പിന്തുണയും ബലവും ആകുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം നടന്ന എല്ലാ ചടങ്ങുകളിലും ആന്‍ സജീവമായി പങ്കെടുത്തിരുന്നു. 

 

കാതറീന്‍ രാജകുമാരി

 

ബ്രിട്ടീഷുകാരുടെ മനം കവര്‍ന്ന ഡയാന രാജകുമാരിക്ക് ശേഷം വെയ്ല്‍സ് രാജകുമാരി എന്ന പട്ടം കിട്ടിയിരിക്കുകയാണ് കേറ്റ് എന്ന കാതറീന്‍ മിഡില്‍ടണിന്.  കോളേജ് പഠനകാലത്തെ വില്യം രാജകുമാരനുമായുള്ള കണ്ടുമുട്ടലും പ്രണയവും ഇടക്കുണ്ടായ പിണക്കവും പിന്നീട് ഇണങ്ങിയതും ഒടുവില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അബിയിലെ വിവാഹവും എല്ലാം ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. രാജവംശത്തിലോ പ്രഭുവംശത്തിലോ പെടാത്ത കേറ്റ്, രാജകുടുംബത്തിന്റെ വധു ആയത് സകല നാടുകളിലുമുള്ള രാജപ്രണയകഥകളുടെ പരിഛേദം ആയി വര്‍ണിക്കപ്പെട്ടു. ചിട്ടകള്‍ പാലിച്ചും എന്നാല്‍ ജനങ്ങളോട് അകലം പാലിക്കാതെയും  കേറ്റും വില്യമും ജനങ്ങള്‍ക്ക് ഇടയില്‍ സ്വീകാര്യരായി. വലിയ കാണിച്ചുകൂട്ടലുകളോ ഉദ്‌ഘോഷങ്ങളോ കെട്ടുപാടുകളോ ഇല്ലാതെ മുന്നോട്ടു പോകുന്ന ദമ്പതിമാര്‍ രാജകീയ ജീവിതത്തിന്റെ മാറുന്ന, ആധുനിക മുഖമായിട്ടാണ് വാഴ്ത്തപ്പെടുന്നത്.  പദവികളും സ്ഥാനമാനങ്ങളും അല്ല, വില്യം എന്ന തന്റെ പേരക്കുട്ടി തന്നെയാണ് കേറ്റിന് പ്രധാനം എന്ന തിരിച്ചറിവ് എലിസബത്ത് റാണിക്ക് ഏറെ സന്തോഷമായെന്നും ഭാവിയില്‍ രാജ്യറാണിയാകാനുള്ള പരിശീലനം റാണി നേരിട്ട് തന്നെ കേറ്റിന് നല്‍കിയിരുന്നെന്നും വൈകുന്നേരത്തെ ചായകുടിക്ക് റാണിക്ക് ഇഷ്ടമുള്ള കൂട്ട് കേറ്റ് ആണെന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ രാജാനുകൂലികള്‍ക്ക് ഇടയിലും കേറ്റിന്റെ മാര്‍ക്ക് കൂട്ടി.  ഡയാനയുമായുള്ള താരതമ്യപ്പെടുത്തലുകളും മേഗന്റേയും ഹാരിയുടേയും ഓപ്ര വിന്‍ഫ്രി അഭിമുഖ പരാമര്‍ശങ്ങളും തുടങ്ങിയ വിഷയങ്ങളിലൊന്നിലും പരസ്യപ്രതികരണത്തിന് കേറ്റ് നിന്നില്ല. കുട്ടികളും പാര്‍ക്കുകളും തുടങ്ങിയ പ്രിയവിഷയങ്ങളിലെ വിവിധ പദ്ധതികളും പരിപാടികളും കേറ്റ് നടത്തുന്നുണ്ട്. ഒപ്പം കിരീടാവകാശികളായ മക്കളെ പരമാവധി സ്വതന്ത്രമായി വളര്‍ത്താനും കേറ്റ് ശ്രമിക്കുന്നു. മക്കളുടെ പരിപാലനത്തിനാണ് വില്യമും കേറ്റും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നത്.

 

സോഫി. രാജകുമാരി

 

മരുമകളായി വന്ന് മകളെ പോലെ റാണിക്ക് പ്രിയങ്കരിയായ ആളാണ് ഇളയ പുത്രവധു സോഫി. വെസെക്‌സ് കൗണ്ടെസ് എന്ന സ്ഥാനപ്പേരുള്ള സോഫി റൈസ് ജോണ്‍സ്. പിആര്‍ പ്രവര്‍ത്തനമേഖലയില്‍ നിന്ന് എത്തി എഡ്വേര്‍ഡ് രാജകുമാരന്റെ ഭാര്യയായ സോഫിയാണ് സോഷ്യല്‍ മീഡിയ ലോകം റാണിക്ക് പരിചിതമാക്കിയത്. അതേസമയം തനിക്ക് കൂട്ടുപോകാനായി അത്യാവശ്യം കുതിര സവാരി സോഫിക്ക് ശീലമാക്കിയത് റാണിയും . കൊവിഡ് കാലത്തും പിന്നീട് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിന് ശേഷം ലണ്ടന്‍ വിട്ടു താമസിച്ച എലിസബത്ത് റാണിക്ക് കൂടുതലും കൂട്ടായിരുന്നത് സോഫി ആയിരുന്നു. റാണിയുടെ നിര്‍ദേശപ്രകാരം രാജകീയ ചുമതലകള്‍ കൂടുതലായി ഏറ്റെടുത്ത് ചെയ്തു വരികയായിരുന്നു സോഫി. മൂന്ന് മക്കളുടെയും വിവാഹത്തില്‍ പൊരുത്തക്കേടുകളും വിവാഹമോചനവും എല്ലാം കണ്ട എലിസബത്ത്  രാജ്ഞിക്ക് എഡ്വേര്‍ഡും സോഫിയും ഒത്തു പോകുന്നത് വലിയ സന്തോഷവും ആശ്വാസവും ആയിരുന്നു. സ്വന്തം അമ്മയുടെ മരണത്തിന് ശേഷം ഭര്‍തൃമാതാവുമായി കൂടുതല്‍ അടുത്ത സോഫി രാജ്ഞിയുടെ നിര്യാണത്തില്‍ അങ്ങേയറ്റം ദു:ഖിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ചടങ്ങുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. രാജകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ ചാലകമായി നില്‍ക്കുന്ന വ്യക്തിയും സോഫിയാണ്. കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും ആണ് സോഫിയെ കാത്തിരിക്കുന്നത്.

രാജകുടുംബത്തില്‍ നിര്‍ണായക ചുമതലകള്‍ ഏറ്റെടുത്ത് ചെയ്യുന്ന സജീവ അംഗങ്ങളായ (full time working) വനിതകളെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. രാജകീയ പദവികള്‍ ഒഴിഞ്ഞ മേഗനെ ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല

 


ഷാര്‍ലെറ്റ് രാജകുമാരി.

 

വാല്‍ക്കഷ്ണം:   
ചുമതലകള്‍ ഇപ്പോള്‍ ഇല്ലെങ്കിലും രാജകുടുംബത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പെണ്‍സാന്നിധ്യം പറയാതെ പറ്റില്ല. മറ്റാരും അല്ല. ഏഴു വയസ്സുകാരി ഷാര്‍ലെറ്റ് രാജകുമാരി. വെയ്ല്‍സ് രാജകുമാരനായ വില്യം, മകന്‍ ജോര്‍ജ് . അച്ഛനും സഹോദരനും ശേഷം അടുത്ത കിരീടാവകാശിയാണ് ഷാര്‍ലെറ്റ്. ഇപ്പോള്‍ തന്നെ നേതൃഗുണവും പെരുമാറ്റമര്യാദയും ആവോളമുണ്ടെന്ന് രാജകുടുംബത്തിന്റെ ആരാധകര്‍ പറയുന്ന രാജകുമാരി. ഡയാന രാജകുമാരിയുടെ ഛായ ആണോ, അതോ എലിസബത്ത് റാണിയുടെ പോലെയാണോ ഷാര്‍ലെറ്റ് എന്ന തര്‍ക്കം തുടരുന്നുണ്ട്. എന്തായാലും ഡയാനയെ പോലെ ജനപ്രിയയാണ് പേരക്കുട്ടി. മുത്തശ്ശിയെ പോലെ കുതിര സവാരിയില്‍ കമ്പമുണ്ട്. ചാള്‍സിന് ആന്‍ എന്ന പോലെ ജോര്‍ജിന് നല്ല തുണയാകും ഷാര്‍ലെറ്റ് എന്നാണ് രാജകൊട്ടാരത്തിലെ അടക്കം പറച്ചില്‍


 

click me!