മ്യാന്മറിലെ അടിമ കേന്ദ്രങ്ങൾ, ഉള്ളിലുള്ളത് 11 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ മനുഷ്യർ

Published : Sep 13, 2025, 05:28 PM IST
Slave centers in Myanmar

Synopsis

മ്യാന്‍മാർ - തായ്‍ലൻഡ് അതിർത്തിയിലെ ഷ്വേ കൊക്കോ എന്ന കുറ്റകൃത്യ നഗരത്തിന്‍റെ ഉദയവും തകർച്ചയും. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള ഈ നഗരം, തട്ടിപ്പുകളുടെയും മനുഷ്യക്കടത്തിന്‍റെയും കേന്ദ്രമാണ്.

 

മ്യാന്‍മാര്‍ - തായ്‍ലൻഡ് അതിർത്തികളില്‍ വളരുന്ന സംഘടിത കുറ്റകൃത്യ വ്യവസായം. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ആളുകൾ ഇവിടെ അനധികൃത തടങ്കലിലാണെന്ന് വിവിധ മനുഷ്യവകാശ സംഘടനകൾ അവകാശപ്പെടുന്നു. അപ്പോഴും ഒരു രാജ്യത്തിനും അധികാരമില്ലാതെ വളരുന്ന കുറ്റകൃത്യ സംഘം. ഈ കുറ്റകൃത്യ സംഘത്തെ നിയമന്ത്രിക്കുന്നത് ചൈനീസ് പൗരന്മാരാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അടുത്തിടെ 22 -കാരനായ ചൈനീസ് നടൻ വാങ് സിംഗിനെ കബളിപ്പിച്ച് ഈ കുറ്റകൃത്യ സംഘത്തിലെത്തിച്ചതോടെ വീണ്ടും ഇത് വാര്‍ത്താ പ്രാധാന്യം നേടി. പിന്നാലെ സമാനമായ നിരവധി കഥകളാണ് പുറത്ത് വന്നത്. അതിലൊന്ന് 16-കാരിയായ കാമുകി തന്‍റെ 19-കാരനായ കാമുകനെ ഈ കുറ്റകൃത്യ സംഘത്തിന് പണത്തിന് വേണ്ടി വിറ്റുവെന്നതായിരുന്നു.

ഗോൾഡൻ റെയിൻട്രീ

തായ്‍ലന്‍ഡ് മ്യാന്മാര്‍ അതിര്‍ത്തിയിലാണ് ഈ കുറ്റകൃത്യ സംഘം തങ്ങളുടെ താവളം ഉയർത്തിയിരിക്കുന്നത്. എട്ട് വർഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2017-ന്‍റെ അവസാനത്തോടെ തായ്‍ലന്‍ഡ് അതിര്‍ത്തിയിലെ മ്യാന്മാറിന്‍റ ഭാഗമായ കാരെന്‍ പ്രവിശ്യയിലെ മോയി നദീതീരത്തെ ഒരു വയല്‍ പ്രദേശം മാത്രമായിരുന്നു ഇത്. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലൊന്നായി ഇവിടം മാറിയതിന് പിന്നിൽ മ്യാന്മാറില്‍ ദീർഘകാലമായി നിൽക്കുന്ന ആഭ്യന്തരയുദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ഏതാണ്ട് 500 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ബഹുനില കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. എല്ലാം പ്രാദേശിക മിലീഷ്യകളുടെ സംരക്ഷണയിലും. നടത്തിപ്പുകാരാകട്ടെ ചൈനക്കാരും. ഇതിന് വഴി തെളിച്ചത് മ്യാന്മാറിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതും.

 

 

ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന മോയി നദീ തീരത്ത് ഒരു നഗരം ഉയ‍ർന്നു. 'ഷ്വേ കൊക്കോ' (Shwe Kokko) അഥവാ 'ഗോൾഡൻ റെയിൻട്രീ' (Golden Raintree) എന്നായിരുന്നു ആ നഗരത്തിന്‍റെ പേര്. പേര് ഗോൾഡന്‍ റെയിന്‍ട്രീ എന്നാണെങ്കിലും നഗരം ഉയർന്നത് തട്ടിപ്പുകളിലും കള്ളപ്പണത്തിലുമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, ഓണ്‍ലൈന്‍ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയിലൂടെ നേടുന്ന ലാഭമാണ് നഗരത്തെ ഇന്ന് നിലനിര്‍ത്തുന്നത്. നഗരം സൃഷ്ടിച്ചതാകട്ടെ ഷീ ഷിജിയാങ് എന്ന ചൈനക്കാരനും. എന്നാല്‍, ചൈനയുടെ അവശ്യപ്രകാരം ഇന്‍റര്‍പോൾ അറസ്റ്റ് ചെയ്ത ഷീ ഇന്ന് ചൈനയിലേക്കുള്ള നാടുകടത്തൽ കാത്ത് ബാങ്കോക്കിലെ ജയിലിൽ കഴിയുന്നു.

ഷീ ഷിജിയാങ്

ചൈനയില്‍ ചൂതാട്ടങ്ങളും തട്ടിപ്പുകളിലുമായി ജീവിതം പടുത്തുയർത്തിയ ഷീ ഷിജിയാങ്, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ ഇടപെടലില്ലാതെ സുരക്ഷിതമായ ഒരു നഗരം നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചു. ആഭ്യന്തരയുദ്ധത്തില്‍ തക‍ർന്ന മ്യാന്‍മാറിന്‍റെ അതിര്‍ത്തി പ്രദേശങ്ങളാണ് ഷീ ഇതിനായി തെരഞ്ഞെടുത്തത്. അതിനായി തന്‍റെ കമ്പനി, യതായിയെ അദ്ദേഹം നിയോഗിച്ചു. പിന്നാലെ അവിടെ ഒരു റിസോർട്ട് നഗരം ഉയർന്നു. ചൈനീസ് വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ അവധിക്കാല കേന്ദ്രം, അതിസമ്പന്നർക്ക് ഒരു സ്വർഗ്ഗം. എന്നാല്‍, അധികം കഴിയും മുമ്പ് ചൈനീസ് സര്‍ക്കാര്‍ ഷീ ഷിജിയാങിനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയും വൈകാതെ ഷീ ബാങ്കോങ് ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു.

 

 

1982-ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു ദരിദ്ര ഗ്രാമത്തിലാണ് ഷീ ഷിജിയാങിന്‍റെ ജനനം. 14-ാം വയസ്സിൽ സ്കൂൾ വിട്ട് കമ്പ്യൂട്ടർ കോഡിംഗ് പഠിച്ചു. ഇരുപതുകളുടെ തുടക്കത്തിൽ ഫിലിപ്പീൻസിലേക്ക് താമസം മാറി. ഒപ്പം ചൈനയിൽ നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങളില്‍ ശ്രദ്ധ ചെലുത്തി. ഇവിടെ നിന്നും ധാരാളം പണം സമ്പാദിക്കാന്‍ ഷീ ഷിജിയാങിന് കഴിഞ്ഞു. എന്നാല്‍ 2014-ൽ ഒരു നിയമവിരുദ്ധ ലോട്ടറി നടത്തിയതിന് ചൈനീസ് കോടതി ഷീയെ ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കും മുമ്പ് ഷീ വിദേശത്തേക്ക് കടന്നു. പിന്നാലെ കംബോഡിയയിലെ ചൂതാട്ട ബിസിനസുകളിൽ ഷീ നിക്ഷേപം നടത്തി. അങ്ങനെ കംബോഡിയൻ പൗരത്വവും നേടി.

2016-ൽ, കരേൻ യുദ്ധപ്രഭുവായ സോ ചിറ്റ് തുവുമായി ചേർന്ന് ഷീ തന്‍റെ സ്വപ്ന നഗരത്തിന് അസ്ഥിവാരമിട്ടു. ഷീ ഷിജിയാങ്, ചൈനീസ് നിർമ്മാണ യന്ത്രങ്ങൾ, സാമഗ്രികൾ, പണം എന്നിവ യതായി എന്ന കമ്പനി വഴി സോ ചിറ്റ് തുവിന് നല്‍കും. പകരം യതായിക്ക് സോ ചിറ്റ് തു തന്‍റെ 8,000 സായുധ പോരാളികളുടെ കനത്ത സുരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രദേശത്ത് 15 ബില്യൺ ഡോളർ നിക്ഷേപമാണ് ഇങ്ങനെ നടന്നത്. ഹോട്ടലുകൾ, കാസിനോകൾ, സൈബർ പാർക്കുകൾ, കൂറ്റന്‍ കെട്ടിടങ്ങൾ എന്നിവ ഉയരാന്‍ പിന്നെ താമസിച്ചില്ല.

ചൈനയുടെ ഇടപെടൽ

ഷീ ഷിജിയാങിന്‍റെ അത്ഭുത വളര്‍ച്ച പക്ഷേ മാതൃരാജ്യമായ ചൈനയ്ക്ക് ദഹിച്ചില്ല. 2020 -ല്‍ കമ്മ്യൂണിസ്റ്റ് ചൈന ഷീയുമായി തെറ്റി. പിന്നാലെ മ്യാൻമർ സർക്കാർ യതായിക്കെതിരെ അന്വേഷണം ആരംഭിച്ചു. അനുവദിച്ചതിനെക്കാളെറെ കെട്ടിടങ്ങൾ അതിനകം അവിട ഉയ‍ർന്നിരുന്നു. അനുമതിയില്ലാതെ കാസിനോകളും പ്രവര്‍ത്തിച്ചിരുന്നു. 2022 ഓഗസ്റ്റിൽ, ചൈനയുടെ ആവശ്യപ്രകാരം ഇന്‍റർപോൾ ഷീ ഷിജിയാങ്ങിനെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി. മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപണം ഉയർന്ന ഷീയുടെ ബിസിനസ് പങ്കാളിയായ സോ ചിറ്റ് തുവിന് ബ്രിട്ടീഷ് സർക്കാർ ഉപരോധം ഏർപ്പെടുത്തി.

 

 

എന്നാല്‍. എല്ലാം ചൈനീസ് സര്‍ക്കാറിന്‍റെ ചതി എന്നാണ് ഷീയുടെ നിലപാട്. ചൈനീസ് സ്റ്റേറ്റ് സുരക്ഷാ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് താൻ, യാതായ് എന്ന കമ്പനി സ്ഥാപിച്ചതെന്ന് അദ്ദേഹം പറയുന്നു, ഷ്വേ കൊക്കോ അന്ന് ബിആർഐയുടെ ഭാഗമായിരുന്നെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. എന്നാല്‍ തന്‍റെ കമ്പനിയുടെ നിയന്ത്രണം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതിനാല്‍ ചൈന തനിക്കെതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം മറ്റൊരു ഗുരുതര ആരോപണവും ഷീ ഉന്നയിച്ചു. തായ് - മ്യാന്‍മാര്‍ അതിര്‍ത്തിയിൽ ഒരു സ്വയം നിയന്ത്രിത കോളനി സ്ഥാപിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് പദ്ധതിയുണ്ടായിരുന്നു എന്നായിരുന്നു അത്. ഷീയുടെ ആരോപണങ്ങൾക്ക് പക്ഷേ, ചൈന ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. ബാങ്കോങ് ജയില്‍ കിടക്കുന്ന ഷീയ്ക്ക് വേണ്ടി ഷ്വേ കൊക്കോയെ ഇന്ന് നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അനുയായിയും 31-കാരനുമായ ഹി യിങ്‌സിയോങ്.

കുറ്റകൃത്യങ്ങൾ

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ, ചൂതാട്ടങ്ങൾ, കാസിനോകൾ എന്നിവയ്ക്കെല്ലാം പുറമെ ഓണ്‍ലൈന്‍ തട്ടിപ്പുകൾക്കായി മനുഷ്യക്കടത്തുമാണ് അവിടെ പ്രധാനമായും നടക്കുന്നത്. യതായി ഇതിനായി ഹോങ്കോങ്, മ്യാൻമർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ അവയെല്ലാം വെറും ഷെൽ കമ്പനികൾ മാത്രമാണ്. ലാഭത്തില്‍ ഒരു വിഹിതം മ്യാന്മാറിലെ യുദ്ധ പ്രഭുവായ സോ ചിറ്റ് തുവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുന്നു.

ഷ്വേ കൊക്കോയിൽ അഴിമതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ആഭ്യന്തര യുദ്ധമാണ് യതായിക്ക് ഇത്ര വിലകുറഞ്ഞ രീതിയിൽ ഭൂമി സ്വന്തമാക്കാൻ സഹായിച്ചത്. കുറഞ്ഞ നഷ്ടപരിഹാരം നൽകി സോ ചിത് തു പ്രദേശവാസികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കിയതായി പ്രദേശിക മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

 

 

കരേൻ പ്രവിശ്യയിലെ നിയമരാഹിത്യം നിയമവിരുദ്ധ ബിസിനസുകരെ അവിടെയ്ക്ക് ആകർഷകമാകുന്നു. മ്യാൻമർ, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ അഴിമതി കേന്ദ്രങ്ങളും അന്തർദേശീയ കുറ്റകൃത്യ സിൻഡിക്കേറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. മനുഷ്യരെ അടിമ തൊഴിലാളാക്കി മാറ്റിക്കൊണ്ട് സങ്കീർണ്ണമായ ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്. 2021-ൽ മ്യാൻമർ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം തായ്-മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്ന അത്തരം കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡാറ്റ കാണിക്കുന്നത് തായ് അതിർത്തിയിലെ മ്യാൻമർ അഴിമതി കേന്ദ്രങ്ങളുടെ എണ്ണം 11 ൽ നിന്ന് 27 ആയി വർദ്ധിച്ചുവെന്നാണ് ഒപ്പം അവയുടെ സ്ഥല വിസ്തൃതി വര്‍ദ്ധിച്ചെന്നും. എന്നാല്‍ ചൈന തങ്ങളുടെ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ഈ കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് എന്നിവയുടെ വിതരണം തായ്‍ലന്‍ഡ് അവസാനിപ്പിച്ചു. ഇതോടെ ഡീസൽ ജനറേറ്ററുകളിൽ നിന്ന് വൈദ്യുതിയും എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹ സംവിധാനത്തിലൂടെ ഇന്‍റര്‍നെറ്റും ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രണ്ടും പക്ഷേ, വളരെ ചിലവേറിയതാണ്.

 

 

ഇവിടേയ്ക്ക് മനുഷ്യക്കടത്തിലൂടെ എത്തപ്പെടുന്നവരെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിലെ സമ്പന്നരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പ്രധാന ആരോപണം. മനുഷ്യക്കടത്ത് കേന്ദ്രങ്ങൾക്കുള്ളിലെ തൊഴിലാളികളോട് ക്രൂരമായ പെരുമാറ്റമാണ് നടക്കുന്നത്. 20 മണിക്കൂര്‍ വെറെ ജോലി. പരിമിതമായ ഭക്ഷണം തെറ്റുകൾ പിടിക്കപ്പെട്ടാൽ അതിക്രൂരമായ അക്രമം, പീഡനം, ശിക്ഷകൾ അങ്ങനെ നീളുന്നെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ചൈനയും തായ്‍ലന്‍ഡും മുന്‍കൈയെടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മ്യാൻമർ സൈന്യവും പങ്കു ചേര്‍ന്നപ്പോൾ ഈ വര്‍ഷം മാത്രം ഇവിടെ നിന്നും 7,000 പേരെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം ഏതാണ്ട് 11 രാജ്യങ്ങളില്‍ നിന്നായി ഇനിയും ഒരു ലക്ഷത്തിന് മേലെ മനുഷ്യരെ ഇവിടെ അടിമകളാക്കി വച്ചിരിക്കുകായണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. തങ്ങൾക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും തടവിലാക്കപ്പെട്ടവരുടെ മാതൃരാജ്യങ്ങളുടെ സഹായത്തോടെ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നും മ്യാന്മാർ നിലപാടെടുക്കുമ്പോൾ ഗോൾഡൻ റെയിൻട്രീയിലെ കൂറ്റന്‍ കെട്ടിടങ്ങൾക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.

 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ