ചൈനയിലെ ഫുഡ് ഡെലിവറി റൈഡര്‍ അഞ്ച് വർഷത്തെ കഠിനാധ്വാനം കൊണ്ട് 1.4 കോടി രൂപ സമ്പാദിച്ചതാണ് ഇപ്പോള്‍ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 25-കാരനായ ഷാങ് സൂക്വിയാങ് എന്ന യുവാവാണ് മിതമായ ജീവിതശൈലിയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇത്രയും സമ്പാദിച്ചത്.
ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. എങ്ങനെയാണ് താൻ ഡെലിവറി ജോലി ചെയ്ത് 1.4 കോടി രൂപ അതായത് 12 മില്ല്യൺ യുവാൻ സമ്പാദിച്ചത് എന്നതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. അഞ്ച് വർഷത്തെ കഠിനാധ്വാനവും മിതമായ ജീവിതശൈലിയുമാണ് യുവാവിനെ ഇത്രയും രൂപ സമ്പാദിക്കാൻ സഹായിച്ചതത്രെ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 25 -കാരനായ ഷാങ് സൂക്വിയാങ്, തന്റെ ജന്മനാട്ടിൽ തുടങ്ങിയ ബിസിനസിലുണ്ടായ തിരിച്ചടികളെ തുടർന്നാണ് 2020 -ൽ ഫുഡ‍് ഡെലിവറി പ്ലാറ്റ്‍ഫോമിൽ ജോലി ചെയ്യുന്നതിനായി ഷാങ്ഹായിലേക്ക് താമസം മാറിയത്.
ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌ഷൗ നഗരത്തിൽ മുമ്പ് ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. ആ സംരംഭം പൂട്ടിപ്പോയി, 50,000 യുവാൻ (7,000 യുഎസ് ഡോളർ) കടവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പുതിയൊരു തുടക്കം തേടിയാണ് അദ്ദേഹം ഷാങ്ഹായിലേക്ക് താമസം മാറി ഫുഡ് ഡെലിവറി ജോലി ചെയ്ത് തുടങ്ങിയത്. നവംബർ അവസാനമാണ്, ഷാങ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഷെയർ ചെയ്യുന്നത്, അഞ്ച് വർഷത്തിനിടെ താൻ ആകെ 1.4 മില്ല്യൺ യുവാൻ സമ്പാദിച്ചതായി അതിൽ ഷാങ് വെളിപ്പെടുത്തി. കടങ്ങളും അത്യാവശ്യം ജീവിതച്ചെലവുകളും എല്ലാം കഴിഞ്ഞ ശേഷമാണ് ഈ പണമുണ്ടാക്കാൻ തനിക്കായത് എന്നും ഷാങ് പറയുന്നു.
ആഴ്ചയിൽ ഏഴ് ദിവസവും, 13 മണിക്കൂറുകൾ വച്ച് ഷാങ് ജോലി ചെയ്യും. ചൈനീസ് സ്പ്രിങ് ഫെസ്റ്റിവലിനാണ് കുറച്ച് ദിവസം ഓഫ് എടുക്കുന്നത്. രാവിലെ 10.40 മുതൽ രാത്രി ഒരു മണി വരെയാണ് ഷാങ് ജോലി ചെയ്യുക. ദിവസം 8 മണിക്കൂർ ഉറക്കവും ഉറപ്പാക്കും. വർഷങ്ങളായി, അദ്ദേഹം ഒരു മാസം ശരാശരി 300 -ലധികം ഓർഡറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ ഡെലിവറിക്കും ഏകദേശം 25 മിനിറ്റാണ് എടുക്കുന്നത്, 324,000 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചത്. ഷാങ് അധികം സംസാരിക്കില്ലെന്നും എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് എന്നും കൂടെയുള്ളവരും പറയുന്നു.
